SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.08 AM IST

വിസ്മൃതിയിലേക്ക് മറഞ്ഞ് വിജയ സ്തംഭങ്ങൾ

history
കാരാട്ട് വയലിൽ കണ്ടെത്തിയ വിജയസ്തംഭം പരിശോധിക്കുന്ന നന്ദകുമാർ കോറോത്ത്

കാഞ്ഞങ്ങാട്: ഇക്കേരി രാജാക്കന്മാരായ ശിവപ്പ നായ്ക്ക്, സദാശിവ നായ്ക്ക്, സോമശേഖര നായ്ക്ക് എന്നിവർ ചേർന്ന പടയോട്ടത്തിന്റെയും യുദ്ധവിജയത്തിന്റെയും കഥകൾ പറയുന്ന വിജയ സ്തംഭങ്ങൾ വിസ്മൃതിയിലേക്ക്. കാഞ്ഞങ്ങാട് നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളേജ് ചരിത്ര വിഭാഗം മേധാവിയും ചരിത്ര ഗവേഷകനുമായ ഡോ. നന്ദകുമാർ കോറോത്തിന്റെ അന്വേഷണത്തിലാണ് കാരാട്ടുവയലിൽ ആരുടെയും ശ്രദ്ധയിൽപെടാതെ കിടന്ന വിജയസ്തംഭങ്ങൾ കണ്ടെത്തിയത്.

1645-1660 കാലഘട്ടത്തിൽ ശിവപ്പ നായ്കിന്റെ കാലഘട്ടത്തിലാണ് കാഞ്ഞങ്ങാട് പ്രദേശം ഇക്കേരി നായകന്മാർ കീഴടക്കുന്നത്. അതിന്റെ പ്രതീകമായി സ്ഥാപിക്കപ്പെട്ട ചരിത്രമൂല്യമേറെയുള്ള വിജയ സ്തംഭങ്ങളിൽ ഒന്നാണ് കാരാട്ട് വയലിൽ ആരും ശ്രദ്ധിക്കാതെ ചുറ്റുഭാഗവും മണ്ണ് നിറഞ്ഞ നിലയിൽ കണ്ടെത്തിയത്. ആക്രമിച്ച് കീഴടക്കിയ ദേശങ്ങളുടെ അതിർത്തികളിൽ തന്റെ ജൈത്രയാത്രകളുടെ നിത്യസ്മാരകങ്ങളായി മാറാൻ ലക്ഷ്യമിട്ടാണ് വിജയ സ്തംഭങ്ങൾ സ്ഥാപിച്ചത്. നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് മുപ്പത് വർഷം മുമ്പുവരെ വിജയസ്തംഭം നിലനിന്നിരുന്നു.
കാരാട്ട് വയൽ ദുർഗ ഹയർ സെക്കൻഡറി സ്കൂളിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തായി നശിക്കപ്പെടാതെ നിലനിൽക്കുന്ന വിജയ സ്തംഭങ്ങൾക്ക് സമാന ആകൃതിയുണ്ട്. സൂര്യൻ, ചന്ദ്രക്കല, ശിവലിംഗം തുടങ്ങിയ രൂപങ്ങൾ കൊത്തിവെച്ച സ്തംഭങ്ങൾക്ക് രണ്ട് അടി ഉയരവും ഒരടി വീതിയുമാണുള്ളത്. സ്തംഭത്തിന്റെ കീഴ്ഭാഗം രണ്ടടിയോളം മണ്ണിനടിയിൽ പോയിട്ടുണ്ടെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം.

ചരിത്രഗ്രന്ഥങ്ങളിൽ പരാമ‌ർശം

കാസർകോട് ഇക്കേരി തൗളവ രാജവംശത്തിലെ സദാശിവനായ്ക്ക് വിജയസ്തംഭം സ്ഥാപിച്ചതായി സാഹിത്യ ഗ്രന്ഥങ്ങളിൽ പരാമർശമുണ്ട്. കന്നട ഭാഷയിൽ തൊലഗദ കംബഗലു എന്ന പേരിൽ അറിയപ്പെടുന്ന വിജയ സ്തംഭങ്ങളിൽ ചരിത്ര ശേഷിപ്പായി നിലനിൽക്കുന്നത് കാഞ്ഞങ്ങാട്ടുള്ള മൂന്ന് വിജയ സ്തംഭങ്ങളാണ്. പോർച്ചുഗീസുകാരെ തോൽപ്പിച്ച് നീലേശ്വരം വരെ തന്റെ അധീനതയിലാക്കി നീലേശ്വരത്ത് ശിവപ്പ നായ്ക്ക് വിജയസ്തംഭം സ്ഥാപിച്ചതായി കേളദി ബസവരാജ എഴുതിയ കേളദി നൃപ വിജയത്തിൽ പരാമർശമുണ്ട്. ശിവതത്ത്വ രത്നാകര എന്ന ഗ്രന്ഥത്തിലും സ്തംഭങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇക്കേരി രാജാക്കന്മാർക്ക് ശേഷം നടന്ന പടയോട്ടങ്ങളിൽ ഭൂരിഭാഗം വിജയ സ്തംഭങ്ങളും നശിപ്പിക്കപ്പെട്ടിരിക്കാമെന്ന് ഗോവിന്ദ പൈയുടെ "തുളുനാട് പൂർവ്വ സ്മൃതി" എന്ന ഗവേഷണ പ്രബന്ധത്തിൽ സൂചനയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, HISTORIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL