SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.08 AM IST

കനത്തമഴയുടെ ബാക്കിപത്രം... 10 കോടിയുടെ കൃഷിനാശം

ph-1
ഉദയഗിരി പഞ്ചായത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാലവർഷക്കെടുതിയിലും ഉരുൾപൊട്ടലിലും നശിച്ച കൃഷിയിടം .

കണ്ണൂർ: ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും പത്ത് കോടിയുടെ കൃഷിനാശം. ആഗസ്റ്റ് ഒന്നു മുതൽ ഏഴു വരെയുള്ള കൃഷിവകുപ്പിന്റെ കണക്കു പ്രകാരം 1810 ഏക്കറോളം സ്ഥലത്തെ കൃഷി നശിച്ചു. തെങ്ങ്, കവുങ്ങ്, ഏലക്ക, വാഴ, കുരുമുളക്, കൊക്കോ, കശുവണ്ടി, റബ്ബർ, പച്ചക്കറികൾ തുടങ്ങിയവയാണ് നശിച്ചത്.

കൃഷി വകുപ്പിന്റെ ക്രോപ് വൈസ് എഫ്.ഐ.ആർ റിപ്പോർട്ട് പ്രകാരം 2616 ഫലങ്ങളുള്ള തെങ്ങും 115 തെങ്ങിൻ തൈകളും നശിച്ചു. 134.35 ലക്ഷം രൂപയാണ് ഈയിനത്തിൽ കർഷകർക്കുണ്ടായ നഷ്ടം. ഓണം വിൽപന ലക്ഷ്യമാക്കി വാഴകൃഷി മുക്കാൽ ഭാഗവും മഴയെടുത്തു. 127 ഏക്കറിൽ കൃഷി ചെയ്ത 27018 വാഴക്കുലകളും 35 ഏക്കറിലെ കുലക്കാനായ 36425 വാഴകളും നശിച്ചിട്ടുണ്ട്. 307.81 ലക്ഷമാണ് കർഷകർക്കുണ്ടായ നഷ്ടം. 700 ഓളം വാഴകർഷകരുടെ പ്രതീക്ഷയാണ് ഒറ്റമഴയിൽ ഇല്ലാതായാത്.

ഏകദേശം 294.12 ലക്ഷം രൂപയുടെ നാശനഷ്ടമാണ് റബ്ബർ കർഷകർക്കുണ്ടായത്. 25,500 കവുങ്ങുകളും മഴയിൽ കടപുഴകി. 77 ലക്ഷം രൂപയാണ് കവുങ്ങ് കർഷകർക്കുണ്ടായ നഷ്ടം. 329 കശുവണ്ടി മരങ്ങളും 60 കൊക്കോ മരങ്ങളും നശിച്ചിട്ടുണ്ട്. 11 കർഷകർ കൃഷി ചെയ്ത 11140 കുരുമുളകുതൈകളും പത്ത് സെന്റിലെ മഞ്ഞൾ കൃഷിയും നശിച്ചു. 46 കർഷകർ കൃഷിചെയ്ത മരച്ചീനിയും ആറേക്കറിലെ കിഴങ്ങ് വർഗങ്ങളും പൂർണമായും നശിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 150 ഏക്കറിലായി കൃഷിചെയ്ത നെൽകൃഷിയും വെള്ളത്തിലായി. 90 ലക്ഷം രൂപയാണ് നെൽകർഷകർക്കുണ്ടായ ഏകദേശ നഷ്ടക്കണക്ക്.

റബർ കർഷകർക്ക് തിരിച്ചടി

റബർ വില കുതിച്ചുയരുമ്പോഴും വരുമാനമില്ലാതെ പ്രതിസന്ധിയിലായി റബർ കർഷകർ. തുടർച്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് ടാപ്പിംഗ് പൂർണമായും തടസപ്പെട്ടതാണ് കർഷകർക്ക് തിരിച്ചടിയായത്. റെയിൻ ഗാർഡ് ഘടിപ്പിച്ച തോട്ടങ്ങളിൽ പോലും മഴ കാരണം ടാപ്പിംഗ് നടത്താൻ സാധിക്കുന്നില്ല. മലയോര മേഖലയിൽ നിലവിൽ റബറിന് കിലോയ്ക്ക് 282 രൂപ ലഭിക്കുന്നുണ്ട്. വില വൈകാതെ 300 ൽ എത്തിയേക്കും. കനത്തമഴയിൽ 14806 റബ്ബർ മരങ്ങൾ നശിച്ചതിൽ 14406 മരങ്ങളും ടാപ്പിംഗ് നടത്തുന്നതാണ്.

1810 ഏക്കറിലെ കൃഷി നശിച്ചു

ഒരാഴ്ച പെയ്ത കനത്തമഴയിൽ കണ്ണൂർ ജില്ലയിൽ മാത്രം 1810 ഏക്കറോളം സ്ഥലത്തെ കൃഷി നശിച്ചു. ഏറ്റവും കൂടുതൽ കൃഷിനാശമുണ്ടായത് ഇരിക്കൂർ ബ്ലോക്കിലാണ്. 1425 ഏക്ക‌ർ. 759 കർഷകരെ ഇത് ബാധിച്ചു. 200.37 ലക്ഷം രൂപയുടെ നഷ്ടമാണ് കൃഷിവകുപ്പ് കണക്കാക്കിയത്. പയ്യന്നൂർ ബ്ലോക്കിൽ 261 ഏക്കറിലെ കൃഷി നശിച്ചതിൽ 440.08 ലക്ഷം രൂപയാണ് നഷ്ടം. തളിപ്പറമ്പ് ബ്ലോക്കിൽ 90 ഏക്കർ, എടക്കാട്-1.63 ഏക്കർ, ഇരിട്ടി-11 ഏക്കർ, കണ്ണൂർ-29 സെന്റ്, കൂത്തുപറമ്പ്-3.5ഏക്കർ, പേരാവൂർ-അഞ്ചേക്കർ, തലശേരി-1.5 ഏക്കർ എന്നിങ്ങനെയാണ് മറ്റ് ബ്ലോക്കുകളിലുണ്ടായ കൃഷിനാശം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, MAZHAKKALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL