SignIn
Kerala Kaumudi Online
Saturday, 26 September 2026 3.45 AM IST

ഒഴിയാതെ തെരുവുനായ പ്രശ്നം കണ്ണടച്ച് അധികൃതർ

ph-1
തെരുവുനായയുടെ കടിയേറ്റ കോടഞ്ഞേരിന്റവിട കുമാരൻ

കണ്ണൂർ/പാനൂർ: തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയാതെ അധികൃതർ. ഒരിടവേളക്ക് ശേഷം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വീണ്ടും തെരുവുനായ ആക്രമണം വ്യാപകമാവുകയാണ്.

ഇന്നലെ രാവിലെ പാനൂരിന്റെ കിഴക്കൻ മേഖലയായ കുന്നോത്തുപറമ്പിൽ ആറ് പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. സ്‌കൂൾ വിദ്യാർത്ഥിയും വീട്ടമ്മയും വയോധികരും ഉൾപ്പെടെ പരിക്കേറ്റ എല്ലാവരും തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തി കുത്തിവയ്പ്പെടുത്തു. പ്രകോപനമില്ലാതെ ആളുകൾക്ക് നേരെ പാഞ്ഞെത്തിയ നായ പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു.

കോടഞ്ചേരിന്റവിട കുമാരൻ (65), വേങ്ങാനി ഷാജി (43), അങ്കണവാടി ജീവനക്കാരി പുത്തൂരിലെ വിജയലക്ഷ്മി (57), പുത്തൂപുളിക്കൽ രാജൻ (65), കൊളവല്ലൂർ യു.പി സ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി ഒന്തംപുറത്ത് വി. ഹർഷിൻ (12), സി.കെ ദാമു (85) എന്നിവർക്കാണ് കടിയേറ്റത്. ഇവരിൽ കുമാരനാണ് ഗുരുതരമായി പരിക്കേറ്റത്. കൃഷിപ്പണിക്കായി പോകുന്നതിനിടെ അപ്രതീക്ഷിതമായി പാഞ്ഞെത്തിയ നായ കുമാരന്റെ മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ചാടിക്കടിക്കുകയായിരുന്നു. വീട്ടമ്മയായ വിജയലക്ഷ്മിയെ വീട്ടിനകത്തേക്ക് കയറിയാണ് നായ കടിച്ചത്. പുത്തൂർ സ്വദേശിയായ രാജൻ നായ ആക്രമിക്കാനെത്തിയപ്പോൾ കൈയിൽ കിട്ടിയ വടിയെടുത്ത് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും വടി ഒടിഞ്ഞതോടെ കൂടുതൽ ശൗര്യത്തോടെ നായ രാജനുനേരെ തിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. സ്‌കൂളിലേക്ക് പോകുന്നതിനിടയിലാണ് വിദ്യാർത്ഥിക്ക് കടിയേറ്റത്.

താത്കാലിക ഷെൽട്ടറുകൾ കടലാസിൽ

തെരുവുനായ ആക്രമണം അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. നിലവിൽ എങ്ങോട്ട് തിരി‌ഞ്ഞാലും തെരുവുനായകളാണ്. തെരുവുനായ പ്രശ്നം ഗുരുതരമായ പ്രദേശങ്ങളിൽ താത്കാലിക ഷെൽട്ടറുകൾ സ്ഥാപിക്കാൻ ജില്ലാ പഞ്ചായത്ത് നേരത്തെ നിർദേശം നൽകിയിട്ടുണ്ടെങ്കിലും എവിടെയും ഇത് സ്ഥാപിച്ചിട്ടില്ല. താത്കാലിക ഷെൽട്ടറുകൾ നിർമിക്കാൻ മതിയായ സ്ഥലം കണ്ടെത്താൻ സാധിക്കാത്തതാണ് പ്രതിസന്ധിയെന്ന് തദ്ദേശസ്ഥാപന പ്രതിനിധികൾ പറഞ്ഞു. തെരുവുനായകളെയും മറ്റും നിയന്ത്രിക്കുന്ന സമഗ്ര പദ്ധതിക്ക് ഒരുകോടി രൂപ കഴിഞ്ഞ ബഡ്ജറ്റിൽ കോർപറേഷൻ വകയിരുത്തിയിട്ടുണ്ടെങ്കിലും തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിൽ നിസ്സാഹായരാണെന്ന് കഴിഞ്ഞ കൗൺസിൽ യോഗത്തിൽ മേയർ പരസ്യമായി സമ്മതിച്ചിരുന്നു.

ആറുവർഷം, കടിയേറ്റത് 75,199 പേ‌ർ‌ക്ക്

കഴിഞ്ഞവർഷം ഡിസംബറിൽ സർക്കാർ പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ ആറുവർഷത്തിനിടയിൽ ജില്ലയിൽ 75,199 പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. വർഷംതോറും കടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വർദ്ധനയുണ്ട്. 2020ൽ 3998 പേരാണ് കടിയേറ്റ് ചികിത്സ തേടിയതെങ്കിൽ 2024 ആയപ്പോൾ അത് 15,148 ആയി വർദ്ധിച്ചു. കഴിഞ്ഞവർഷം ഡിസംബർ വരെ 20,000 ഓളം ആളുകൾക്ക് കടിയേറ്റിട്ടുണ്ട്. 2019ൽ നടത്തിയ സെൻസസ് പ്രകാരം ജില്ലയിൽ 23,666 തെരുവുനായകളുണ്ടെന്നാണ് കണ്ടെത്തൽ. അഞ്ചുവർഷം കഴിയുമ്പോൾ ഈ കണക്ക് ഇരട്ടിയാകാനാണ് സാധ്യത.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, DOG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL