കണ്ണൂർ: മാഹിയിൽ നിന്ന് ജില്ലയിലേക്കുള്ള പെട്രോൾ, ഡീസൽ കടത്ത് കുതിച്ചുയരുന്നു. പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമായ മാഹിയിൽ നികുതി ഘടനയിലെ വ്യത്യാസം കാരണം ഇന്ധനവില കേരളത്തേക്കാൾ ഗണ്യമായി കുറവാണ്. ഈ അന്തരം മുതലെടുത്താണ് ദിനംപ്രതി വൻതോതിൽ ഇന്ധനം അതിർത്തി കടത്തി ജില്ലയിലേക്ക് എത്തിക്കുന്നത്. ഇതുമൂലം നികുതി വരുമാനത്തിൽ കോടികളുടെ നഷ്ടമാണ് ജില്ലയ്ക്കുണ്ടാകുന്നത്.
തലശ്ശേരി, കൂത്തുപറമ്പ്, ഇരിട്ടി, മട്ടന്നൂർ, തളിപ്പറമ്പ്, പയ്യന്നൂർ ഭാഗങ്ങളിലേക്കും കാഞ്ഞങ്ങാട്, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിലേക്കും വരെ മാഹി ഇന്ധനം എത്തുന്നുണ്ടെന്നാണ് വിവരം. ഒറിജിനൽ ചരക്കെന്ന വ്യാജേന ടാങ്കർ ലോറികളിൽ നിറച്ചാണ് പ്രധാന കടത്ത്. രാത്രി പമ്പിലെ വിളക്കുകൾ അണച്ചും പുലർകാലത്തും ടാങ്കറുകളിൽ ഇന്ധനം നിറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഓട്ടോ, ടാക്സി വാഹനങ്ങളിൽ ബാരലുകളിൽ നിറച്ച് ചെറുകിട കടത്തും നടക്കുന്നു.
കണ്ണൂരിലെ ബസ് സ്റ്റാൻഡ് പരിസരത്ത് നിർത്തിയിടുന്ന വാഹനങ്ങളിൽ പൈപ്പ് വഴി നേരിട്ട് ഇന്ധനം നിറച്ചുനൽകുന്ന രീതിയും വ്യാപകമാണ്. കടലിലൂടെ ബോട്ട് മാർഗം അഴീക്കൽ, മാട്ടൂൽ തീരങ്ങളിൽ ഇന്ധനം എത്തിച്ച് മത്സ്യബന്ധന ബോട്ടുകൾക്ക് വിൽക്കുന്ന സംഘങ്ങളും സജീവമാണ്. ഇരുവിഭാഗത്തിനും ഇരട്ടി ലാഭമാണ് ഇതുവഴി ലഭിക്കുന്നത്.
സ്‌കൂൾ ബസുകൾ, ടൂറിസ്റ്റ് ബസുകൾ, ചില സ്വകാര്യ ബസുകൾ, ക്വാറി വാഹനങ്ങൾ എന്നിവയാണ് മാഹി ഇന്ധനത്തിന്റെ പ്രധാന ഉപഭോക്താക്കൾ. കൂടുതൽ ലോറികളും ബസുകളും സ്വന്തമായുള്ള ചില ഉടമകളുടെ വീടുകളിൽ പ്രത്യേക യന്ത്രം സ്ഥാപിച്ച് പതിവായി ഇന്ധനം നിറയ്ക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
13 രൂപ വരെ വ്യത്യാസം
നിലവിൽ കണ്ണൂരിൽ ഡീസലിന് ലിറ്ററിന് 103.34 രൂപയും പെട്രോളിന് 114.45 രൂപയുമാണെങ്കിൽ മാഹിയിൽ ഇത് യഥാക്രമം 91.27 രൂപയും 101.34 രൂപയും മാത്രമാണ്. അതായത് പെട്രോളിന് 13.11 രൂപയുടെയും ഡീസലിന് 12.07 രൂപയുടെയും അന്തരം. ഒന്നിലധികം വാഹനങ്ങളുള്ളവർക്ക് ഇതുവഴി ഒറ്റ ദിവസം തന്നെ വലിയ തുക ലാഭിക്കാനാകുമെന്നതാണ് കടത്ത് വ്യാപകമാകാൻ കാരണം.
വില്പനയിൽ 25% ഇടിവ്
ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികളുടെ കണ്ണൂർ സെയിൽസ് ഏരിയയിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി വില്പനയിൽ 20 മുതൽ 25 ശതമാനം വരെ ഇടിവുണ്ടായതായി കണ്ണൂർ ഡിസ്ട്രിക്ട് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ പയ്യന്നൂർ ഏരിയാ സെക്രട്ടറി അജി മുത്തത്തി പറഞ്ഞു. മഴക്കാലം കഴിഞ്ഞ് ക്വാറികൾ വീണ്ടും സജീവമായതോടെ കടത്ത് ഇനിയും വർദ്ധിക്കുമെന്നും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നികുതി വരുമാനത്തിലും സർക്കാരിന് വൻ നഷ്ടമാണ് ഇതുവഴി ഉണ്ടാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |