SignIn
Kerala Kaumudi Online
Tuesday, 28 July 2026 5.41 AM IST

വിദ്യാർത്ഥികൾ ലക്ഷ്യബോധം കാത്തുസൂക്ഷിക്കണം: ബി.ബി. ഗോപകുമാർ എം.എൽ.എ

ഓടനാവട്ടം: വിവരസാങ്കേതികവിദ്യയുടെ കാലത്തും വിദ്യാർത്ഥികൾ ധാർമ്മിക മൂല്യങ്ങളും ലക്ഷ്യബോധവും കാത്തുസൂക്ഷിക്കണമെന്ന് ബി.ബി.ഗോപകുമാർ എം.എൽ.എ പറഞ്ഞു. കേരളകൗമുദിയുടെ 115-ാമത് വാർഷികത്തോടനുബന്ധിച്ച് വെളിയം സെൻട്രൽ എസ്.എൻ.ഡി.പി ഹാളിൽ നടന്ന പ്രതിഭാസംഗമവും ആദരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വന്തമായി ലക്ഷ്യങ്ങൾ നിശ്ചയിച്ച് കഠിനമായി പരിശ്രമിക്കുന്നവർക്കേ ജീവിതവിജയം നേടാനാകൂ. ശ്രീനാരായണ ഗുരുദേവന്റെ വിദ്യകൊണ്ട് പ്രബുദ്ധരാവുകയെന്ന സന്ദേശം ഉൾക്കൊണ്ട് പുതിയ തലമുറ മുന്നേറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു നൂറ്റാണ്ടിലേറെയായി സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന കേരളകൗമുദിയുടെ നിലപാടുകൾ ഏറെ പ്രശംസനീയമാണെന്നും എം.എൽ.എ പറഞ്ഞു.

വെളിയം ഭാർഗവന്റെ സഹോദരി എസ്.ഭാർഗവിയെയും എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ വനിതാ സംഘം കൺവീനർ ഡോ. സബീന വാസുദേവനെയും ചടങ്ങിൽ ആദരിച്ചു. വെളിയം പൂയപ്പള്ളി മേഖലകളിലെ സ്കൂളുകളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.

എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ അദ്ധ്യക്ഷനായി. വെളിയം സെൻട്രൽ ശാഖ പ്രസിഡന്റ്‌ ജി.രാജേന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി. റിട്ട. ഡിവൈ.എസ്.പി എസ്.വിദ്യാധരൻ ലഹരി വിരുദ്ധ സന്ദേശം നൽകി. വെളിയം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം. ദിലീപ് കുമാർ മെഡലും സർട്ടിഫിക്കറ്റുകളുടെയും വിതരണവും ഉദ്ഘാടനം ചെയ്തു.

സീനിയർ സർജനും ഡയബറ്റിക് സ്പെഷ്യലിസ്റ്റുമായ ഡോ. ഒ.വാസുദേവൻ, മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ്‌ എം.കുഞ്ഞച്ചൻ പരുത്തിയറ, ജില്ലാ പഞ്ചായത്ത്‌ അംഗം കെ.എസ്.ഷിജുകുമാർ, ബി.ജെ.പി മണ്ഡലം സെക്രട്ടറി സുധാകരൻ പരുത്തിയറ, എം.ജേക്കബ്, വെളിയം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അശ്വതി അനിൽ, ഇന്ദിര തുടങ്ങിയവർ സംസാരിച്ചു.

എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ കൗൺസിലർ ബൈജു പാണയം, ലയൺസ് ക്ലബ് ജില്ലാ സെക്രട്ടറി പ്രസാദ് അമ്പാടി എന്നിവർ കുട്ടികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു.

കട്ടയിൽ പാലയ്കോട്ട് ഭഗവതി ക്ഷേത്രം മുഖ്യ കാര്യദർശി എം.ഗോപിനാഥൻ സ്വാമി, വെളിയം സെൻട്രൽ ശാഖാ വനിതാ സംഘം ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.

കേരളകൗമുദി ഓടനാവട്ടം ലേഖകൻ ഓടനാവട്ടം അശോക് സ്വാഗതവും കേരളകൗമുദി റിപ്പോർട്ടർ കോട്ടാത്തല ശ്രീകുമാർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL