SignIn
Kerala Kaumudi Online
Friday, 23 October 2026 5.06 PM IST

പെരിയയിൽ പൊരിഞ്ഞ പോരാട്ടം

election
പെരിയയിൽ പൊരിഞ്ഞ പോരാട്ടം

കാഞ്ഞങ്ങാട്: സി.പി.എമ്മിനും അതുവഴി എൽ.ഡി.എഫിനും ശക്തമായ സ്വാധീനമുള്ള ഡിവിഷനാണ് പെരിയ. കേന്ദ്ര സർവ കലാശാലയുടെ വരവോടെ ജില്ലയുടെ വിദ്യാഭ്യാസ ഹബ്ബായി പെരിയ മാറി. പെരിയ ജില്ലാ പഞ്ചായത്ത് ഡിവിഷനെ പ്രതിനിധീകരിക്കാൻ ഇത്തവണ വനിതകൾ തമ്മിലാണ് പോര്. അതിർത്തി പുനർനിർണയത്തോടെ അജാനൂർ പഞ്ചായത്തിലെ 7 വാർഡുകളും പുല്ലൂർ പെരിയയിലെ 15 വാർഡുകളും ബേഡഡുക്കയിലെ 12 വാർഡുകളും മുളിയാർ പഞ്ചായത്തിലെ 2 വാർഡുകളും ചേർന്നതാണ് പെരിയ ഡിവിഷൻ. കഴിഞ്ഞ തവണ ജനറൽ ഡിവിഷനായിരുന്നെങ്കിലും എൽ.ഡി.എഫിനായി സി.പി.എമ്മിലെ പ്രായംകുറഞ്ഞ സ്ഥാനാർത്ഥിയായി മത്സരിച്ച ഫാത്തിമത്ത് ഷംനയാണ് വിജയിച്ചത്.

ഇത്തവണയും വിജയം ആവർത്തിക്കുമെന്ന് എൽ.ഡി.എഫ് അവകാശപ്പെടുമ്പോൾ പുനർവിഭജനം തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ഡിവിഷനിലെ വോട്ടുവിഹിതം വർദ്ധിപ്പിക്കാൻ ബിജെപിയും പ്രചാരണരംഗത്ത് സജീവമാണ്.

അങ്കത്തട്ടിൽ ഇവർ

എ.ഐ.എസ്.എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം രാവണീശ്വരത്തെ കെ.കെ. സോയയാണ് (26) ഇടതുമുന്നണി സ്ഥാനാർത്ഥി. എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം, കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി അംഗം, രാവണീശ്വരം സി.അച്യുതമേനോൻ ഗ്രന്ഥാലയം ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം കരുണാകരൻ കുന്നത്തിന്റെ മകളാണ്.

ചെമ്മനാട് പഞ്ചായത്ത് കടപ്പള്ളം ആറാം വാർഡ് വനിതാ ലീഗ് പ്രസിഡന്റാണ് യു.ഡി.എഫിനുവേണ്ടി മത്സരിക്കുന്ന മുസ്‌ലിം ലീഗിലെ ജിഷ രാജു. ചട്ടഞ്ചാൽ സ്വദേശിയാണ്. ദളിത് ലീഗ് സംസ്ഥാന സെക്രട്ടറിയും നാടൻപാട്ട് കലാകാരനുമായ കലാഭവൻ രാജുവിന്റെ ഭാര്യയാണ്.

ബി.ജെ.പി പള്ളിക്കര ഈസ്റ്റ് പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റും ഉദുമ മണ്ഡലം കമ്മിറ്റിയംഗവുമാണ് ടി. ഹേമലത. പെരിയാട്ടടുക്കം സ്വദേശിയായ ഹേമലത കേന്ദ്ര സർവകലാശാലയിൽ താൽക്കാലിക ജീവനക്കാരിയാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പള്ളിക്കര പഞ്ചായത്തിലെ 5 വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു. കർഷകനായ പി. മണികണ്ഠനാണ് ഭർത്താവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL