SignIn
Kerala Kaumudi Online
Tuesday, 01 September 2026 12.44 AM IST

അനാഥം ടി.എസ് തിരുമുമ്പ് സാംസ്കാരിക സമുച്ചയം

ts
ടി.എസ് തിരുമുമ്പ് സാംസ്കാരിക സമുച്ചയം

വെള്ളത്തിലാകുന്നത് 52 കോടിയുടെ പദ്ധതി

മടിക്കൈ: അമ്പലത്തുകരയിലെ ടി.എസ് തിരുമുമ്പ് സാംസ്കാരിക സമുച്ചയം ഉദ്യോഗസ്ഥരുടെ പിടിപ്പുകേടിൽ അനാഥാവസ്ഥയിൽ. ജില്ലയുടെ കലാ-സാംസ്കാരിക പൈതൃകം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സാംസ്കാരിക വകുപ്പ് നിർമിച്ച സാംസ്കാരിക സമുച്ചയം നിർമാണം പൂർത്തിയായിട്ടും പ്രവർത്തനമാരംഭിച്ചിട്ടില്ല.

3.77 ഏക്കർ സ്ഥലത്ത് 41.95 കോടി രൂപയുടെ എസ്റ്റിമേറ്റിൽ ആരംഭിച്ച പദ്ധതി പൂർത്തിയായപ്പോൾ ചെലവ് 52 കോടിയായി. 69,250 ചതുരശ്ര അടി വിസ്തൃതിയിലുള്ള സമുച്ചയത്തിൽ പ്രവേശന ബ്ലോക്കിൽ 14,750 ചതുരശ്ര അടി വിസ്തീർണമുള്ള, സ്മാരക ഹാൾ, സുവനീർ വിൽപനശാലകൾ, ഗ്രന്ഥശാല, ഭരണ നിർവഹണ കേന്ദ്രം എന്നിവ ഉൾപ്പെടുന്നു. 25,750 ചതുരശ്ര അടി വിസ്തീർണമുള്ള പ്രദർശനശാല, ബ്ലാക്ക് ബുക്ക് തിയറ്റർ, സെമിനാർ ഹാൾ, പഠന മുറികൾ എന്നിവ കൂടാതെ കലാകാരന്മാർക്കുള്ള പണിശാലകളും പ്രദർശന ബ്ലോക്കിന്റെ ഭാഗമായുണ്ട്‌. 10,750 ചതുരശ്ര അടി വിസ്തീർണമുള്ള ഓഡിറ്റോറിയം, പതിനാലായിരം ചതുരശ്ര അടി വിസ്തീർണമുള്ള ഗോത്രകലാ മ്യൂസിയം, ഫോക്‌ലോർ കേന്ദ്രം, കഫെറ്റീരിയ എന്നിവ അടങ്ങിയ കഫെറ്റീരിയ ബ്ലോക്കും സമുച്ചയത്തിലുണ്ട്. ഓപ്പൺ എയർ തിയറ്ററിൽ 650 പേർക്ക്‌ പരിപാടി വീക്ഷിക്കാൻ സാധിക്കും.

മടിക്കൈയുടെ മുഖച്ഛായ മാറ്റി മറിക്കുമായിരുന്ന പദ്ധതിയാണ് ടി.എസ് തിരുമുമ്പ് സാംസ്കാരിക സമുച്ചയം. ഒരു പ്രദേശത്തിന്റെ വികസനത്തിന്‌ മാറ്റുകൂട്ടുന്ന പദ്ധതി തുറന്നു കൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ​ പുതുതലമുറകൾക്ക് ടി.എസ്. തിരുമുമ്പിനെ ഓർമ്മപ്പെടുത്താനാണ് നീണ്ട മുറവിളിക്ക് ശേഷം മടിക്കൈയിൽ സ്മാരക സമുച്ഛയം പണിതത്. ഉദ്യോഗസ്ഥരുടെ പിടിപ്പുകേടിൽ ഒരു നാടിന്റെ തന്നെ വികസനത്തിന് തുരങ്കംവയ്ക്കുന്ന നിലപാടിൽ വ്യാപക പരാതി ഉയരുകയാണ്.

പാർക്കിംഗ് സൗകര്യമില്ലാത്തത് തടസം

സമുച്ചയത്തിൽ പാർക്കിംഗ് സൗകര്യം ഒരുക്കാത്തതിനാൽ പ്രവർത്തനാനുമതി ലഭിച്ചിട്ടില്ലെന്നാണ് വിവരം. എസ്റ്റിമേറ്റിൽ പാർക്കിംഗ് ഏരിയ ഉൾപ്പെടുത്തിയിരുന്നെങ്കിലും നിർമാണഘട്ടത്തിൽ അത് ഒഴിവാക്കുകയായിരുന്നുവത്രെ. ഉദ്യോഗസ്ഥതലത്തിൽ നടന്ന അബദ്ധങ്ങൾ ഒരു വലിയ പദ്ധതിയെ വഴിയാധാരമാക്കിയിരിക്കുകയാണ്‌. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് തന്നെ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയെങ്കിലും നിർമാണ കമ്പനി ഇതുവരെ സാംസ്കാരിക വകുപ്പിന് ഔദ്യോഗികമായി കൈമാറിയിട്ടില്ലെന്നാണറിയുന്നത്. എൽ.ഡി.എഫ്‌ സർക്കാറിന്റെ കാലത്ത് നിരവധി തവണ ഇത് തുറക്കാൻ ശ്രമം നടത്തിയെങ്കിലും സാങ്കേതിക കുരുക്കിൽപെട്ട് നീളുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, BUILDING COLLAPSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL