SignIn
Kerala Kaumudi Online
Monday, 08 June 2026 2.40 AM IST

ഇന്നലെ കൂടിയത് 29 രൂപ: അടുക്കള ഗ്യാസ് ആകാശം മുട്ടി

gas

​കൊല്ലം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ നടുവൊടിഞ്ഞിരിക്കുന്ന സാധാരണക്കാർക്ക് മേൽ വീണ്ടും ഇരട്ടിപ്രഹരമായി പാചകവാതക വില വർദ്ധനവ്. ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറിന് ഒറ്റയടിക്ക് 29 രൂപയാണ് എണ്ണക്കമ്പനികൾ വർദ്ധിപ്പിച്ചത്.

മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ വർദ്ധനവാണിത്. കഴിഞ്ഞ മാർച്ചിൽ 60 രൂപ കൂട്ടിയതിന് പിന്നാലെയാണ് പുതിയ ആഘാതം.​ പുതുക്കിയ നിരക്ക് പ്രകാരം ജില്ലയിൽ ഗാർഹിക സിലിണ്ടറിന്റെ വില 950 രൂപയും കടന്ന് മുന്നേറുകയാണ്. ഗ്യാസ് സിലിണ്ടർ വീട്ടിലെത്തിക്കുമ്പോഴുള്ള അധിക ചാർജ് കൂടി ചേരുമ്പോൾ സാധാരണക്കാരുടെ കൈയിൽ നിന്ന് ആയിരത്തിനടുത്ത് രൂപ ഓരോ തവണയും ചോരും.

അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും പശ്ചിമേഷ്യൻ പ്രതിസന്ധികളുമാണ് വിലക്കയറ്റത്തിന് കാരണമായി എണ്ണക്കമ്പനികൾ പറയുന്നതെങ്കിലും, ഇതിന്റെ യഥാർത്ഥ ദുരിതം അനുഭവിക്കുന്നത് സാധാരണക്കാരായ വീട്ടമ്മമാരും ദിവസക്കൂലിക്കാരുമാണ്.


​കനലായി അടുക്കളകൾ
 ​പാചകവാതകത്തിന് പുറമെ മറ്റ് ഇന്ധനവിലയും കുതിച്ചുയർന്നു

 മേയ് പകുതിക്ക് ശേഷം പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 7.50 രൂപയും സി.എൻ.ജി വിലയിൽ കിലോയ്ക്ക് 6 രൂപയും വർദ്ധിച്ചു

 ഇത് വിപണിയിൽ മൊത്തത്തിലുള്ള പണപ്പെരുപ്പത്തിന് കാരണമായി

 അരി, പച്ചക്കറി തുടങ്ങിയ അവശ്യസാധനങ്ങളുടെ വിലയും വർദ്ധിച്ചു

 ഇതോടെ അടുക്കള ബഡ്ജറ്റിന്റെ താളം പൂർണമായും തെറ്റി

 ഗ്യാസ് വില വർദ്ധനവ് താങ്ങാവുന്നതിനും അപ്പുറം

അരിയും പച്ചക്കറിയും വാങ്ങാൻ തന്നെ ബുദ്ധിമുട്ടുകയാണ്. അതിനിടയിലാണ് ഗ്യാസിന് വീണ്ടും വില കൂട്ടിയത്. വിറകിനും വില കൂടിയതോടെ സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് പൂർണമായും തകർന്നു.

സുനിത പ്രദീപ്, വീട്ടമ്മ, കൊട്ടിയം

ദിവസക്കൂലി കൊണ്ട് ജീവിക്കുന്നവർ എന്ത് ചെയ്യും? എല്ലാ ദിവസവും പണി ഉണ്ടാകണമെന്നില്ല. വില അടിക്കടി കൂട്ടിയാൽ ഞങ്ങളെപ്പോലുള്ള സാധാരണക്കാർ പട്ടിണി കിടക്കേണ്ടി വരും.

രേഷ്മ സജീവ്, വീട്ടമ്മ, ചാത്തന്നൂർ

ഗാർഹിക സിലിണ്ടറിന് മാത്രമല്ല, വാണിജ്യ സിലിണ്ടറുകൾക്കും ഇന്ധനങ്ങൾക്കും വില വല്ലാതെ കൂടി. അതുകൊണ്ട് തന്നെ ഹോട്ടൽ ഭക്ഷണത്തിനും വില കൂടി. സാധാരണക്കാരന് ജീവിക്കാൻ വയ്യാതായി.

മേരി ജോൺ, വീട്ടമ്മ, തങ്കശേരി, കൊല്ലം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL