SignIn
Kerala Kaumudi Online
Monday, 14 September 2026 1.38 AM IST

കണിച്ചാറിന് ആശങ്കയുണ്ട് കളനാശിനി പണി തരുമോ?​

round-up

അസഹ്യഗന്ധവും ആരോഗ്യപ്രശ്നവുമെന്ന പരാതിയുമായി കണിച്ചാർ ചാണപ്പാറ നിവാസികൾ

കണിച്ചാർ : കണിച്ചാർ പഞ്ചായത്തിലെ ചാണപ്പാറയിൽ പറമ്പുകളിലെ കാടുകൾ നശിപ്പിക്കുന്നതിനായി വലിയതോതിൽ കളനാശിനി പ്രയോഗിക്കുന്നത് ദുരിതമാകുന്നുവെന്ന ആക്ഷേപവുമായി ഒരുവിഭാഗം നാട്ടുകാർ. കളനാശിനി പ്രയോഗത്തെ തുടർന്ന് പ്രദേശത്ത് അസഹ്യമായ ഗന്ധവും വിവിധ ആരോഗ്യ പ്രശ്‌നവും ഉണ്ടായെന്നാണ് ഇവരുടെ ആരോപണം. കളനാശിനിയുടെ രൂക്ഷഗന്ധം മൂലം ചെറിയ കുട്ടികൾക്ക് അസ്വസ്ഥതകളുണ്ടാകുന്നുവെന്നും ഇവർ പരാതിപ്പെടുന്നു.

രണ്ട് മാസം മുമ്പ് ജനവാസ മേഖലയിൽ കാടുപിടിച്ചു കിടന്ന പ്രദേശം കളനാശിനി സ്പ്രേ ചെയ്ത് വെളുപ്പിച്ചെടുത്തിരുന്നു. മഴക്കാലത്ത് തഴച്ചുവളർന്നു നിന്ന കാടുകൾ പോലും പെട്ടെന്ന് കരിഞ്ഞതിനാൽ വീര്യമേറിയ കളനാശിനിയാണ് തളിച്ചതെന്ന് സംശയിക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു. ഇതേ പറമ്പിൽ വീണ്ടും കളനാശിനി പ്രയോഗിക്കാൻ തുടങ്ങിയപ്പോഴാണ് തൊട്ടടുത്ത താമസക്കാർ 8 മാസം പ്രായമുള്ള കുഞ്ഞുള്ളതിനാൽ നിർത്തിവെക്കണമെന്ന് സ്ഥലം ഉടമയോട് പറഞ്ഞത്. എന്നാൽ സ്ഥലമുടമ ഇതിന് തയ്യാറാകായില്ല.തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടറെ വിവരം അറിയിച്ചു. നിരോധിച്ച കീടനാശിനിയാണോ എന്ന് പരിശോധിക്കുന്നത് വരെ താത്കാലികമായി കളനാശിനിപ്രയോഗം നിർത്തിവെക്കാൻ ഹെൽത്ത് ഇൻസ്പെക്ടർ ആവശ്യപ്പെട്ടെങ്കിലും സ്ഥലം ഉടമ വഴങ്ങിയില്ല.തുടർന്ന് വാർഡ് മെമ്പർ ഇടപെട്ട് സ്പ്രേയിംഗ് താത്കാലികമായി നിർത്തിവെപ്പിക്കുകയായിരുന്നു. നിരോധിത കീടനാശിനിയാണോ പ്രയോഗിക്കുന്നതെന്ന ആശങ്കയാണ് നാട്ടുകാർക്കുള്ളത്. രൂക്ഷ ഗന്ധത്തിന് പുറമേ പ്രദേശം മുഴുവൻ പുക പടരുന്നതാണ് ഇവരുടെ ആശങ്കയ്ക്ക് പിന്നിൽ.

കുറുക്കുവഴി പാടില്ലെന്ന് പരിസരവാസികൾ

ജനവാസമേഖലയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ കാട് വെട്ടിനീക്കുന്നതിന് പകരം കുറുക്കുവഴികളിലൂടെ കരിച്ചുകളായുന്നത് കുടിവെള്ള സ്രോതസ്സുകളെയും വിഷമയമാക്കുമെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം പ്രയോഗങ്ങൾ ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം. വിഷയത്തിൽ പഞ്ചായത്ത് , കൃഷിഭവൻ അധികൃതർ ഇടപെട്ട് കളനാശിനി തളിക്കുന്നത് നിർത്തിവെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അറിയാനുണ്ട് അല്പം

കാട് പിടിച്ച പറമ്പുകളും കട്ടിയുള്ള പുല്ലുകളും വേരോടെ നശിപ്പിക്കാൻ വിപണിയിൽ പ്രധാനമായും രണ്ടുതരം രാസ കളനാശിനികൾ ( ലഭ്യമാണ്.
1.നോൺസെലക്ടീവ് കളനാശിനികൾ
ഇവ തളിക്കുന്ന ഭാഗത്തുള്ള എല്ലാത്തരം സസ്യങ്ങളെയും (പുല്ല്, കാട്, ചെടികൾ) ഒരുപോലെ കരിച്ചു നശിപ്പിക്കുന്നു.
ഗ്ലൈഫോസേറ്റ് (ഉദാഹരണത്തിന്: റൗണ്ടപ്പ്, ഗ്ളൈസെൽ). ഇത് ചെടികളുടെ വേരുകളിലേക്ക് ഇറങ്ങിച്ചെന്ന് അവയെ പൂർണ്ണമായും ഉണക്കുന്നു. കാട് കരിക്കാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഇതാണ്.അമിത ഉപയോഗം മണ്ണിലെ ജൈവാംശം നശിപ്പിക്കും).

2. പാരാക്വാറ്റ് ഡിക്ലോറൈഡ് ): (ഉദാഹരണത്തിന്: ഗ്രമോക്സ് വൺ). ഇത് അടിച്ചാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇലകൾ കരിഞ്ഞുപോകും. ഇത് തൊട്ടുമുകളിലെ പച്ചപ്പ് മാത്രം വേഗത്തിൽ കരിക്കാൻ സഹായിക്കും

ജൈവ കളനാശിനികളുമുണ്ട്

രാസവസ്തുക്കൾ മണ്ണിലെ ജീവനുകളെ നശിപ്പിക്കും എന്നതിനാൽ ചെറിയ പറമ്പുകളിലും മുറ്റത്തും ഉപയോഗിക്കാൻ വീട്ടിൽ തന്നെ ജൈവ കളനാശിനി തയാറാക്കുന്നതാണ് ഉചിതമെന്ന അഭിപ്രായവും പൊതുവെയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL