കണ്ണൂർ: ബ്ലേഡ് മാഫിയ സംഘം വീണ്ടും പിടിമുറുക്കിയതോടെ ഓപ്പറേഷൻ കുബേര പുനഃരാരംഭിക്കണമെന്ന ആവശ്യം ശക്തം. 2014ൽ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ കൊള്ളപ്പലിശക്കാരെ നിയന്ത്രിക്കാൻ രൂപീകരിച്ചതായിരുന്നു പദ്ധതി. ഇതിലൂടെ നിരവധി റെയ്ഡുകൾ നടത്തുകയും കൊള്ളപ്പലിശക്കാരെ അകത്താക്കുകയും ചെയ്തു. ഇതിനായി പൊലിസിൽ പ്രത്യേക വിഭാഗവും രൂപീകരിച്ചിരുന്നു.
ഓരോ ജില്ലയിലും ബ്ലേഡ് സംഘത്തെ തിരിച്ചറിഞ്ഞ് പ്രത്യേക സ്‌ക്വാഡ് സംവിധാനം വഴി നിരീക്ഷിക്കുകയായിരുന്നു. എന്നാൽ പിന്നീട് സർക്കാർ മാറിയതോടെ പദ്ധതി നിലച്ചു. ഇതോടെ ബ്ലേഡ് മാഫിയ സംഘം വീണ്ടും ശക്തി പ്രാപിച്ചു. ഇന്റലിജൻസ് വിഭാഗത്തിന്റെ പക്കൽ കൊള്ളപ്പലിശക്കാരുടെ വിവരങ്ങളുണ്ടെങ്കിലും യാതൊരു നടപടിയുമെടുക്കുന്നില്ല. നിലവിൽ സാധാരണക്കാർ മുതൽ വൻകിട കച്ചവടക്കാർ വരെ ബ്ലേഡ് പലിശക്കാരുടെ കെണിയിലകപ്പെടുകയാണ്.
വാണിജ്യ ബാങ്കുകളെക്കാൾ പരമാവധി രണ്ടുശതമാനം പലിശയേ സ്വകാര്യ പണമിടപാടുകാർ വാങ്ങാവൂ എന്നാണ് നിയമം. ഈടു നൽകിയ സ്വത്തുക്കൾ കൈവശപ്പെടുത്താനും പാടില്ല. ലൈസൻസില്ലാതെ പണമിടപാട്, അമിതപലിശ, വായ്പാത്തുക കൂട്ടി വ്യാജ രേഖയുണ്ടാക്കൽ, രസീതില്ലാത്ത പണമിടപാട് എന്നിവയും കുറ്റകരമാണ്. വായ്പക്കാരെ പീഡിപ്പിക്കുന്നതിന് തടവു ശിക്ഷകിട്ടാം. എന്നിട്ടും ബ്ലേഡുകാർ പിടിക്കപ്പെടുന്നില്ല. പൊലീസിൽ പരാതിപ്പെട്ടാലും കേസെടുക്കില്ല. സിവിൽ തർക്കമെന്നുപറഞ്ഞ് അന്വേഷിക്കാതിരിക്കും.
2014ൽ തിരുവനന്തപുരം മണ്ണന്തലയിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്തതോടെയാണ് ആഭ്യന്തര വകുപ്പ് ഓപ്പറേഷൻ കുബേരക്ക് രൂപം കൊടുത്തത്.
ഒരു ലക്ഷത്തിന് പതിനായിരം
ഒരു ലക്ഷം രൂപയ്ക്ക് മാസം പതിനായിരം മുതലാണ് പലിശ. 20000 രൂപയ്ക്ക് മാസം 4000 രൂപ വരെയാണ് പലിശ. അടവ് ഒരു ദിവസം മുടങ്ങിയാൽ വീണ്ടും പലിശ വർദ്ധിക്കും. രണ്ടോ മൂന്നോ ദിവസം വൈകിയാൽ ബ്ലേഡ് സംഘം വീട്ടിലെത്തി ഭീക്ഷണിപ്പെടുത്തും. കൈയേറ്റവുമുണ്ടാകും. സ്ത്രീകൾ ഉൾപ്പെടെ ഇത്തരം സംഘത്തിന്റെ ഭാഗമാണ്. മുന്പ് വണ്ടിയുടെ ആർ.സിയും മറ്രും വാങ്ങി പണം നൽകിയ പലിശക്കാർ ഇന്ന് രീതി മാറ്റി. ആധാർ കാർഡ്, സ്വർണം, വാഹനം, വീടിന്റെയോ സ്ഥലത്തിന്റെയോ ആധാരം എന്നിവയാണ് ഇപ്പോൾ ആവശ്യപ്പെടുന്നത്. മക്കളുടെ വിദ്യാഭ്യാസ ആവശ്യം, കല്ല്യാണം, ആശുപത്രി ചിലവ് തുടങ്ങിയവയ്ക്കാണ് പലരും പലിശയ്ക്ക് പണം വാങ്ങുന്നത്. ഗ്രാമപ്രദേശങ്ങളിൽ ഇത്തരക്കാർക്ക് ഏജന്റുമാരുമുണ്ട്. ബാങ്കുകളിൽ നിന്നും ലോൺ ലഭിക്കാനുള്ള സങ്കീർണതകളാണ് പലരും ബ്ലേഡ് പലിശക്കാരെ ആശ്രയിക്കാൻ കാരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |