SignIn
Kerala Kaumudi Online
Sunday, 25 October 2026 6.00 AM IST

ചിത്രം വരക്കും,നൃത്തമാടും; നൂറുവേദികൾ പിന്നിട്ട് ലീജയുടെ 'വരനടനം"

ph-1-

കണ്ണൂർ:വേദിയിൽ നൃത്തത്തിനൊപ്പം ചിത്രം വരച്ചുള്ള വരനടനവുമായി പയ്യന്നൂർ കോത്തായമുക്ക് സ്വദേശി ലീജ ദിനൂപ് ഇതിനകം പിന്നിട്ടത് 105 വേദികൾ.പ്രകൃതിയും ദൈവങ്ങളും സാമൂഹ്യവിഷയങ്ങളും സ്ത്രീകൾ നേരിടുന്ന അക്രമവുമൊക്കെ നൃത്തത്തോടൊപ്പം കാൻവാസിൽ നിറച്ചുള്ള ലീജയുടെ വിസ്മയപ്രകടനം ഏറെ ശ്രദ്ധപിടിച്ചുപറ്റിക്കഴിഞ്ഞു.

കഴിഞ്ഞ വിജയദശശമിക്ക് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ നൂറ്റിയഞ്ചാമത്തെ വേദിയാണ് വരനടനം പിന്നിട്ടത്. ഇരുപത് മിനിറ്റ് നീണ്ടുനിൽക്കുന്ന നൃത്തത്തിനിടയിലാണ് വര.ഇതിനകം ഒട്ടേറെ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ലീജയെ തേടിയെത്തിയിട്ടുണ്ട്. ചെറുപ്രായത്തിൽ തന്നെ നൃത്തത്തോടൊപ്പം ചിത്ര രചയനയിലും ലീജ കഴിവ് തെളിയിച്ചിട്ടുണ്ട്. സ്കൂൾ കലോത്സവവേദികളിലും ചിത്ര രചനയിൽ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. നൃത്തത്തിനിടയിൽ കേരളത്തിലെ അഞ്ച് മുഖ്യമന്ത്രിമാരുടെ ഛായാചിത്രം വരച്ചും ലീജ ശ്രദ്ധ നേടിയിട്ടുണ്ട്. തിരുവന്തപുരത്ത് കേരള ലളിതാ കലാ അക്കാദമി സംഘടിപ്പിച്ച വേദിയിൽ രാമായണം – നവരസം അവതരിപ്പിച്ചും ശ്രദ്ധ നേടി.നൃത്തത്തിന്റെ താളം തെറ്റാതെ രാജാ രവിവർമയുടെ പ്രശസ്തമായ ചിത്രങ്ങൾ പുനരാവിഷ്‌കരിക്കുകയുെ ചെയ്തിട്ടുണ്ട്.

ഏഴു വയസ്സുകാരൻ മകൻ ചിന്മയ് ദിനൂപും അമ്മയ്ക്കൊപ്പം നൃത്തവേദികളിലെത്തുന്നുണ്ട്.കഴിഞ്ഞ നവരാത്രി ഉത്സവത്തിൽ പയ്യന്നൂർ നമ്പ്യാത്രക്കൊവ്വൽ ക്ഷേത്രത്തിൽ അമ്മയും മകനും വരനടനത്തിലൂടെ ശിവ പാർവ്വതിമാരുടെയും ഗണേശന്റെയും ചിത്രം വരച്ച് കാണികളെ കൈയിലെടുത്തിരുന്നു. ഭർത്താവ് കെ.ദിനൂപിന്റെ പിന്തുണയും ഈ കലാകാരിയുടെ ജൈത്രയാത്രയ്ക്ക് പിന്നിലുണ്ട്. ടി.വി.ലക്ഷ്മണൻ- കെ.വി. ബിന്ദു ദമ്പതികളുടെ മകളാണ് ലീജ.

ആദ്യപ്രകടനം കണ്ടോത്ത്

പയ്യന്നൂർ‌ കണ്ടോത്ത് സൗപർണ്ണിക കലാക്ഷേത്രം വാർഷിക പരിപാടിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു ആദ്യമായി വരനടനം അവതരിപ്പിച്ചത്.മികച്ച പിന്തുണ ലഭിച്ചതോടെ കൂടുതൽ വേദികൾ ലഭിച്ചു. വേറിട്ട കലാപ്രകടനങ്ങളിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടംനേടാനും ഈ കലാകാരിക്ക് സാധിച്ചു.കണ്ണൂർ സർവകലാശാലയിൽ നിന്ന് ഭരതനാട്യത്തിൽ രണ്ടാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് ഈ കലാകാരി. തുടർന്ന് തിരുവനന്തപുരത്ത് നിന്ന് ഫൈൻ ആർട്സിൽ ഡിസ്റ്റിംഗ്ഷനോടെ ബിരുദവും പൂർത്തിയാക്കി.ഓയിൽ പെയിന്റിംഗിലും ചാർക്കോൾ ചിത്രരചനയിലും മികവ് പുലർത്തുന്ന ലീജ ചുമർചിത്രകലയിലും പ്രത്യേക വൈദഗ്ധ്യം നേടിയിട്ടുണ്ട്. പയ്യന്നൂർ കണ്ടോത്ത് നൃത്തവും ചിത്രരചനയും അഭ്യസിപ്പിക്കുന്ന സ്ഥാപനവും ലീജ നടത്തിവരുന്നു.

.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL