SignIn
Kerala Kaumudi Online
Saturday, 13 June 2026 3.14 AM IST

ജില്ലാ സെക്രട്ടറിക്കെതിരേ സൈബർ കലാപം, ആത്മപരിശോധനയ്ക്ക് പകരം പോര്

ragesh
കെ.കെ. രാഗേഷ്

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു പിന്നാലെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന വിമർശനം കനക്കുന്നു. പാർട്ടിക്കകത്തു നിന്നു തന്നെയാണ് രൂക്ഷമായ പ്രതികരണങ്ങൾ എന്നതും ശ്രദ്ധേയം. പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്താനുള്ള ആത്മപരിശോധനയ്ക്കു പകരം, അതാര് ഏറ്റെടുക്കണം എന്നതിലെ തർക്കമായി ചർച്ച മാറുന്നതാണ് കണ്ണൂർ സി.പി.എമ്മിൽ കാണുന്നത്.

അന്തരിച്ച പാനൂർ മേഖലയിലെ മുതിർന്ന നേതാവ് എ.വി. ബാലന് ആദരാഞ്ജലി അർപ്പിച്ച് രാഗേഷ് പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെയാണ് വിമർശനം ഏറെയും. ബാലനെക്കുറിച്ച് ഒരക്ഷരം പോലും എഴുതാതെ സ്വന്തം ചിത്രം മാത്രം പങ്കുവച്ചതിലാണ് അണികളുടെ പ്രതിഷേധം. 'ബാലേട്ടനെ അറിയാത്തയാൾ സെക്രട്ടറി സ്ഥാനത്തിരിക്കാൻ യോഗ്യനല്ല' എന്നു തുടങ്ങി, സ്ഥാനം ഒഴിയണമെന്ന ആവശ്യം വരെ കമന്റ് ബോക്സുകളിൽ നിറഞ്ഞു. അതിരൂക്ഷമാണ് പ്രതികരണങ്ങൾ. രാഗേഷിനെ പിന്തുണച്ച എ.എൻ. ഷംസീർ, കാരായി രാജൻ തുടങ്ങിയവരുടെ പോസ്റ്റുകളിലും വിമർശനം ഏറെയാണ്.
അതേസമയം, തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാർത്ഥി നിർണയത്തിൽ ജില്ലാ കമ്മിറ്റിക്ക് വീഴ്ച സംഭവിച്ചെന്ന സംസ്ഥാന സമിതിയുടെ അവലോകന റിപ്പോർട്ടും ചർച്ചയായി. തളിപ്പറമ്പിൽ ജില്ലാ കമ്മിറ്റിയോ സെക്രട്ടറിയേറ്റോ അംഗീകരിക്കാത്ത പി.കെ. ശ്യാമളയുടെ പേര് എങ്ങനെ സംസ്ഥാന നേതൃത്വത്തിലെത്തി എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.

ഈ വിഷയത്തിൽ 'ജില്ലയിൽ നിന്നുള്ള നിർദേശം അംഗീകരിക്കുകയായിരുന്നു' എന്നും, തളിപ്പറമ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ വ്യക്തിപരമായ ഇടപെടൽ ഉണ്ടായില്ലെന്നുമാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വിശദീകരണം. എന്നാൽ താൻ ഒഴിയുന്ന സീറ്റിലേക്ക് ഭാര്യയെ പരിഗണിച്ചതിലെ അനൗചിത്യം ജില്ലാ, മണ്ഡലം കമ്മിറ്റികളിൽ ചോദ്യം ചെയ്യപ്പെട്ടിട്ടും, 'തെറ്റുപറ്റിയത് ജില്ലാ കമ്മിറ്റിക്കാണ്' എന്ന് എങ്ങനെ പറയാനാകുമെന്ന് പാർട്ടിവിട്ട മുൻ എം.എൽ.എമാരായ ടി.കെ ഗോവിന്ദനും വി. കുഞ്ഞിക്കൃഷ്ണനും ചോദിക്കുന്നു. ജില്ലാ കമ്മിറ്റിയുടെ തലയിൽ കുറ്റം ചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നുവെന്നാണ് വിമർശനം. പയ്യന്നൂരിൽ ഫണ്ട് വിവാദത്തിൽ ആരോപണവിധേയനായ ടി.ഐ മധുസൂദനനെ സ്ഥാനാർത്ഥിയാക്കിയതും തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. പരാജയത്തിന്റെ ഉത്തരവാദിത്തം ജില്ലാ സെക്രട്ടറിയുടെ തലയിലാവാതിരിക്കാൻ ചില നേതാക്കൾ മുൻകൂട്ടി പ്രചാരണം ആരംഭിച്ചിട്ടുണ്ടെന്ന ആരോപണവും ശക്തമാണ്.

പ്രതിരോധിച്ച് നേതാക്കൾ
വിമർശനം പരിധിവിട്ടതോടെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും മട്ടന്നൂർ എം.എൽ.എയുമായ വി.കെ സനോജ് രംഗത്തെത്തി. 'കണ്ണൂരിലെ പാർട്ടിയെ ദുർബലപ്പെടുത്താൻ ജില്ലാ സെക്രട്ടറിയെ ലക്ഷ്യമിടുന്ന പ്രചാരണമാണ് നടക്കുന്നത്. വിജയം കൂട്ടായ്മയുടെ ഫലമെങ്കിൽ പരാജയവും വ്യക്തികളിലേക്ക് ചുരുക്കരുത്. വിമർശനങ്ങളും വിലയിരുത്തലുകളും ഉണ്ടാകട്ടെ, ലക്ഷ്യം തിരുത്തലും മുന്നേറ്റവുമാകണം, ബലിയാടുകളെ സൃഷ്ടിക്കലാകരുത്' എന്നായിരുന്നു സനോജിന്റെ പ്രതികരണം. തില്ലങ്കേരി സഖാക്കൾ ഉൾപ്പെടെയുള്ള അനുകൂല പേജുകളും രാഗേഷിനു പിന്തുണയുമായി രംഗത്തുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL