കൊല്ലം: കൊട്ടാരക്കരയിൽ വീണ്ടും ആരാധനാ കേന്ദ്രങ്ങളിൽ മോഷണം. നീലേശ്വരം അന്നൂർ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിൽ അർദ്ധരാത്രിയോടെ മതിൽ ചാടിക്കടന്നെത്തിയ മോഷ്ടാവ് രണ്ട് വഞ്ചികൾ തകർത്ത് പണം അപഹരിച്ചു. 15000 രൂപയിൽ കുറയാതെ നഷ്ടപ്പെട്ടതായി ഭാരവാഹികൾ പറഞ്ഞു. മോഷ്ടാവിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
സി.സി ടി.വി കാമറയ്ക്ക് കേടുവരുത്തിയ ശേഷമാണ് വഞ്ചികളുടെ പൂട്ടുകൾ തകർത്തത്. തലയിൽ മുണ്ടിട്ട് മുഖം മറച്ചതിനാൽ ആളിനെ വ്യക്തമായിട്ടില്ല. വിരലടയാള വിദഗ്ദ്ധരുടെ സഹായത്തോടെ, പഴയ കേസുകളിൽപ്പെട്ട മോഷ്ടാക്കളുടെ വിവരം ശേഖരിക്കുകയാണ്.
മുട്ടറ ഇണ്ടിളയപ്പൻ ക്ഷേത്രം, അമ്പലപ്പുറം ഗൗരീ ശങ്കരം ക്ഷേത്രം, ചെറുപറക്കോണം പരബ്രഹ്മ ക്ഷേത്രം, അമ്പലപ്പുറം കത്തോലിക്ക പള്ളി എന്നിവിടങ്ങളിലും മോഷണം നടന്നുട്. വഞ്ചി തകർത്താണ് മിക്കയിടത്തും പണം അപഹരിച്ചത്. കടയ്ക്കോട് മാടൻകാവ്, മാരൂർ ദുർഗാദേവീ ക്ഷേത്രം എന്നിവിടങ്ങളിൽ മോഷണശ്രമം നടന്നു. അന്നൂർ കോളക്കോണം മലനട ക്ഷേത്രത്തിലെ വഞ്ചി തകർത്തെങ്കിലും പണം നഷ്ടപ്പെട്ടില്ല. ആനയം, ഗോവിന്ദമംഗലം, തോട്ടംമുക്ക് ഭാഗങ്ങളിലും മോഷണ ശ്രമങ്ങൾ നടന്നതായാണ് വിവരം.
സ്ഥിരം കുറ്റവാളികളെന്ന് നിഗമനം
കൊട്ടാരക്കര, പൂയപ്പള്ളി, പുത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് മാസമായി നിരവധി മോഷണം
പൊലീസ് ഗൗരവമായ അന്വേഷണം നടത്തുന്നില്ല
ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം പ്രദേശങ്ങളിൽ തമ്പടിച്ചിരിക്കുന്നു
സ്ഥിരം മോഷ്ടാക്കളെന്ന് സാഹചര്യ തെളിവുകൾ
പൂവറ്റൂരിൽ വീട്ടമ്മയുടെ സ്വർണമാല ജനലിൽക്കൂടി തോട്ടിവച്ച് പൊട്ടിച്ചെടുത്തതും അടുത്തിടെ
കാർഷിക വിളകളുടെ മോഷണവും വർദ്ധിച്ചു
രണ്ടാഴ്ച മുമ്പ് കുരിശടിയിൽ
രണ്ടാഴ്ച മുമ്പ് കിഴക്കേത്തെരുവ് പാലനിരപ്പ് മാർ ബസേലിയോസ് മാർഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ കുരിശടിയിലെ വഞ്ചി തകർത്ത് മോഷണം നടത്തി. കഴിഞ്ഞ ആഴ്ചയിൽ തൃക്കണ്ണമംഗൽ തോട്ടംമുക്കിൽ സെന്റ് ആന്റണി മലങ്കര കത്തോലിക്ക പള്ളിയുടെ റോഡരികിലെയും അകത്തെയും വഞ്ചികൾ തകർത്തു. രണ്ട് അറകൾ വീതമുള്ള വഞ്ചികളായതിനാൽ ഓരോ അറകൾ വീതമേ മോഷ്ടാവിന് പൊളിക്കാൻ കഴിഞ്ഞുള്ളു. പണം നഷ്ടപ്പെട്ടില്ല. പുലർച്ചെ നിറുത്തിയിട്ട പാൽവണ്ടിയുടെ ജീവനക്കാരൻ ശബ്ദംകേട്ട് ബഹളം വച്ചപ്പോഴാണ് മോഷ്ടാവ് ഓടി രക്ഷപ്പെട്ടത്.
രാത്രികാല പട്രോളിംഗ് കർശനമാക്കണം. പൊലീസിന്റെ നിരീക്ഷണ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണം.
നാട്ടുകാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |