SignIn
Kerala Kaumudi Online
Monday, 29 June 2026 1.10 AM IST

അബദ്ധത്തിൽ സാരിക്കുള്ളിലായി 6 പവൻ, തിരഞ്ഞുപിടിച്ച് ഹരിതകർമ്മ സേന

kollam-corporation-

കൊല്ലം: ഒടുവിൽ ആ ഹാഷ് കളർ സാരിയുടെ മടക്കുകൾക്കിടയിൽ നിന്ന് പ്ലാസ്റ്റിക് കവർ പുറത്തേക്ക് വീഴുമ്പോൾ, കണ്ടുനിന്നവരുടെയെല്ലാം നെഞ്ചിടിപ്പിന്റെ വേഗം കുറഞ്ഞു. പുഞ്ചിരി നിറഞ്ഞ മുഖങ്ങളിൽ ആശ്വാസം. ലക്ഷങ്ങൾ വിലമതിക്കുന്ന ആര് പവന്റെ വളകളാണ് തിരികെ ലഭിച്ചത്.

ഹരിതകർമ്മ സേനാംഗങ്ങൾ ജയന്തിയുടെ കൈകളിലേക്ക് കവർ സുരക്ഷിതമായി കൈമാറി. പഴയ വസ്ത്രങ്ങൾക്കൊപ്പം അബദ്ധത്തിൽ അകപ്പെട്ടുപോയതാണ് വളകൾ. ഹരിതകർമ്മ സേനാംഗങ്ങൾ കൃത്യസമയത്ത് ഇടപെട്ടതിനാൽ ഉടമസ്ഥയ്ക്ക് തിരികെ ലഭിച്ചു.

തുണിമാലിന്യ ശേഖരണത്തിന്റെ ഭാഗമായി ശക്തികുളങ്ങര സ്വദേശിനി ജയന്തിയുടെ കുടുംബം കൈമാറിയ കവറിലെ ഒരു സാരിക്കുള്ളിലായിരുന്നു ഒന്നര പവൻ വീതമുള്ള നാല് വളകൾ എടുത്തു വച്ചിരുന്നത്. ശേഖരിച്ച വസ്ത്രങ്ങൾ പരിശോധിക്കാതെ കോർപ്പറേഷന്റെ വണ്ടിയിൽ കുരീപ്പുഴ മാമൂട്ടിക്കടവിലെ ചണ്ടി ഡിപ്പോയിലേക്ക് കയറ്റി അയക്കുകയായിരുന്നു.

ഓറഞ്ച് കവർ, ഹാഷ് കളർ സാരി

സ്വർണം കാണാതായതോടെ വീട്ടുകാർ ശക്തികുളങ്ങര ഡിവിഷൻ കൗൺസിലർ ഷിജിയെ വിവരമറിയിച്ചു. കൗൺസിലറുടെ നിർദ്ദേശപ്രകാരം ഹരിതകർമ്മ സേനാംഗങ്ങളായ ബിൻസി, സോണിയ, സ്റ്റെല്ല എന്നിവർ ഹെൽത്ത് ഇൻസ്പെക്ടർ തുളസി ദാസ്, ജെ.എച്ച്.ഐ മനോജ് എന്നിവർക്കൊപ്പം രാത്രി ഏഴരയോടെ കുരീപ്പുഴ ഡിപ്പോയിലെത്തി.

ടൺ കണക്കിന് വസ്ത്രങ്ങൾക്കിടയിൽ നിന്ന് ഉടമസ്ഥർ നൽകിയ 'ഓറഞ്ച് കളർ കവർ' എന്ന സൂചന വച്ചായിരുന്നു തെരച്ചിൽ. ഒടുവിൽ വസ്ത്രങ്ങൾക്കിടയിൽ നിന്ന് കവർ കണ്ടെത്തുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL