നേതാക്കളുടെ ബിനാമി ഇടപാടെന്നും ആരോപണം
കണ്ണൂർ: കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് കിഫ്ബി ഫണ്ട് ഉപയോഗിച്ച് മട്ടന്നൂരിൽ നടത്തിയ ഭൂമിയേറ്റെടുക്കലിൽ ഗുരുതര ക്രമക്കേടുണ്ടായെന്ന ആരോപണവുമായി മുൻ ഡി.വൈ.എഫ്.ഐ നേതാവ് മനു തോമസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സി.പി.എം നേതൃത്വത്തിനെതിരെ അദ്ദേഹം ആരോപണങ്ങൾ ഉന്നയിച്ചത്. പാർട്ടി നേതാക്കളുടെ ബന്ധുക്കളും ബിനാമികളും ഏക്കറുകണക്കിന് ഭൂമി വാങ്ങിക്കൂട്ടി നേട്ടമുണ്ടാക്കിയെന്നും കഴിഞ്ഞ 10 - 15 വർഷത്തിനിടെ മട്ടന്നൂർ ദുരൂഹമായ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെയും രാഷ്ട്രീയ അഴിമതിയുടെയും താവളമായി മാറിയെന്നും അദ്ദേഹം കുറിച്ചു.
മട്ടന്നൂർ നഗരസഭയിലെ 58 വീടുകൾ ഉൾപ്പെടുന്ന പ്രദേശം ഏറ്റെടുക്കാനുള്ള നടപടി തുടങ്ങിയപ്പോൾ, കീഴല്ലൂർ പഞ്ചായത്തിന്റെയോ വില്ലേജ് ഓഫീസിന്റെയോ അറിവില്ലാതെ കീഴല്ലൂർ അംശം കൊതേരി ദേശത്തെ ഭൂമി ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നഗരസഭാ അധികൃതർ ഏറ്റെടുക്കലിനായി കാണിച്ചുകൊടുത്തുവെന്നാണ് മനു തോമസിന്റെ ആരോപണം. നടപടി ഒരു ഘട്ടത്തിലെത്തിയപ്പോഴാണ് ഭൂമി കീഴല്ലൂർ പഞ്ചായത്തിലാണെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യമായതെന്ന് പോസ്റ്റിൽ പറയുന്നു. റോഡ് സൗകര്യമില്ലാത്തതും ചതുപ്പുസ്വഭാവമുള്ളതുമായതിനാൽ ഉടമകൾക്ക് വിൽക്കാൻ കഴിയാതിരുന്ന, ഒരു ലക്ഷം രൂപയിൽ താഴെ വില പ്രതീക്ഷിച്ചിരുന്ന ഭൂമിയാണ് ആറുലക്ഷം രൂപ നിരക്കിൽ ഏറ്റെടുത്തതെന്ന് മനു തോമസ് പറയുന്നു.
പാർട്ടിയെ തകർക്കാനല്ല, സാധാരണ പാർട്ടി പ്രവർത്തകർ ഇക്കാര്യങ്ങൾ അറിയേണ്ടതുണ്ടെന്നതിനാലാണ് തുറന്നുപറയുന്നതെന്ന് മനു തോമസ് വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |