SignIn
Kerala Kaumudi Online
Thursday, 09 July 2026 3.54 AM IST

അടിത്തറ ഉയർത്തവേ ചരിഞ്ഞ കെട്ടിടം പൊളിക്കാൻ നോട്ടീസ്

pic

കൊച്ചി: വെള്ളക്കെട്ട് ഒഴിവാക്കാൻ അടിത്തറ ഉയർത്തവേ ജാക്കി തെന്നിമാറി സമീപത്തെ കെട്ടിടത്തിലേക്ക് ചരിഞ്ഞ ഇരുനിലവീട് അടിയന്തരമായി പൊളിച്ചുനീക്കാൻ കോർപ്പറേഷൻ സെക്രട്ടറി നോട്ടീസ് നൽകി.

എറണാകുളം എം.ജി റോഡിൽ വുഡ് ലാൻഡ്സ് ജംഗ്ഷന് സമീപത്തുള്ള ഇഖ്ബാൽ എന്നയാളുടെ ആൾത്താമസമില്ലാത്ത വീടാണ് സമീപത്തെ എൻസൈൻ എൻക്ലേവ് എന്ന ബഹുനില കെട്ടിടത്തിൽ തട്ടി നിന്നത്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.

എൻസൈൻ എൻക്ലേവ് ഉടമയുടെ പരാതിയിൽ കോർപ്പറേഷൻ എൻജിനിയറിംഗ് വിഭാഗം ഇന്നലെ സ്ഥലത്ത് പരിശോധന നടത്തി എത്രയും വേഗം കെട്ടിടം പൊളിച്ചുനീക്കാൻ നിർദ്ദേശം നൽകി. ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും കോർപ്പറേഷൻ സെക്രട്ടറി കത്തു നൽകിയിട്ടുണ്ട്.

അന്യസംസ്ഥാനക്കാരായ എട്ടു തൊഴിലാളികൾ ചേർന്ന് അടിത്തറ ഒരടിയോളം ഉയർത്തിയപ്പോഴേക്കും അപ്രതീക്ഷിതമായി ജാക്കി തെന്നിമാറുകയായിരുന്നു. ചരിഞ്ഞകെട്ടിടം വന്ന് തട്ടിയപ്പോൾ വിലയശബ്ദവും മുഴക്കവും അനുഭവപ്പെട്ടെന്ന് എൻസൈൻ എൻക്ലേവ് ഉടമ കുമാരി സുകുമാരനും മകൾ എസ്. ദിവ്യയും പറഞ്ഞു. ഇവർ താമസിക്കുന്ന ഫ്ലാറ്റ്, കേരള ഗ്രാമീൺ ബാങ്ക് ശാഖ, സ്റ്റുഡിയോ, ഭീമ സിൽവർ ജുവലറി തുടങ്ങി നിരവധി സ്ഥാപനങ്ങൾ എൻസൈൻ എൻക്ലേവിൽ പ്രവർത്തിക്കുന്നുണ്ട്.

ഇരുനില കെട്ടിടം നാലടി ഉയർത്തുകയായിരുന്നു വിദേശത്തുള്ള ഉടമയുടെ ലക്ഷ്യം. ഇതിന് നഗരസഭയുടെയോ അഗ്നിശമന സേനയുടെയോ മുൻകൂർ അനുമതി വാങ്ങിയിരുന്നില്ല. ചെന്നൈ ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് കരാറുകാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, BUILDING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL