കൊല്ലം: ജില്ലയിൽ എലിപ്പനി ബാധിച്ച് രണ്ടുപേർ കൂടി മരിച്ചു. കഴിഞ്ഞ മാസം 19ന് പുനലൂരിൽ മരിച്ച വ്യക്തിയുടെ പരിശോധനാഫലം വന്നതോടെയാണ് മരണകാരണം എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ഈ മാസം 2ന് വിളക്കുടിയിൽ 45 വയസുകാരൻ എലിപ്പനി ബാധിച്ച് മരിച്ചിരുന്നു. ഇതോടെ മരണനിരക്കിലെ വർദ്ധനവ് ആശങ്ക ഉയർത്തുന്നുണ്ട്.
ജില്ലയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രത്യേക പ്രദേശങ്ങളിൽ ഡെങ്കിപ്പനിയും പെട്ടെന്ന് വ്യാപിക്കുന്നുണ്ട്. കൊല്ലം കോർപ്പറേഷൻ പരിധിയിലെ ഉളിയക്കോവിൽ, മേലില, തലവൂർ തുടങ്ങിയ പ്രദേശങ്ങളിൽ രോഗവ്യാപനം മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഉയർന്ന നിലയിലാണ്. ഈ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രദേശത്ത് പ്രത്യേക മുന്നറിയിപ്പ് നൽകി പ്രതിരോധ പ്രവർത്തനങ്ങൾ ഉർജ്ജിതമാക്കി.
ഈ വർഷം എലിപ്പനി, ഡെങ്കിപ്പനി കേസുകളുടെ വ്യാപനവും മരണനിരക്കും വർദ്ധിക്കുമെന്ന് തുടക്കത്തിൽ കണക്കുകൂട്ടിയിരുന്നെങ്കിലും, രോഗവ്യാപനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞത് ആശ്വാസകരമാണ്. എങ്കിലും ഡെങ്കിപ്പനി വൈറസുകളുടെ പുതിയ വകഭേദങ്ങൾ രോഗതീവ്രത വർദ്ധിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടൽ.
ജനങ്ങൾ ജാഗ്രത പാലിക്കണം
പകർച്ചവ്യാധികൾക്കെതിരെ മുൻകരുതൽ ഊർജ്ജിതമാണെങ്കിലും, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പനി ലക്ഷണം കണ്ടാലുടൻ സ്വയം ചികിത്സ ഒഴിവാക്കി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടണം. ശുചിത്വം പാലിക്കുന്നതിലും പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിലും ജനങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണം കുറവാണെങ്കിലും മരണനിരക്ക് കൂടുന്നുണ്ട്. നിലവിൽ ഡെങ്കിപ്പനി വ്യാപനം ആശങ്കാജനകമല്ല.
ആരോഗ്യവകുപ്പ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |