SignIn
Kerala Kaumudi Online
Friday, 26 June 2026 11.43 PM IST

കൊട്ടാരക്കര മുസാവരി ബംഗ്ളാവ്, മഹാത്മാ ഗാന്ധി പബ്ളിക് ലൈബ്രറിയാകില്ല

photo
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കൊട്ടാരക്കര മുസാവരി ബംഗ്ളാവ്

കൊട്ടാരക്കര: സർക്കാർ മാറി. കൊട്ടാരക്കര മുസാവരി ബംഗ്ളാവ് 'മഹാത്മാ ഗാന്ധി പബ്ളിക് ലൈബ്രറി' ആകില്ല. കെ.എൻ.ബാലഗോപാൽ ധനവകുപ്പ് മന്ത്രിയായിരിക്കെ പദ്ധതിക്കായി 2 കോടി രൂപ അനുവദിച്ചിരുന്നതാണ്. എന്നാൽ മുഖ്യമന്ത്രി വി.ഡി.സതീശൻ അവതരിപ്പിച്ച ബഡ്ജറ്റിൽ ഈ പദ്ധതിയ്ക്കായി തുക നീക്കിവച്ചിട്ടില്ല. അതോടെയാണ് പദ്ധതിയുടെ തുടർ പ്രവർത്തനങ്ങളുടെ സാദ്ധ്യത മങ്ങിയത്. കൊട്ടാരക്കര പൊതുമരാമത്ത് വകുപ്പ് ഗസ്റ്റ് ഹൗസിന് മുന്നിലായാണ് ഈ ചരിത്ര സ്മാരകമായ മുസാവരി ബംഗ്ളാവ് സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഭരണാധികാരികൾക്ക് താമസിക്കാനായി നിർമ്മിച്ചതാണ് ഈ കെട്ടിടം. ജീർണാവസ്ഥയിലായിരുന്ന കെട്ടിടം പൊതുമരാമത്ത് വകുപ്പ് 25 ലക്ഷം രൂപ ചെലവിൽ നവീകരണം തുടങ്ങിയതും പാതിവഴിയിൽ ഉപേക്ഷിച്ചിരിക്കയാണ്. പൊളിഞ്ഞ മേൽക്കൂര നീക്കം ചെയ്തശേഷം അലൂമിനിയം ഷീറ്റുകൾ സ്ഥാപിച്ച് മുകളിൽ ഓട് പാകി മേൽക്കൂര പുതുക്കി. ഭിത്തികൾ പൂശലും പെയിന്റിംഗും ഇലക്ട്രിക്-പ്ളംബിംഗ് ജോലികളും ടൈൽസ് പാകലുമടക്കം ഒട്ടേറെ പ്രവർത്തികൾ ഇനിയും ബാക്കിയാണ്. ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങളില്ലാതെ കെട്ടിടം അടഞ്ഞുകിടന്ന് വീണ്ടും നാശത്തിലേക്കടുക്കുകയാണ്.

 പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതി

കൊട്ടാരക്കരയിൽ മതിയായ സൗകര്യങ്ങളുള്ള പബ്ളിക് ലൈബ്രറികളില്ല. മഹാത്മാ ഗാന്ധി പബ്ളിക് ലൈബ്രറി പ്രഖ്യാപിച്ചപ്പോൾ നാട് വലിയ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. ഗാന്ധി പ്രതിമ സ്ഥാപിക്കൽ, വായനാമുറി, റീഡിംഗ് തിയേറ്റർ, മിനി കോൺഫറൻസ് ഹാൾ തുടങ്ങിയ ആധുനിക സംവിധാനങ്ങളും ഗാന്ധി സ്മാരകത്തിന്റെ ഭാഗമായി ഒരുക്കുവാനാണ് ലക്ഷ്യമിട്ടത്. എന്നാൽ ഇനി അതൊന്നും നടപ്പാകാനിടയില്ല. 1937 ജനുവരി 21ന് കൊട്ടാരക്കര തൃക്കണ്ണമംഗൽ ശ്രീകൃഷ്ണ ക്ഷേത്രവും കടലായ് മനയുടെ ഉടമസ്ഥതയിലുള്ള 17 ക്ഷേത്രങ്ങളും എല്ലാ വിഭാഗം ജനങ്ങൾക്കുമായി തുറന്ന് കൊടുക്കാനായി മഹാത്മാ ഗാന്ധി എത്തിയപ്പോൾ അദ്ദേഹം വിശ്രമിച്ച കേന്ദ്രമാണ് മുസാവരി ബംഗ്ളാവ്.

 മുസാവരി ബംഗ്ലാവ്

  • ബ്രിട്ടീഷ് ഭരണകാലത്ത് ഭരണാധികാരികൾക്കായി നിർമ്മിച്ച കെട്ടിടം.

  • 1937 ജനുവരി 21-ന് കൊട്ടാരക്കരയിലെ ക്ഷേത്രങ്ങൾ ജനങ്ങൾക്കായി തുറന്നുകൊടുക്കാൻ എത്തിയപ്പോൾ മഹാത്മാഗാന്ധി വിശ്രമിച്ച കേന്ദ്രം.

  • പദ്ധതി: ഗാന്ധി പ്രതിമ, വായനാമുറി, റീഡിംഗ് തിയേറ്റർ, മിനി കോൺഫറൻസ് ഹാൾ എന്നിവയടങ്ങുന്ന 'മഹാത്മാഗാന്ധി പബ്ലിക് ലൈബ്രറി'.

  • തുക: മുൻ സർക്കാർ പദ്ധതിക്കായി അനുവദിച്ചത് ₹2 കോടി.

  • നിലവിലെ പ്രതിസന്ധി: പുതിയ ബഡ്ജറ്റിൽ തുക നീക്കിവെച്ചില്ല; നവീകരണ പ്രവൃത്തികൾ പാതിവഴിയിൽ നിലച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL