SignIn
Kerala Kaumudi Online
Thursday, 16 July 2026 1.24 PM IST

എം.സി റോഡരികിൽ ബെവ്കോ: പ്രതിഷേധത്തിന് വീര്യം കൂടുതൽ

കൊട്ടാരക്കര: എം.സി റോഡിന്റെ അരികിൽ കലയപുരം സി.എസ്.ഐ ജംഗ്ഷനിൽ ബിവറേജസ് ഔട്ട്ലെറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അപകടങ്ങൾ പതിവായ കൊടുംവളവിന് സമീപത്താണ് മദ്യവില്പന ശാല തുടങ്ങുന്നത്.

കൊട്ടാരക്കര കരിക്കത്ത് മദ്യവില്പന ശാല തുടങ്ങിയതോടെ ഈ ഭാഗത്ത് അപകടങ്ങളും വർദ്ധിച്ചിട്ടുണ്ട്. മിക്കപ്പോഴും ഗതാഗത കുരുക്കും രൂക്ഷമാണ്. ഈ സാഹചര്യം മുന്നിലുള്ളപ്പോഴാണ് എം.സി റോഡരികിൽ ബെവ്കോ ഔട്ട്ലെറ്റ് സ്ഥാപിക്കാനുള്ള നീക്കം നടക്കുന്നത്.

കുളക്കട, കലയപുരം ഭാഗങ്ങളിലും അപകട തോത് കൂടുതലാണ്. ഇത് സംബന്ധിച്ച് മുമ്പ് ഉന്നത തല യോഗം ചേരുകയും അപകടമൊഴിവാക്കാൻ നിരവധി സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു. കുളക്കടയിൽ സിഗ്നൽ ലൈറ്റടക്കം എത്തിയത് ഇതിന്റെ ഭാഗമായാണ്.

കലയപുരം സി.എസ്.ഐ ജംഗ്ഷനും അപകടക്കെണിയാണ്. ഈ സാഹചര്യം മുന്നിലുള്ളപ്പോഴാണ് ബെവ്കോ ഔട്ട്ലെറ്റ് കൂടി തുടങ്ങാൻ നീക്കം നടക്കുന്നത്. ഇത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും.

വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, ഹോമിയോ ആശുപത്രി തുടങ്ങി നിരവധി സർക്കാർ ഓഫീസുകളടക്കമുള്ള ഭാഗത്താണ് മദ്യവില്പന കേന്ദ്രം തുടങ്ങാൻ ആലോചിച്ചിട്ടുള്ളത്. കുളക്കട ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള ഭാഗമാണിത്. അടിയന്തരമായ തീരുമാനം പുനഃപരിശോധിച്ച് ബിവറേജസ് ഔട്ട്ലെറ്റുകൾ തിരക്കേറിയ എം.സി റോഡിന്റെ ഭാഗത്തുനിന്ന് മാറ്റി സ്ഥാപിക്കണമെന്നാണ് പൊതുആവശ്യം.

അപകടവളവിൽ അനുമതി വേണ്ട

 കലയപുരത്തിനും പുത്തൂർമുക്കിനും ഇടയിൽ സി.എസ്.ഐ ആശുപത്രി ജംഗ്ഷനിലെ വളവിലാണ് ബിവറേജസ് മദ്യവില്പന ശാല തുടങ്ങാൻ നീക്കം നടക്കുന്നത്

 നാട്ടുകാരും പ്രതിഷേധത്തിൽ ഒന്നിക്കുന്നു

 റോഡരികിലെ മദ്യവില്പനശാല അപകടങ്ങളും തിരക്കും വർദ്ധിപ്പിക്കും

 പൊതുഗതാഗതത്തെ സാരമായി ബാധിക്കും

 കൊടും വളവിൽ അപകടങ്ങളും വർദ്ധിക്കും

പിൻവലിക്കണമെന്ന് മുസ്ളീം ലീഗ്

കൂടുതൽ അപകടങ്ങൾക്കുള്ള സാഹചര്യം ഉള്ളതിനാൽ അനുമതി പിൻവലിക്കമെന്ന് മുസ്ളീം ലീഗ് കുളക്കട പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. സുധാകരൻ പള്ളത്ത് ഉദ്ഘാടനം ചെയ്തു. കുളക്കട പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ കുളക്കട രാജേന്ദ്രൻ, തുളസീധരൻ മലപ്പാറ, അരുൺകുമാർ യുവ, മോഹനൻ മാവടി, സരള, സുധാകരൻ, മോഹനൻ, ലതിക, അയ്യപ്പൻ, ശ്രീരാജ്, മോഹൻകുമാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL