കണ്ണൂർ: പുതുയുഗ യാത്രയിൽ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. പറഞ്ഞ കാര്യങ്ങൾ ഓരോന്നായി നടപ്പാക്കും. വാക്ക് വാക്കാണ്. വാക്കിനാണ് വില. ജില്ലയിൽ ആദ്യമായെത്തിയ മുഖ്യമന്ത്രിക്ക് കണ്ണൂർ ഡി.സി.സി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രഖ്യാപനങ്ങൾ പ്രാവർത്തികമാക്കുന്ന സർക്കാരാണ് യു.ഡി.എഫിന്റേത്. അതിന് കൃത്യമായ ഗൃഹപാഠം ചെയ്ത് മന്നോട്ടു പോകും. ആരെയും നിരാശരാക്കില്ല. എല്ലാ കാര്യങ്ങളും വിവാദമാക്കി സർക്കാരിനെ പിന്നോട്ടടിപ്പിക്കാമെന്ന ധാരണ ആർക്കും വേണ്ട. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനുള്ള ധാർമിക ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആശാവർക്കർമാരുടെ ആവശ്യങ്ങൾ, പ്രിയദർശിനി ബസ് യാത്രാ പദ്ധതി എന്നിവ ആദ്യഘട്ടത്തിൽ തന്നെ നടപ്പാക്കി. അങ്കണവാടി ജീവനക്കാരുടെ ആവശ്യങ്ങളും ക്ഷേമപെൻഷനും പരിഗണിച്ച് നടപടിയെടുത്തു.
മട്ടന്നൂരിൽ ഭിന്നശേഷിക്കാരിയായ ഒരു സ്ത്രീ തന്റെ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അതും പരിഹരിക്കും. ഭിന്നശേഷിക്കാരെ ചേർത്തുനിർത്തുന്ന സർക്കാരായിരിക്കും യു.ഡി.എഫ്. സർക്കാർ. മുൻ സർക്കാരുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും എല്ലാവർക്കും ആനുകൂല്യങ്ങൾ നൽകാൻ യു.ഡി.എഫ് സർക്കാർ നടപടി സ്വീകരിച്ചു. ജനങ്ങളുടെ സങ്കടങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്ന സർക്കാരാണിത്. സഹാനുഭൂതിയോടെയുള്ള സദ്ഭരണമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂരിന്റെ വികസനത്തിന് പ്രത്യേക മുൻഗണന നൽകും. കേരളത്തെ തുറമുഖ നഗരമാക്കുന്നതിനും കാർഷികമേഖലയിൽ പുനരുജ്ജീവനം കൊണ്ടുവരുന്നതിനും സർക്കാർ നടപടിയെടുക്കും. കണ്ണൂരിലെ രക്തസാക്ഷികളെയും കൊടിയ മർദ്ദനങ്ങൾ ഏറ്റുവാങ്ങിയവരെയും അവരുടെ ത്യാഗങ്ങളെയും ഒരിക്കലും മറക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ടി.ഒ മോഹനൻ എം.എൽ.എ, മേയർ അഡ്വക്കറ്റ് പി. ഇന്ദിര, അഡ്വക്കറ്റ് സോണി സെബാസ്റ്റ്യൻ, വി.എ നാരായണൻ, കെ. പ്രമോദ്, പി.ടി മാത്യു, പ്രൊഫ. എ.ഡി മുസ്തഫ, സുമാ ബാലകൃഷ്ണൻ, റിജിൽ മാക്കുറ്റി, ജോസ് ജോർജ് പ്ലാത്തോട്ടം, സജീവ് മാറോളി, വിജിൽ മോഹൻ, അമൃത രാമകൃഷ്ണൻ, വി.പി അബ്ദുൾ റഷീദ്, രാജീവൻ എളയാവൂർ, കായക്കൽ രാഹുൽ, എൻ.പി ശ്രീധരൻ, വി.വി പുരഷോത്തമൻ തുടങ്ങിയവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |