SignIn
Kerala Kaumudi Online
Monday, 12 October 2026 3.34 AM IST

കണ്ണൂർ നഗരവും കീഴടക്കി ആഫ്രിക്കൻ ഒച്ച്

african-ochu-
കാള്‍ടെക്‌സിലെ അശോക ഹോസ്പിറ്റല്‍ റോഡില്‍ ആഫ്രിക്കന്‍ ഒച്ച്

കണ്ണൂർ: നാട്ടിൻ പുറങ്ങളിൽ ജനജീവിതത്തിനു വിലങ്ങുതടിയായ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കണ്ണൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും. വീടിനകത്തും പുറത്തും ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമാണ്. കാൾടെക്സിലെ അശോക ഹോസ്പിറ്റൽ റോഡിൽ ആഫ്രിക്കൻ ഒച്ചിന്റെ സാന്നിദ്ധ്യമുണ്ടായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. താവക്കര ബസ് സ്റ്റാൻഡ് പരിസരം, പഴയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലും ആഫ്രിക്കൻ ഒച്ചിന്റെ സാന്നിദ്ധ്യമുണ്ട്.
വീടുകളിലെ കിണറുകളിലടക്കം ഒച്ചിന്റെ ശല്യം രൂക്ഷമായി തുടരുകയാണെന്ന് നാട്ടുകാർ പറയുന്നു. പ്രതിരോധിക്കാൻ മറ്റ് സംവിധാനങ്ങളില്ലാത്തതാണ് വെല്ലുവിളിയാകുന്നത്. അറിയാവുന്ന പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിട്ടും ശല്യത്തിന് കുറവുണ്ടായിട്ടില്ല.

ഇരുട്ടു വീണാൽ ഒച്ചുകൾ വിവിധയിടങ്ങളിലേക്ക് കടക്കുകയാണ്. സ്പർശിച്ചാൽ ചൊറിച്ചിലും പുകച്ചിലും ഉണ്ടാകുമെങ്കിലും ഇതെല്ലാം സഹിച്ചാണു മിക്ക വീട്ടുകാരും കഴിയുന്നത്. ആഫ്രിക്കൻ ഒച്ചുകൾ കുട്ടികളിൽ മസ്തിഷ്‌കജ്വരത്തിനു വരെ കാരണമായേക്കാമെന്നു ചില പഠനങ്ങൾ പറയുന്നുണ്ട്.

കോർപറേഷൻ പരിധിയിൽ മഴക്കാലപൂർവ ശുചീകരണങ്ങൾ പാളിയതാണു ആഫ്രിക്കൻ ഒച്ചുകൾ പെരുകാൻ കാരണമെന്നാണ് വിലയിരുത്തൽ. കിണറുകളിൽ ഇവയുടെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ ശുദ്ധജലം ലഭിക്കുന്നതിന് തടസമുണ്ടായേക്കും. ജില്ലയിലെ മിക്കയിടത്തും ആഫ്രിക്കൻ ഒച്ചിന്റെ സാന്നിദ്ധ്യം കൂടിവരുന്നതായാണ് റിപ്പോർട്ട്. ഇവ കൃഷിക്കും ഭീഷണിയാണ്. രാത്രി കൂട്ടത്തോടെ എത്തുന്ന ഒച്ചുകൾ വീടുകളിലെയും പ്രദേശങ്ങളിലെയും കൃഷിയിടങ്ങളും നശിപ്പിക്കുകയാണ്.

മയ്യിൽ, പാപ്പിനിശ്ശേരി, ചക്കരക്കൽ, ഇരിണാവ്, ചെറുകുന്ന്, കണ്ണപുരം റെയിൽവേ സ്റ്റേഷൻ പരിസരം, പാപ്പിനിശ്ശേരി, മയ്യിൽ, കയരളം, കുറ്റ്യാട്ടൂർ, മടക്കര, അലവിൽ, പയ്യന്നൂർ തുടങ്ങി ജില്ലയില വിവിധയിടങ്ങളിൽ ആഫ്രിക്കൻ ഒച്ചിന്റെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

തീരദേശങ്ങളിൽ മാത്രമുണ്ടായ ഒച്ചുകൾ നിലവിൽ മലയോരപ്രദേശങ്ങളിലും വ്യാപിക്കുകയാണ്.


പ്രതിരോധിക്കാം

പുകയില, തുരിശ് മിശ്രിതം തളിക്കുന്നതാണ് ആഫ്രിക്കൻ ഒച്ചുകളെ തുരത്താനുള്ള പ്രധാന മാർഗം. ഒച്ചുകൾ വീടിന്റെ പരിസരത്തും മറ്റും പ്രത്യക്ഷപ്പെട്ടു തുടങ്ങുമ്പോൾ തന്നെ പുകയിലസത്ത് ലായനി ഉപ്പു ചേർത്തു തളിക്കുക. ജൈവ അവശിഷ്ടങ്ങൾ കൂട്ടി ഇടരുത്. ഈർപ്പമുള്ള അടിക്കാടുകൾ വെട്ടിക്കളയണം. മഴക്കാലത്തിനു ശേഷം മണ്ണ് ഇളക്കിക്കൊടുക്കണം.

ആഫ്രിൻ ഒച്ചുകൾ

അക്കാറ്റിന ഫൂലിക്ക എന്നാണ് ശാസ്ത്രനാമം. 2005 ലാണ് ഈ ഒച്ചുകളെ കണ്ടുതുടങ്ങിയതെങ്കിലും 2018ലെ പ്രളയത്തിനു ശേഷം ജില്ലയിൽ ഇവ വ്യാപകമായി പെരുകുന്നതായി ആരോഗ്യ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. അനുകൂല കാലാവസ്ഥയിൽ ഒരു ഒച്ച് വർഷത്തിൽ 4 പ്രാവശ്യമായി ആയിരത്തിലധികം മുട്ടയിടും. വലിയ കൈമുഷ്ടിയുടെ അത്രയും വരെ ഇവ വലുതാകുന്നുണ്ട്. കട്ടിയേറിയ തോടുകളാണ് ഇവയ്ക്കുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, AFRICA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL