
ഗവർണർ താക്കോൽ കൈമാറും
ഒറ്റപ്പാലം: ഒറ്റപ്പാലം ആസ്ഥാനമായ ചന്ദ്രമ്മ മാധവൻ നായർ ( സി.എം.എൻ) ട്രസ്റ്റ് ആവിഷ്‌കരിച്ച 'എ ഹോം ഒഫ് യുവർ ഓൺ' പദ്ധതിയിൽ ഭവനരഹിതർക്കായി നിർമ്മിച്ച 50 വീടുകൾ പൂർത്തിയായി. പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനവും ശേഷിക്കുന്ന വീടുകളുടെ താക്കോൽദാനവും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർവഹിക്കും. 13 ന് രാവിലെ 10.30ന് ഒറ്റപ്പാലം ഈസ്റ്റ് മനിശ്ശേരി കൈലാസം ക്ലബ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ സി.എം.എൻ ട്രസ്റ്റ് ചെയർമാനും വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ യു. പമ്പാവാസൻ നായർ അദ്ധ്യക്ഷത വഹിക്കും. വി.കെ. ശ്രീകണ്ഠൻ എം.പി, ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസ്, ട്രസ്റ്റി കലദേവി പമ്പാവാസൻ എന്നിവർ പങ്കെടുക്കും.
മാതാപിതാക്കളുടെ സ്‌മരണാർത്ഥം യു. പമ്പാവാസൻ നായർ ആരംഭിച്ച ട്രസ്‌റ്റ് 2024 ആഗസ്റ്റ് 25നാണ് സൗജന്യ ഭവന പദ്ധതി ആരംഭിച്ചത്. അഞ്ച് വർഷത്തിനുള്ളിൽ 50 വീടുകൾ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. 25 മാസത്തിനുള്ളിൽ ലക്ഷ്യം പൂർത്തിയാക്കി.
പാലക്കാട് ജില്ലയിൽ ആരംഭിച്ച പദ്ധതി തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള വിവിധ ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. 500 ചതുരശ്ര അടി വീതം വിസ്തൃതിയുള്ള വീടുകളാണ് നിർമ്മിച്ചത്. ലൈറ്റ്, ഫാൻ, ഗ്യാസ് അടുപ്പ് ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെയാണ് വീടുകൾ തെരഞ്ഞെടുത്ത കുടുംബങ്ങൾക്ക് കൈമാറുന്നത്. ട്രസ്റ്റിന്റെ തുടർപദ്ധതികളുടെ പ്രഖ്യാപനവും സംഗീതജ്ഞൻ അനന്തു ശ്രീകുമാർ അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫ്യൂഷനും ചടങ്ങിൽ നടക്കും.
വാർത്താസമ്മേളനത്തിൽ സി.എം.എൻ. ട്രസ്റ്റ് മാനേജർ സന്തോഷ് കയറാട്ട്, വി. ഗോപിനാഥൻ, വി.ആർ. അനീഷ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |