കൊല്ലം: ജില്ലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തീർത്തും പെയ്യാതിരുന്ന കാലവർഷം വീണ്ടും സജീവമാകുന്നു. ഇന്നലെ രാവിലെ മുതൽ ജില്ലയിലുടനീളം പൊതുവെ നല്ല മഴ ലഭിച്ചു. രാവിലെ മുതൽ പരക്കെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. നഗരപ്രദേശങ്ങളിൽ ഉൾപ്പടെ പലയിടങ്ങളിലും ഇടവിട്ട് ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്.
മഴ വീണ്ടും സജീവമാകുന്നുണ്ടെങ്കിലും, ഈ സീസണിൽ ജില്ലയിൽ ലഭിക്കേണ്ടിയിരുന്ന മഴയുടെ അളവിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ മാസം 1 മുതൽ 28 വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ ലഭിക്കേണ്ടിയിരുന്ന സ്വാഭാവിക മഴ 402 മില്ലി മീറ്ററായിരുന്നു. എന്നാൽ ലഭിച്ചത് 267.2 മില്ലി മീറ്റർ മാത്രമാണ്. അതായത്, മൊത്തം മഴയുടെ അളവിൽ 34 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 18 മുതൽ 24 വരെയുള്ള പ്രതിവാര കണക്കുകൾ പ്രകാരം ജില്ലയിൽ മഴയുടെ അളവ് വലിയ തോതിൽ കുറഞ്ഞു. ഇത് 'ലാർജ് ഡെഫിഷ്യൻസി വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ മഴ തുടർന്നാൽ മഴക്കുറവിന് വലിയൊരു ആശ്വാസമാകും.
ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ബുധനാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കാത്ത കൊല്ലം ഉൾപ്പടെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്.
കേന്ദ്രം, ലഭിച്ച മഴ (മില്ലി മീറ്റർ)
കൊല്ലം ടൗൺ-31.0
പുനലൂർ-12.6
തെന്മല-10.5
കാരുവേലി-6.0
ചവറ-3.5
ആര്യങ്കാവ്-6.5
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |