SignIn
Kerala Kaumudi Online
Thursday, 02 July 2026 6.04 PM IST

പ്രതിരോധ മേഖലയുടെ കരുത്ത് വർദ്ധിപ്പിക്കാൻ കേന്ദ്രം; കര, വ്യോമ, നാവിക സേനകൾക്കായി ഒരുലക്ഷം കോടിയുടെ പദ്ധതികൾ അണിയറയിൽ

rajnath-singh
കേന്ദ്ര പ്രതിരോധമന്ത്രി രാജനാഥ് സിംഗ്

ന്യൂഡൽഹി: ഇന്ത്യൻ സായുധ സേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒരുലക്ഷം കോടിരൂപയുടെ നിർദേശങ്ങളുമായി കേന്ദ്രം. നി‌ർദേശങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) യോഗം വെള്ളിയാഴ്ച ചേരും. അടുത്തകാലത്ത് നടന്നതിൽ വച്ച് ഏറ്റവും നിർണായകമായ യോഗമായിരിക്കും ഇതെന്ന് പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.

അതിർത്തിയിലെ സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിനായി ഇന്ത്യൻ കരസേനയെ കൂടുതൽ നവീകരിക്കുന്നതിനുള്ള നി‌ർദേശങ്ങൾ യോഗത്തിലുണ്ടാകും. നിലവിൽ ഉപയോഗിക്കുന്ന 155 എംഎം ട്രാക്ക്ഡ് ഹൊവിറ്റ്സർ വിഭാഗത്തിൽപ്പെട്ട കൂടുതൽ കെ-9 വജ്ര പീരങ്കികൾ വാങ്ങാനും പദ്ധതിയുണ്ട്. വെർബ മാൻ പോർട്ടബിൾ സിസ്റ്റംസ്, ടാങ്കുകൾക്കും സായുധ വാഹനങ്ങൾക്കുമായുള്ള ആക്റ്റീവ് പ്രൊട്ടക്ഷൻ സിസ്റ്രംസ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. കടലിലെ നിരീക്ഷണം ശക്തിപ്പെടുത്താൻ നാവികസേനയ്ക്കും ആകാശകരുത്ത് വർദ്ധിപ്പിക്കാൻ വ്യോമസേനയ്ക്കും സഹായകമാകുന്ന നിർദേശങ്ങളും യോഗത്തിലുണ്ടാകും.

പുതിയ തലമുറയിലെ ഹെവിവെയ്റ്റ് ടോർപ്പിഡോകൾ, അത്യാധുനിക സജ്ജീകരണങ്ങളുള്ള ബോട്ടുകൾ, അന്തർവാഹിനികൾ എന്നിവ നാവികസേനയ്ക്കായി വാങ്ങാനും പദ്ധതിയുണ്ട്. മാത്രമല്ല കടലിനടിയിലെ നിരീക്ഷണം ശക്തമാക്കാൻ നൂതന ഇലക്ട്രോണിക് വാർഫെയർ സ്യൂട്ടുകളും സോണാർ സംവിധാനങ്ങളും പരിഗണനയിലുണ്ട്. ലോംഗ് റേഞ്ച് സ്റ്രാൻഡ്-ഓഫ് പ്രിസിഷൻ മിസൈലുകൾ, ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കാൻ കഴിയുന്ന യുദ്ധവിമാനങ്ങൾ, റഡാർ സംവിധാനങ്ങൾ എന്നിവയാണ് വ്യോമസേനയ്ക്കായി പരിഗണനയിലുള്ളത്.

അതേസമയം, ഇന്ത്യൻ കമ്പനികളായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് , ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് എന്നിവയിൽ നിന്നാണ് മിസൈലുകൾ, റഡാറുകൾ മറ്റ് ഇലക്ട്രോണിക് യുദ്ധോപകരണങ്ങൾ എന്നിവ വാങ്ങാൻ മന്ത്രാലയം ഉദ്ദേശിക്കുന്നത്. ഇത് വിദേശ ഇറക്കുമതി കുറയ്ക്കാനും ആഭ്യന്തര ഉൽപ്പാദനം കൂട്ടാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ. പദ്ധതിയ്ക്ക് അനുമതി ലഭിച്ചാൽ അത് ഇന്ത്യയുടെ സൈനിക നവീകരണ പ്രവർത്തനങ്ങൾക്കും ആത്മനിർഭർ ഭാരത് ക്യാമ്പയിനും വലിയൊരു ഊ‌ർജജമായേക്കുമെന്നാണ് വിലയിരുത്തൽ.


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIAN DEFENCE, MISSILE AND DRONES, INDIAN ARMED FORCE, INDIA DEFENCE NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360