SignIn
Kerala Kaumudi Online
Tuesday, 20 October 2026 5.19 AM IST

കുണ്ടും കുഴിയുമായി  അരുവിപ്പുറം-പാഞ്ചാക്കാട്-അറക്കുന്ന് റോഡ്

ss

നെയ്യാറ്റിൻകര: അരുവിപ്പുറം തീർത്ഥാടനകേന്ദ്രത്തിലേക്കുള്ള പ്രധാന റോഡായ അരുവിപ്പുറം-പാഞ്ചാക്കാട്-അറക്കുന്ന് റോഡ് തകർന്നിട്ട് നാളുകളായി. നെയ്യാറിനോട് ചേർന്ന് രണ്ടര കിലോമീറ്റർ ദൂരംവരുന്ന ഈ റോഡ് നിറയെ കുണ്ടുംകുഴിയുമാണ്. പരിതാപകരമായ അവസ്ഥയിൽ തുടരുന്ന റോഡ് നവീകരിക്കാൻ പൊതുമരാമത്തിനോ നഗരസഭയ്ക്കോ പ്രത്യേകിച്ച് പദ്ധതികളില്ല.

അരുവിപ്പുറത്തേക്കെത്താൻ നിലവിൽ പെരുമ്പഴുതൂർ,അയിരൂർ,പാഞ്ചിക്കാട് എന്നീ മൂന്ന് വഴികളാണ് ഉള്ളത്. ഇതിൽ പെരുമ്പഴുതൂർ-അരുവിപ്പുറം,പെരുങ്കടവിള-അരുവിപ്പുറം റോഡ് നവീകരിച്ചു.അറക്കുന്ന് കടവിൽനിന്നാരംഭിക്കുന്ന പാഞ്ചിക്കാടുവഴിയുള്ള റോഡ് നവീകരിക്കാനുള്ള നടപടിയൊന്നും ഇതുവരെയില്ല.

 അപകടാവസ്ഥയിൽ

നെയ്യാറിനോട് ചേർന്നുകിടക്കുന്ന ഈ റോഡിലൂടെയുള്ള മഴക്കാലത്തെ യാത്ര തികച്ചും അപകടകരമാണ്. നെയ്യാറുമായി കരപങ്കിടുന്ന പല സ്ഥലങ്ങളിലും സേഫ്ടി വാൾ ഇല്ല.അപരിചിതരായ വാഹനയാത്രക്കാർ ഇവിടെയെത്തിയാൽ അപകടത്തിൽപ്പെടാതെ രക്ഷപെടുന്നത് ഭാഗ്യംകൊണ്ട് മാത്രമാണ്.

 തീരം കവർന്ന് നെയ്യാർ

2018ലെ പ്രളയത്തിൽ നെയ്യാർ നിറഞ്ഞൊഴുകി റോഡിന്റെ പലഭാഗങ്ങളും തകർന്നിരുന്നു. പിന്നീട് സർക്കാർ അനുവദിച്ച 2.70 കോടി രൂപകൊണ്ട് റോഡ് നവീകരിച്ചു. കഴിഞ്ഞവർഷം വീണ്ടും നെയ്യാർ കരകവിഞ്ഞതോടെ റോഡിന്റെ പാർശ്വഭിത്തി തകർന്നു. 40ലക്ഷം രൂപ ചെലവാക്കി അതും നവീകരിച്ചു. പിന്നീട് അധികൃതർ ഈവഴിക്ക് വന്നിട്ടില്ല.

 മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകുന്നതിനാൽ റബറൈസ്ഡ് ടാറിംഗ് നടത്തണമെന്നാണ് ആവശ്യം. എന്നാൽ സാധാരണ ടാറിംഗ് നടത്തുന്നതാണ് റോഡ് വീണ്ടും പൊട്ടിപ്പൊളിയാൻ കാരണം. തുലാവർഷം എത്തുന്നതോടെ ഈ റോഡ് കുടുതൽ ഇടിയുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ.

നെയ്യാറ്റിൻകര ടൗണിൽ നിന്നും കൊടിതൂക്കിമലയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതും ഈ റോഡിലൂടെയാണ്. റോഡ് ഗതാഗത യോഗ്യമാക്കിയാൽ ഇവിടെയെത്തുന്ന ഭക്ത‌ർക്ക് പ്രയോജനകരമാകും

- സ്വാമി സാന്ദ്രാനന്ദ (അരുവിപ്പുറം മഠം സെക്രട്ടറി)

പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള യാത്രയിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നത് നിത്യ സംഭവമാണ് -

എൽ.പി. ജെയിൻ (ചെയ‌ർമാൻ, കൊടിതൂക്കിമല വിജ്ഞാനസരണി)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL