SignIn
Kerala Kaumudi Online
Friday, 23 October 2026 5.06 PM IST

തണുത്ത് വിറച്ച് കൊല്ലം

thanuppu

കൊല്ലം: മൂന്നാറിന് സമാനമായി തണുത്ത് വിറച്ച് ജില്ല. കഴിഞ്ഞ രണ്ട് ദിവസമായി തണുത്ത അന്തരീക്ഷം തുടരുകയാണ്. ഉച്ചസമയത്ത് പോലും ശക്തമായ തണുപ്പാണ് അനുഭവപ്പെട്ടത്. അന്തരീക്ഷം മൂടിക്കെട്ടി നിൽക്കുന്നുണ്ടെങ്കിലും മഴ പെയ്യുന്നുമില്ല. അപ്രതീക്ഷിത കാലാവസ്ഥയിൽ ആശങ്ക അറിയിച്ചുള്ള റീലുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു.

ശ്രീലങ്കൻ തീരം കടന്ന് ഇന്ത്യൻ തീരത്തേക്കെത്തിയ ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ ഭാഗമായുള്ള മേഘങ്ങൾ രണ്ട് ദിവസമായി കേരളത്തിന്റെ അന്തരീക്ഷത്തിന് മുകളിൽ നിൽക്കുന്നതാണ് പകൽ സമയത്ത് പോലും തണുത്ത കാലാവസ്ഥയ്ക്ക് കാരണമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതർ പറയുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മേഘങ്ങൾ നീങ്ങിത്തുടങ്ങും.

സാധാരണ നിലയേക്കാൾ 4 മുതൽ 8 ഡിഗ്രി വരെ കുറവ് താപനിലയാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ രണ്ട് ദിവസം മാത്രം ഏറ്റവും ഉയർന്ന താപനില 26.7 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20.7 ഡിഗ്രി സെൽഷ്യസുമാണ്. സാധാരണയേക്കാൾ 4 മുതൽ 8 ഡിഗ്രി വരെ കുറവാണിത്. പുനലൂരിലാണ് കേരളത്തിൽ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.

എത്തിച്ചത് ഡിറ്റ് വാ ചുഴലിക്കാറ്റ്

 ശ്രീലങ്കൻ തീരം കടന്ന് ഇന്ത്യൻ തീരത്തേക്കെത്തിയ ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്നാണ് തണുപ്പൻ കാലാവസ്ഥ

 കേരളം ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ ഔട്ടർ ബാന്റുകൾക്ക് പുറത്താണെങ്കിലും കേരളത്തിലേക്ക് കനത്ത തോതിൽ മേഘങ്ങളെത്തുന്നു

 മേഘങ്ങൾ സൂര്യപ്രകാശം ഭൂമിയിൽ പതിക്കുന്നതിന്റെ തോത് കുറച്ചു

 അതിനാൽ അന്തരീക്ഷം ചൂടുപിടിക്കുന്നില്ല

 ഇതാണ് പകലും രാത്രിയും താപനില കുറഞ്ഞുനിൽക്കുന്നതിലേക്ക് നയിക്കുന്നത്

 ചുഴലിക്കാറ്റുകൾ സാധാരണ മേഖലയിലെ താപനില കുറയ്ക്കാറുണ്ട്

 ഉയർന്ന അന്തരീക്ഷ പാളികളിലെ തണുത്ത വായുവിനെ അപ്പർ എയർ സർക്കുലേഷനുകളും ചുഴലിക്കാറ്റുകളും ന്യൂനമർദ്ദങ്ങളും താഴേക്ക് കൊണ്ടുവരും

 ഇത് താഴ്ന്ന അന്തരീക്ഷപാളിയെ തണുപ്പിക്കും

ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത

ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ സ്‌പൈറൽ ബാൻഡ് എന്നറിയപ്പെടുന്ന ഔട്ടർ ബാന്റുകൾ ഈർപ്പത്തെ കേരളത്തിന് മുകളിലേക്ക് എത്തിക്കുന്നതും തണുപ്പ് ഉണ്ടാകുന്നതിനുള്ള മറ്റൊരു കാരണമാണ്. ഔട്ടർ ബാന്റിലായതിനാലാണ് കേരളത്തിൽ മഴ ലഭിക്കാത്തതിനും കാരണം. കൂടാതെ കേരളത്തിലേക്ക് ഉത്തരേന്ത്യൻ വരണ്ട കാറ്റിന്റെ സ്വാധീനവുമുണ്ട്. എന്നാൽ കേരളത്തിൽ കിഴക്കൻ മേഖലയിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ട്.

ചുഴലിക്കാറ്റിന്റെ സ്വാധീനത്തിലാണ് തണുപ്പ് അനുഭവപ്പെട്ടത്. ഡിറ്റ് വായുടെ തീവ്രത കുറഞ്ഞതിനാൽ വരും ദിവസങ്ങളിൽ പകൽ സമയം തണുപ്പ് അനുഭവപ്പെടില്ല. വെളുപ്പിന് തണുപ്പ് കൂടുതലായിരിക്കും.

രാജീവൻ എരിക്കുളം, കാലാവസ്ഥാ നിരീക്ഷകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL