കൊല്ലം: കൊല്ലം ചെമ്മാംമുക്കിന് സമീപം വിമലഹൃദയ സ്കൂളിന് മുന്നിൽ ഒടിഞ്ഞുവീണ വൈദ്യുതി തൂൺ പുനസ്ഥാപിക്കുന്നത് വൈകിയതതോടെ ചന്നക്കട മേവറം റോഡ്, ചെമ്മാംമുക്ക്- അയത്തിൽ റോഡ് അടക്കമുള്ള നഗരത്തിലെ പ്രധാന റോഡുകളിൽ ഇന്നലെ പകൽ ഗതാഗതക്കുരുക്ക് നീണ്ടത് പതിനൊന്ന് മണിക്കൂറോളം!
വാഹനത്തിൽ വൈദ്യുതി ലൈൻ കുരുങ്ങി പുലർച്ചെ നാലോടെയാണ് വൈദ്യുതി തൂൺ തകർന്നത്. ചെമ്മാംമുക്ക്- അയത്തിൽ റോഡിൽ തൂൺ തകർന്ന ഭാഗത്ത് രാവിലെ ആറ് മുതൽ ഗതാഗതം തടഞ്ഞു. പത്തോടെയാണ് കെ.എസ്.ഇ.ബി ജീവനക്കാർ എത്തിയത്. അറ്റകുറ്റപ്പണിക്കായുള്ള ക്രെയിൻ നഗരത്തിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് വൈകിയതോടെ പണി തുടങ്ങിയപ്പോൾ രാവിലെ 11.30 ആയി. ഇഴഞ്ഞുനീങ്ങിയ തൂൺ മാറ്റലും വൈദ്യുതി ലൈൻ പുനസ്ഥാപിക്കലും തീർന്നപ്പോൾ വൈകിട്ട് അഞ്ചര.
നിരവധി സ്വകാര്യ - കെ.എസ്.ആർ.ടി.സി. ബസുകൾ കടന്നുപോകുന്ന റൂട്ടാണിത്. നാലായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന രണ്ട് സ്വകാര്യ സ്കൂളുകൾക്ക് സമീപമുള്ള റോഡിലാണ് വൈദ്യുതി തൂൺ ഒടിഞ്ഞ് തൂങ്ങിയത്. പുലർച്ചെ ട്യൂഷൻ സെന്ററുകളിലേക്കും മറ്റും പോയ വിദ്യാർത്ഥികളും രാവിലെ ജോലിക്ക് പോയവരും ഉൾപ്പെടെ ഒടിഞ്ഞുതൂങ്ങി നിന്ന പോസ്റ്റിന് താഴെക്കൂടിയാണ് നടന്നുപോയത്. രാവിലെ ആറ് മണിയോടെ ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി ഗതാഗതം പൂർണമായി തടഞ്ഞു. വൈകിട്ട് അഞ്ചര കഴിഞ്ഞാണ് വാഹനങ്ങൾ കടത്തിവിട്ടത്. മേവറം മുതൽ ചിന്നക്കട വരെയും കല്ലുംതാഴം മുതൽ ചെമ്മാൻമുക്ക് വരെയും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു.
വൈദ്യുതിയില്ലാതെ വലഞ്ഞു
മണിച്ചിത്തോട് ചെമ്മാൻമുക്ക് എന്നീ രണ്ട് ട്രാൻസ്ഫോർമറുകളുടെ പരിധിയിലെ മുന്നൂറോളം കുടുംബങ്ങളിലും നിരവധി വ്യാപാര സ്ഥാപനങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. കെ-ഫോൺ ഉൾപ്പെടെയുള്ള കമ്മ്യൂണിക്കേഷൻ കേബിളുകൾ താഴ്ന്നു കിടക്കുന്നത് ഇവിടെ പതിവാണ്. മൂന്ന് മാസത്തിനിടെ മേഖലയിൽ ഉണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്. രാത്രി കടന്നുപോയ വലിയ വാഹനങ്ങളുടെ ഹുക്ക് താഴ്ന്ന കേബിളുകളിൽ ഉടക്കി വലിച്ചതാകാം വൈദ്യുതി തൂൺ ഒടിയാൻ കാരണമെന്നാണ് നിഗമനം. ക്രെയിൻ എത്തിക്കാൻ വൈകിയതും അലൈൻമെന്റ് നോക്കാനുള്ള താമസവുമാണ് പണി നീളാൻ കാരണമായതെന്ന് കെ.എസ്.ഇ.ബി വിശദീകരിക്കുന്നു.
സാധാരണ ലൈൻ പോസ്റ്റ് മാറുന്നതു പോലെയല്ല, ഇരട്ടി സമയമെടുക്കും. ഒടിഞ്ഞുകിടക്കുമ്പോൾ അതിനകത്തുള്ള സാധനങ്ങൾ ഓരോന്നും സൂക്ഷിച്ച് ഇളക്കിയില്ലെങ്കിൽ ജീവനക്കാരുടെ ദേഹത്ത് വീഴാൻ സാദ്ധ്യതയുണ്ട്. തിരിച്ച് മുകളിൽ കയറ്റുന്നതിനേക്കാൾ റിസ്ക് ആണ് ലൈൻ അഴിച്ച് നിലത്തിറക്കുന്നത്
കെ.എസ്.ഇ.ബി അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |