
കെ.എസ്.ഇ.ബി ജീവനക്കാർ ഓടി രക്ഷപ്പെട്ടു
കൊല്ലം: കുളത്തൂപ്പുഴയിൽ വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. മാത്രക്കരിക്കം ജനവാസ മേഖലയിൽ വൈദ്യുതി തകരാർ പരിഹരിക്കാൻ പോയ കെ.എസ്.ഇ.ബി ജീവനക്കാരാണ് കാട്ടാനകളുടെ മുന്നിൽപ്പെട്ടത്. ബെന്നി, ഋഷി രാജ് എന്നീ ജീവനക്കാരാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
ചൊവ്വാഴ്ച ഉച്ചയോടെ പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലായതിനെ തുടർന്ന് പരിശോധനയ്ക്ക് എത്തിയതായിരുന്നു ജീവനക്കാർ. പെട്ടെന്ന് മുന്നിൽപ്പെട്ട ആനക്കൂട്ടത്തെ കണ്ട് ഭയന്ന ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് വഴിയിൽ ഉപേക്ഷിച്ച് സമീപത്തെ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
ജീവനക്കാരെ കാണാതായതിനെ തുടർന്ന് വനപാലകരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്. കാട്ടാനക്കൂട്ടം പ്രദേശത്ത് നിലയുറപ്പിച്ചതിനാൽ രണ്ട് മണിക്കൂറോളം നീണ്ട ആശങ്കയ്ക്കൊടുവിലാണ് വനത്തിനുള്ളിൽ നിന്ന് ഇവരെ സുരക്ഷിതരായി പുറത്തെത്തിക്കാനായത്. കുളത്തൂപ്പുഴയിലെ ജനവാസ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമാകുന്നതിൽ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |