കൊല്ലം: ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന് കീഴിലുള്ള ആശ്രാമം ഒക്കുപ്പേഷണൽ ഹെൽത്ത് സെന്ററിലെ കോടികളുടെ മെഡിക്കൽ മെഡിക്കൽ ഉപകരണങ്ങൾ നശിക്കുന്നതിന് പിന്നിൽ മുൻ സർക്കാരുകളുടെ തസ്തിക നിഷേധം.
റേഡിയോളജി എം.ഡി യോഗ്യതയുള്ള ഡോക്ടറാവണം എക്സ് റേ, സി ടി സ്കാൻ, അൾട്രാസൗണ്ട് എന്നിവ പരിശോധിച്ച് റിപ്പോർട്ട് നൽകേണ്ടത്. കൂടാതെ ഫുള്ളി ഓട്ടോമേറ്റഡ് ബയോകെമിസ്ട്രി അനലൈസർ പോലെ ഒരേസമയം നൂറുകണക്കിന് ആളുകളുടെ രക്തസാമ്പിളുകൾ പരിശോധിക്കാൻ സാധിക്കുന്ന ഉപകരണങ്ങളും ഇവിടെയുണ്ട്. ഇവ പ്രവർത്തിപ്പിക്കാനും ടെക്നീഷ്യന്മാർ വേണം. ഇവർക്കായി തസ്തികകൾ സൃഷ്ടിക്കാൻ ഡയറക്ടറേറ്റ് വഴി നിർദ്ദേശം നൽകിയെങ്കിലും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനകാര്യ വകുപ്പ് നിരസിച്ചു. കോടിക്കണക്കിന് രൂപയുടെ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാത്തതിനെതിരെ കഴിഞ്ഞ വർഷങ്ങളിൽ അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് ഒബ്ജക്ഷനും നിലനിൽക്കുന്നുണ്ട്. ഇതൊന്നും മുൻ സർക്കാരുകളുടെ ശ്രദ്ധയിൽപ്പെട്ടില്ല.
കഴിഞ്ഞ ദിവസം മന്ത്രി ബിന്ദു കൃഷ്ണ നടത്തിയ മിന്നൽ പരിശോധനയിലാണ് വിവരങ്ങൾ പുറത്തുവരുന്നത്. അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ നശിപ്പിക്കുന്നതിന് പകരം ഇവ ആവശ്യമുള്ള മറ്റ് സർക്കാർ ആശുപത്രികൾക്കോ സമീപത്തെ ഇ.എസ്.ഐ ആശുപത്രിക്കോ കൈമാറിയാൽ സാധാരണക്കാരായ ഒട്ടനവധി രോഗികൾക്ക് പ്രയോജനപ്പെടും.
വകുപ്പിന് കീഴിലെ സംസ്ഥാനത്തെ മൂന്ന് മെഡിക്കൽ ഓഫീസർ തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. ഫാക്ടറി തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ ഒരു ജോയിന്റ് ഡയറക്ടർ മെഡിക്കലും മൂന്ന് മെഡിക്കൽ ഓഫീസർമാരുമാണ് ഉള്ളത്. എന്നാൽ കൊല്ലം, എറണാകുളം, കോഴിക്കോട് റീജിയണുകളിലെ മൂന്ന് ഡോക്ടർ തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. പി.എസ്.സി വഴി നിയമനം നടന്നെങ്കിലും ഡോക്ടർമാർ ഉന്നത വിദ്യാഭ്യാസത്തിനായി ലീവെടുത്ത് പോകുന്നതാണ് പ്രധാന തിരിച്ചടി.
ആശ്രയ കേന്ദ്രമാകേണ്ട സ്ഥാപനം
ഫാക്ടറീസ് ചട്ടപ്രകാരം 500ൽ കൂടുതൽ തൊഴിലാളികളുള്ള വൻകിട ഫാക്ടറികളിലെയും അപായ സാദ്ധ്യതയുള്ള മേഖലകളിലെയും ജീവനക്കാരുടെ വാർഷിക മെഡിക്കൽ പരിശോധന നടത്തേണ്ട ഓഫീസാണിത്. ഫാക്ടറികൾ, ക്രഷർ, ക്വാറികൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്കുണ്ടാകുന്ന സിലിക്കോസിസ് ക്യാൻസർ തുടങ്ങിയ തൊഴിൽജന്യ രോഗങ്ങൾ കണ്ടെത്താനും ഫാക്ടറി അന്തരീക്ഷം മൂലമാണോ രോഗബാധ ഉണ്ടായതെന്ന് സാക്ഷ്യപ്പെടുത്താനുമുള്ള സർട്ടിഫയിംഗ് സർജൻ അധികാരം ഈ മെഡിക്കൽ ഓഫീസർമാർക്കുണ്ട്. പക്ഷെ കസേരകളിൽ ആളില്ലെന്നു മാത്രം. നാളെ പുതിയ ലേബർ കോഡുമായി ബന്ധപ്പെട്ട തിരുവനന്തപുരത്ത് ചേരുന്ന അടിയന്തര ഉന്നതതല യോഗത്തിൽ ഇക്കാര്യങ്ങൾ ചർച്ചയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |