കരുനാഗപ്പള്ളി : കേരള യൂത്ത് പ്രമോഷൻ കൗൺസിൽ, സബർമതി ഗ്രന്ഥശാല എന്നിവയുടെ ആഭിമുഖ്യത്തിൽ 'നമുക്കുവേണ്ടി മണ്ണിനുവേണ്ടി' ക്യാമ്പയിന്റെ ഭാഗമായി രാജ്യാന്തര കണ്ടൽ ദിനത്തോടനുബന്ധിച്ച് പള്ളിക്കലാറിന്റെ തീരത്ത് കണ്ടൽ തൈകൾ നട്ടുപിടിപ്പിച്ചു.പള്ളിക്കലാറിന്റെ തീരത്ത് ചന്തകടവ് മുതൽ കന്നേറ്റി വരെയുള്ള പ്രദേശത്താണ് ദിനാചരണത്തിന്റെ ഭാഗമായി മുന്നൂറ് കണ്ടൽ തൈകൾ നട്ടുപിടിപ്പിച്ചത്.
പരിപാടിയുടെ ഉദ്ഘാടനം ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ് നിർവഹിച്ചു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ ചടങ്ങിൽ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ മുഖ്യാതിഥിയായിരുന്നു.
പള്ളിക്കലാർ സംരക്ഷണസമിതി സെക്രട്ടറി ജി. മഞ്ജുക്കുട്ടൻ കണ്ടൽദിന സന്ദേശം നൽകുകയും സംസ്ഥാന പാഠപുസ്തക സമിതി അംഗം സുധീർ ഗുരുകുലം കണ്ടലുകളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ജില്ലാ കൺവീനർ അനിൽ കിഴക്കടത്ത്, സംസ്ഥാന നിർവാഹക സമിതി അംഗം സാദിഖ് എ., ജീവകാരുണ്യ പ്രവർത്തകൻ സിദ്ദിഖ് മംഗലശ്ശേരിൽ, സബർമതി ഗ്രന്ഥശാല സെക്രട്ടറി വി.ആർ. ഹരികൃഷ്ണൻ, ഭാരവാഹികളായ എച്ച്.ശബരീനാഥ് , അലൻ എസ്. പൂമുറ്റം, സി.ദിനേശ് , ബിന്ദു വേണുഗോപാൽ, നമൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
പരിസ്ഥിതി സംരക്ഷണത്തിൽ കണ്ടലുകളുടെ പങ്ക്
പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ജൈവവൈവിദ്ധ്യം സംരക്ഷിക്കുന്നതിലും കണ്ടൽ ചെടികൾ വലിയ പങ്കാണ് വഹിക്കുന്നത്. ഭൂമിയുടെ വൃക്കയായി പ്രവർത്തിക്കുന്ന കണ്ടലുകൾ ജൈവവൈവിദ്ധ്യ സംരക്ഷണം, മീനുകൾക്ക് മുട്ടയിടാനുള്ള സൗകര്യം, ജല ശുദ്ധീകരണം, കൊടുങ്കാറ്റിന്റെ വേഗത കുറയ്ക്കൽ, മണ്ണൊലിപ്പ് തടയൽ എന്നിവയ്ക്ക് സുപ്രധാന പങ്കുവഹിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |