പയ്യന്നൂർ: പുറത്തുനിന്നുള്ള പാലിനു പകരം സ്വന്തം ഫാമിലെ പാൽ തന്നെ വിപണിയിലെത്തിക്കുന്ന സംരംഭവുമായി വെള്ളൂർ ജനത ചാരിറ്റബിൾ സൊസൈറ്റി. പ്രതിദിനം ഒരു ലക്ഷം ലിറ്റർ പാൽ സംസ്കരണ ശേഷിയുള്ള സ്ഥാപനത്തിന് ആവശ്യമായ പാൽ പൂർണ്ണമായും ലഭ്യമാകുന്നതിന്റെ ആദ്യ ചുവടുവയ്പ്പാണ് സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് ഒരുക്കുന്നത്. സ്വന്തം ഫാമിലെ പാൽ ആധുനിക രീതിയിൽ പാസ്ചുറൈസ്‌ഡ് ചെയ്ത് വിപണിയിലെത്തിക്കുന്ന അപൂർവ്വം വൻകിട പാൽ ഉത്പാദകരുടെ കൂട്ടത്തിൽ "ജനത"യും ഇതോടെ ഇടം നേടും.
മാത്തിൽ അരവഞ്ചാൽ പൂക്കലിൽ 10 ഏക്കർ സ്ഥലത്ത് 200 പശുക്കളുള്ള ഹൈടെക് ഫാമാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടമെന്ന നിലയിൽ 100 പശുക്കളുള്ള ഫാം 5ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വെറുമൊരു ഫാം എന്നതിലുപരി വിജ്ഞാന - വിനോദ സൗകര്യങ്ങൾ അടക്കമുള്ള ഹൈടെക് ഫാം ടൂറിസം പദ്ധതിയാണ് വിഭാവനം ചെയ്യുന്നതെന്ന് സൊസൈറ്റി പ്രസിഡന്റ് എ.വി. കുഞ്ഞിക്കണ്ണൻ, സെക്രട്ടറി ടി. ശ്രീജിത്ത്, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ പറഞ്ഞു. കോടികൾ ചെലവിട്ടാണ് ഈ വൻ സംരംഭം ഒരുക്കുന്നത്.
ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ അടക്കമുള്ള വിദഗ്ദ്ധ സംഘം തമിഴ്‌നാട്ടിലെ സേലം, കൃഷ്ണഗിരി തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിൽ നേരിട്ട് ചെന്ന് ഗുണനിലവാരം പരിശോധിച്ച് 46,000 മുതൽ 1.10 ലക്ഷം വരെ വിലയുള്ള എച്ച്.എഫ്, ജെഴ്‌സി ഇനങ്ങളിലുള്ള പശുക്കളെയാണ് ആദ്യഘട്ടമായി വാങ്ങിയിട്ടുള്ളത്. 100 പശുക്കൾ കൂടി അടുത്ത ദിവസങ്ങളിലായി എത്തും.
വിവിധ പാൽ അനുബന്ധ ഉത്പന്നങ്ങളും ജനതയുടെതായി വിപണിയിലുണ്ട്. കൂടാതെ പാൽ അളക്കുന്ന ക്ഷീര കർഷകർക്കായി നിരവധി ക്ഷേമ പദ്ധതികളും സൊസൈറ്റി നടപ്പിലാക്കിയിട്ടുണ്ട്.
സൈലേജ് യൂനിറ്റ്
പശുക്കളുടെ ആരോഗ്യത്തിനും കൂടുതൽ പാൽ ഉത്പാദനത്തിനും ആവശ്യമായ തീറ്റ ഉത്പാദിപ്പിക്കുന്നതിനായി സൈലേജ് യൂനിറ്റും പശുക്കിടാങ്ങളുടെയും ഗർഭാവസ്ഥയിലുള്ള പശുക്കളുടെയും സംരക്ഷണത്തിനായി പ്രത്യേക സൗകര്യങ്ങളും ഒരുക്കും. ടൂറിസം പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കും വിനോദത്തിനും വിശ്രമത്തിനുമുള്ള സൗകര്യങ്ങൾ, പാർക്ക്, ഗസ്റ്റ് ഹൗസ്, പശു വളർത്തലിൽ താല്പര്യമുള്ളവർക്ക് പഠന സൗകര്യം തുടങ്ങിയവയും ഒരുക്കും.
പശുക്കളെ വളർത്താൻ ലൂസ് ഹൗസിംഗ് സിസ്റ്റം
1. പശുക്കളെ കെട്ടിയിടാതെ വളർത്താനായി ലൂസ് ഹൗസിംഗ് സിസ്റ്റം. നിശ്ചിത സ്ഥലങ്ങളിൽ വെള്ളവും തീറ്റയും സജ്ജീകരിക്കും.
2. വായു സഞ്ചാരത്തോടെ ഒരുക്കിയിട്ടുള്ള ഫാമിൽ പശുക്കൾക്ക് കൂടുതൽ കാറ്റ് ലഭിക്കുന്നതിനായി വലിയ വാൾ ഫാനുകളും മാനസികോല്ലാസത്തിനായി മ്യൂസിക് സിസ്റ്റവും
3. കറവയ്ക്കായി ആധുനിക യന്ത്ര സംവിധാനങ്ങൾ.
4. ചാണകത്തിന്റെ ഗുണങ്ങൾ നഷ്ടപ്പെടാതെ പ്രകൃതിദത്ത രീതിയിൽ യുവി ഷീറ്റ് സംവിധാനം ഉപയോഗിച്ച് ഉണക്കിപ്പൊടിച്ച് വളമാക്കുന്ന സംവിധാനം.
5. ചാണകവും മൂത്രവും ഉപയോഗിച്ച് 50 ക്യൂബിക് മീറ്റർ ശേഷിയുള്ള ബയോഗ്യാസ് ഉത്പാദന പ്ലാന്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |