കാസർകോട്: ഏക്കറുകൾ നീണ്ടുകിടക്കുന്ന കൃഷിയിടത്തിൽ വളമിടാനും കീടനാശിനി തളിക്കാനും ആളെ കിട്ടാതെ കാസർകോട്ടുകാർക്ക് ഇനി വിഷമിക്കേണ്ടി വരില്ല. കാരണം, പറന്നു ചെന്ന് പണിതീർക്കാൻ ജില്ലയിലെ പാടശേഖരങ്ങളിൽ ഇപ്പോൾ ഡ്രോൺ ദീദിമാർ സജീവമാണ്. കേന്ദ്ര സർക്കാരിന്റെ നമോ ഡ്രോൺ ദീദി പദ്ധതിയുടെ ഭാഗമായി സംസ്ഥാന കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലാണ് ജില്ലയിൽ ഏഴംഗ വനിതാ സംഘം ഡ്രോൺ സഹായത്തോടെയുള്ള കൃഷി പരിപാലനവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
കഴിഞ്ഞ രണ്ടു കൊല്ലമായി ജില്ലയിലെ കർഷകർക്ക് ഈ പദ്ധതി വലിയ തോതിൽ ഉപകാരപ്പെടുന്നുണ്ട്. കൃത്യമായ പരിശീലനം പൂർത്തിയാക്കി ഇവർ കർമരംഗത്ത് സജീവമായതോടെ കാസർകോടിന്റെ കാർഷിക മേഖലയിൽ വലിയൊരു മാറ്റത്തിനാണ് വഴിതുറന്നിരിക്കുന്നത്.
വനിതാ ഡ്രോൺ പൈലറ്റുമാരുടെ സേവനം ജില്ലയിലെ കൂടുതൽ കാർഷിക മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അതുവഴി ഇവർക്ക് കൂടുതൽ തൊഴിൽ ദിനങ്ങളും ഉയർന്ന വരുമാനവും ഉറപ്പാക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. ഡ്രോൺ ദീദിമാരുടെ സേവനം ആവശ്യമുള്ള കർഷകർക്ക് കാസർകോട് കുടുംബശ്രീ ജില്ലാ മിഷനുമായി ബന്ധപ്പെടാവുന്നതാണ്.
600 ഏക്കർ
ജില്ലയിലെ 228 കർഷകരുടെ 600 ഏക്കറോളം വരുന്ന കൃഷിയിടങ്ങളിലാണ് ഇതിനോടകം ഡ്രോൺ സേവനം ലഭിച്ചത്. മണിക്കൂറുകളോ ദിവസങ്ങളോ എടുക്കുന്ന ജോലികൾ മിനിറ്റുകൾക്കുള്ളിൽ കൃത്യതയോടെ തീർക്കാൻ ഡ്രോൺ ദീദിമാർക്ക് സാധിക്കുന്നുണ്ട്. ഇത് സമയലാഭത്തോടൊപ്പം കർഷകരുടെ അധ്വാനഭാരവും ഗണ്യമായി കുറയ്ക്കുന്നു.
നമോ ഡ്രോൺ ദീദി പദ്ധതി
കാർഷിക മേഖലയ്ക്ക് പുത്തനുണർവ് നൽകുന്നതിനൊപ്പം വനിതകൾക്ക് സ്വയം തൊഴിലും വരുമാനവും ഉറപ്പാക്കുക എന്നതാണ് നമോ ഡ്രോൺ ദീദി പദ്ധതിയുടെ ലക്ഷ്യം. രണ്ടു വർഷത്തെ വിജയകരമായ മുന്നേറ്റത്തിനു ശേഷം പദ്ധതി കൂടുതൽ വിപുലീകരിക്കാനുള്ള ശ്രമങ്ങളിലാണ് കുടുംബശ്രീ മിഷൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |