SignIn
Kerala Kaumudi Online
Sunday, 28 June 2026 1.16 AM IST

ഉറ്റവർ മടിച്ചു; നാരായണന്റെ ചിതയിൽ അഗ്നിപകർന്ന് ഇർഫാന ഇഖ്ബാൽ

2
നാരായണന്റെ മൃതദേഹം ഏറ്റുവാങ്ങിയ ജില്ലാ പഞ്ചായത്ത് മെമ്പർ ഇർഫാന ഇക്ബാൽ സംസ്കാര ചടങ്ങുകൾ നടത്തുന്നു

കാസർകോട്: വായിൽ കാൻസർ ബാധിച്ച് മരിച്ച മഞ്ചേശ്വരം മീഞ്ച പഞ്ചായത്തിൽ ചിഗ്റുപദവ് സ്വദേശിയായ നാരായണന് (64) അന്ത്യകർമ്മങ്ങൾ ചെയ്ത് ജില്ലാ പഞ്ചായത്ത്‌ മെമ്പർ ഇർഫാന ഇഖ്ബാൽ. കോഴിക്കോട് മെഡിക്കൽ കോളേജിൽ വ്യാഴാഴ്ചയായിരുന്നു നാരായണന്റെ മരണം. മൃതദേഹം ഏറ്റുവാങ്ങാൻ ഉറ്റവരാരും എത്തിയിരുന്നില്ല. ഒടുവിൽ രണ്ട് ഭാര്യമാരും, മക്കളും, സഹോദരിയും മൃതദേഹം ഏറ്റെടുത്തു സംസ്കാരം നടത്താൻ ഇർഫാനക്ക് സമ്മത പത്രം നൽകുകയായിരുന്നു. അങ്ങനെ ജാതിയോ മതമോ പ്രശ്നമാകാതെ ഇർഫാന ചിതയ്ക്ക് തീകൊളുത്തി.

ഒരു മാസം മുൻപാണ് നാട്ടിലെ കട വരാന്തയിൽ ആഴ്ചകളോളം ഭക്ഷണം കഴിക്കാതെ മൃതപ്രായനായി കഴിഞ്ഞിരുന്ന നാരായണന്റെ ദയനീയ അവസ്ഥ വാർഡ് മെമ്പർ ഷെരിഫ് ചിനാല ജില്ലാ പഞ്ചായത്ത്‌ മെമ്പറും, വനിതാ ലീഗ് നേതാവുമായ ഇർഫാന ഇഖ്ബാലിനെ അറിയിക്കുന്നത്. ഉടനെ സ്ഥലത്ത് എത്തിയ അവർ ജില്ലാ കളക്ടറേയും, ജില്ലാ മെഡിക്കൽ ഓഫീസറെയും കാര്യങ്ങൾ ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഷെയ്ഖ് സായിദ് ഫൗണ്ടേഷൻ പ്രവർത്തകർ കുളിപ്പിച്ച് വൃത്തിയാക്കി പ്രാഥമിക ശുശ്രൂഷ നൽകി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഒരു മാസമായി അവിടെ അത്യാഹിത വിഭാഗത്തിൽ ചികിത്സ തുടരുന്നതിനിടെയാണ് നാരായണൻ മരണത്തിന് കീഴടങ്ങിയത്. മരണപെട്ട വിവരം മഞ്ചേശ്വരം പൊലീസ് ബന്ധുക്കളെ അറിയിച്ചിരുന്നു. മൃതദേഹം ചെറുഗോളി പൊതുശ്മാശാനത്തിലാണ് ഹൈന്ദവ ആചാര പ്രകാരം സംസ്കരിച്ചത്. സാമൂഹ്യ പ്രവർത്തകരായ റിയാസ് പിലാത്തറ, മെഹ്മൂദ് കൈകമ്പ തുടങ്ങിയവരും കർമ്മങ്ങൾക്ക് നേതൃത്വം നൽകി.

50ഓളം മാതാപിതാക്കളുടെ സംരക്ഷക

ഉറ്റവർ നഷ്ടപ്പെട്ട് തെരുവിൽ ഉപേക്ഷിക്കപ്പെട്ട അമ്പതോളം മാതാപിതാക്കളെ സംരക്ഷിക്കുന്ന ഉപ്പളയിലെ ഷെയ്ഖ് സായിദ് വൃദ്ധ മന്ദിരം സ്ഥാപകയാണ് ജില്ലാ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ ഇർഫാന. അവരുടെ മനുഷ്യത്വപരമായ സമീപനങ്ങൾ സോഷ്യൽ മീഡിയയിൽ ഏറേ പ്രശംസ പിടിച്ചു പറ്രി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, STORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL