
തെന്മല: വർഷത്തിൽ പത്തുമാസം കായ്ഫലം തരുന്ന ഇടമണിലെ പുതിയ ഇനം കൽക്കണ്ട് വരിക്കച്ചക്ക കർഷകരിലും നാട്ടുകാരിലും രുചി പരത്തുന്നു. തെന്മല കൃഷി ഭവൻ പരിധിയിലെ ഇടമൺ സ്വദേശിനിയും കർഷകയുമായ സുജകുമാരിയുടെ പുരയിടത്തിലെ പ്ലാവിലാണ് നിറയെ കൽക്കണ്ട് വരിക്കച്ചക്കയുള്ളത്.
സീസണിന് മുമ്പേ പ്ളാവിൽ ചക്ക കായ്ക്കും. മൂന്ന് പതിറ്റാണ്ട് മുമ്പ് സുജകുമാരിയുടെ വിടിനോട് ചേർന്ന ഭൂമിയിൽ ഒരു പ്ലാവ് വളർന്നു. പിന്നീട് അതിൽ നിറയെ ചക്കകൾ പിടിച്ചുതുടങ്ങി. ചുളയുടെ സാധാരണയിൽ കവിഞ്ഞ വലിപ്പവും തേനൂറുന്ന മധുരവും വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ചക്കക്കുരു ചെറുതാണ്.
ഇതിനിടയിലാണ് പുതിയ ഇനത്തിന്റെ മേന്മ സംബന്ധിച്ച് കൃഷി വിജ്ഞാന കേന്ദ്രം പരീക്ഷണം ആരംഭിച്ചത്. വാണിജ്യത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തി. ഇതോടെ മുത്തശ്ശി പ്ലാവിൽ നിന്ന് സങ്കരയിനം തൈകൾ നിർമ്മിക്കാനുള്ള സാങ്കേതിക സഹായവും കർഷകർക്ക് നൽകി.
രണ്ട് ദിവസം മുമ്പ് കൃഷി വകുപ്പ് വികസിപ്പിച്ചെടുത്ത സങ്കരയിനം തൈകൾ അഞ്ചൽ ബ്ലോക്ക് കൃഷി അസി. ഡയറക്ടർ ഐ.സുമിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സുജകുമാരിയുടെ പുരയിടത്തിൽ നട്ടു. പിന്നീട് ചക്കയ്ക്ക് ഇടമൺ കൽക്കണ്ട് വരിക്ക (ഇ.കെ.വി ജാക്ക്) എന്ന പേരും നൽകി. ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. സുരേഷ് കുമാർ ആദ്യ വിൽപ്പന ഏറ്റുവാങ്ങി. തെന്മല കൃഷി ഓഫീസർ അജയകുമാറിന്റെ നേതൃത്വത്തിലുള്ള ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.
കർഷകർക്കായി സങ്കരയിനം തൈകൾ ഉണ്ടാക്കിനൽകാനുള്ള ഒരുക്കത്തിലാണ് സുജകുമാരിയും കുടുംബവും. ഇതിനുള്ള സഹായം കൃഷിവകുപ്പ് നൽകുന്നുണ്ട്.
അജയകുമാർ
കൃഷി ഓഫീസർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |