SignIn
Kerala Kaumudi Online
Sunday, 18 October 2026 1.18 AM IST

മുഖ്യമന്ത്രിയുടെ ഉറപ്പ് ; ശബരിമലയിൽ തിരുപ്പതി മോഡൽ സൗകര്യം വരും

sabarimala

പമ്പ: ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർത്ഥാടന കേന്ദ്രമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്റെ ഉറപ്പ്. ഈ തീർത്ഥാടനകാലത്തിന് ശേഷം തിരുപ്പതി മോഡലിൽ സൗകര്യങ്ങളൊരുക്കാനുള്ള നടപടികൾ തുടങ്ങും. മണ്ഡല, മകരവിളക്ക് തീർത്ഥാടന മുന്നൊരുക്ക അവലോകന യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അപ്പം, അരവണ ക്ഷാമം ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ഉറപ്പ് നൽകിയിട്ടുണ്ട്.

സുഗമദർശനത്തിനും സുരക്ഷയ്ക്കും ആവശ്യത്തിന് പൊലീസ്, ഫയർ ഫോഴ്സ്, എക്സൈസ് സേനകളെ വിന്യസിക്കും. പമ്പയിൽ വസ്ത്രം ഉപേക്ഷിക്കുന്നത് നിയന്ത്രിക്കും. ഇടത്താവളങ്ങളിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കും. നിലയ്ക്കലിൽ 6000 തീർത്ഥാടകർക്ക് വിശ്രമിക്കാൻ കഴിയുന്ന ജർമ്മൻ മോഡൽ ഷെഡ് നിർമ്മിക്കും. 22 മെഡിക്കൽ എമർജൻസി യൂണിറ്റുകൾ സജ്ജമാക്കും. മാലിന്യ നിർമ്മാർജനം സമയ ബന്ധിതമായി നടപ്പിലാക്കും.

461 ബസുകളാണ് കെ.എസ്.ആർ.ടി.സി സജ്ജമാക്കുന്നത്. വിവിധ ക്ഷേത്രങ്ങളെയും ശബരിമലയേയും ഉൾപ്പെടുത്തി ടെമ്പിൾ കണക്ടിവിറ്റിയുണ്ടാകും. റോഡ് സുരക്ഷ കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തും. ചാലക്കയം റോഡ് 15 കോടി രൂപ മുടക്കി നവീകരിക്കുകയാണ്. ആശുപത്രികളിൽ മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തും. തടസമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ കെ. മുരളീധരൻ, പി.സി.വിഷ്ണുനാഥ്, സണ്ണി ജോസഫ്, എ.പി.അനിൽകുമാർ, ഷിബു ബേബിജോൺ, മോൻസ് ജോസഫ്, സി.പി.ജോൺ, എം.ലിജു എന്നിവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. എം.പിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ പഴകുളം മധു, അബിൻ വർക്കി, കെ.യു. ജനീഷ്‌കുമാർ, സി.വി.ശാന്തകുമാർ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ, അംഗങ്ങളായ അഡ്വ.കെ.രാജു, അഡ്വ.പി.ഡി.സന്തോഷ്‌കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി എന്നിവരും വിവിധവകുപ്പ് മേധാവികളും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA