അഞ്ചാലുംമൂട്: തൃക്കരുവ, പനയം പഞ്ചായത്തുകളിൽ ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ച പൊതു കുളങ്ങൾ സംരക്ഷണമില്ലാതെ നശിക്കുന്നു. മാലിന്യങ്ങളും പായലും നിറഞ്ഞ് പൂർണമായും ഉപയോഗശൂന്യമായ നിലയിലാണ് ഇവിടുത്തെ ഭൂരിഭാഗം ജലാശയങ്ങളും.
പല കുളങ്ങളുടെയും സംരക്ഷണ ഭിത്തികൾ ഇടിഞ്ഞുതകർന്ന നിലയിലാണ്. വർഷങ്ങൾക്ക് മുൻപ് നാട്ടുകാർ കുളിക്കാനും മറ്റുമായി ആശ്രയിച്ചിരുന്ന പ്രധാന ജലസ്രോതസുകളായിരുന്നു ഇവ.
തൃക്കരുവ പഞ്ചായത്ത് രണ്ടാം വാർഡിലെ കുളത്തിന്റെ ചുറ്റുമുള്ള ഗ്രില്ലുകളിൽ കാട്ടുചെടികൾ പടർന്നു കയറി. മാസങ്ങൾക്ക് മുൻപ് പേരിനുവേണ്ടി ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയതൊഴിച്ചാൽ തുടർനടപടികൾ ഉണ്ടായില്ല. വേനൽക്കാലത്ത് പോലും വറ്റാത്ത കുളങ്ങളാണ് അധികൃതരുടെ അവഗണനയാൽ പായൽ മൂടിക്കിടക്കുന്നത്.
പഞ്ചായത്തുകളുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളെ ഉൾപ്പെടുത്തി കുളങ്ങൾ നവീകരിക്കാൻ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. വേനൽക്കാലത്ത് തൃക്കരുവ പഞ്ചായത്തിലെ ഇഞ്ചവിള ഭാഗത്ത് ശുദ്ധജലക്ഷാമം രൂക്ഷമാകാറുണ്ട്. ഈ സമയങ്ങളിൽ നാട്ടുകാർക്ക് ഏറെ ആശ്വാസമാകേണ്ട കുളങ്ങളാണ് കാടുകയറിക്കിടക്കുന്നത്.
20 കുളങ്ങൾ
ഇരു പഞ്ചായത്തുകളിലുമായി ഇരുപതോളം പൊതു കുളങ്ങളുണ്ട്. ഇവയിപ്പോൾ പ്ലാസ്റ്റിക് കവറുകളും മദ്യക്കുപ്പികളും ഉൾപ്പെടെയുള്ളവ തള്ളാനുള്ള കേന്ദ്രങ്ങളായി മാറി. പായലും മാലിന്യവും നിറഞ്ഞതോടെ പ്രദേശങ്ങളിൽ കൊതുകുശല്യവും രൂക്ഷമാണ്.
പെയ്യുന്ന മഴവെള്ളം പോലും സംഭരിക്കാൻ കഴിയാത്ത വിധം കുളങ്ങൾ നാശത്തിലായി. അടിയന്തരമായി ശുചീകരിച്ച് സംരക്ഷിക്കാൻ അധികൃതർ തയ്യാറാകണം.
പ്രദേശവാസികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |