SignIn
Kerala Kaumudi Online
Tuesday, 28 July 2026 1.36 AM IST

'ശോഭനം' നിലച്ചു; ഇടക്കുളങ്ങരയിൽ രാത്രി ഡോക്ടറില്ല

karunagapally-vet-doctor
ഇടക്കുളങ്ങരയിൽ പ്രവർത്തിക്കുന്ന കരുനാഗപ്പള്ളി വെറ്ററിനറി പോളി ക്ലിനിക്

തൊടിയൂർ: ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ഇടക്കുളങ്ങരയിൽ പ്രവർത്തിക്കുന്ന കരുനാഗപ്പള്ളി വെറ്ററിനറി പോളിക്ലിനിക്കിൽ രാത്രികാല ഡോക്ടറുടെ സേവനം നിലച്ചതോടെ മേഖലയിലെ ക്ഷീരകർഷകരും വളർത്തുമൃഗ സ്നേഹികളും കടുത്ത ദുരിതത്തിലായി. രാത്രികാലങ്ങളിൽ കന്നുകാലികൾക്കും മറ്റ് വളർത്തുമൃഗങ്ങൾക്കും ഉണ്ടാകുന്ന അടിയന്തര അസുഖങ്ങൾക്ക് ചികിത്സ ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.

 ഉദ്ഘാടനം ചെയ്ത കേന്ദ്രത്തിൽ തന്നെ 'പൂട്ട്'!

സംസ്ഥാനത്തെ മൃഗാശുപത്രികളിൽ 24 മണിക്കൂറും ചികിത്സാ സേവനം ഉറപ്പാക്കുന്നതിനായി അവതരിപ്പിച്ച 'ശോഭനം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2020 ഒക്ടോബർ 20-ന് നടന്നത് ഇടക്കുളങ്ങര പോളിക്ലിനിക്കിലായിരുന്നു. പദ്ധതിയുടെ തുടക്കത്തിൽ നാട്ടുകാർക്ക് ഇവിടെ നിന്ന് 24 മണിക്കൂറും തടസമില്ലാതെ മികച്ച ചികിത്സ ലഭ്യമായിരുന്നു. എന്നാൽ, ഇപ്പോൾ രാത്രികാല ഡോക്ടറുടെ സേവനം പൂർണമായി ഇല്ലാതായതോടെ പദ്ധതിയുടെ ലക്ഷ്യം തന്നെ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.

 ആശ്രയിക്കുന്നത് വിശാലമായ പ്രദേശം

കരുനാഗപ്പള്ളി നഗരസഭയ്ക്ക് പുറമെ തൊടിയൂർ, തഴവ, കുലശേഖരപുരം, ആലപ്പാട് എന്നീ സമീപ ഗ്രാമപഞ്ചായത്തുകളിലെയും ജനങ്ങൾ അടിയന്തര മൃഗചികിത്സയ്ക്കായി പ്രധാനമായും ആശ്രയിക്കുന്നത് ഈ വെറ്ററിനറി പോളിക്ലിനിക്കിനെയാണ്. വിശാലമായ ഒരു പ്രദേശത്തെ ജനങ്ങൾക്ക് ആശ്വാസമായിരുന്ന രാത്രികാല ചികിത്സാ സൗകര്യമാണ് അധികൃതരുടെ നിഷ്ക്രിയത്വം മൂലം പെട്ടെന്ന് ഇല്ലാതായത്.

 സേവനം ഉടനടി പുനഃസ്ഥാപിക്കണം

രാത്രികാലങ്ങളിൽ കന്നുകാലികൾക്ക് അസുഖം ബാധിച്ചാൽ ദൂരസ്ഥലങ്ങളിലെ സ്വകാര്യ ക്ലിനിക്കുകളെയോ മറ്റ് കേന്ദ്രങ്ങളെയോ ആശ്രയിക്കേണ്ടി വരുന്നത് കർഷകർക്ക് വലിയ സാമ്പത്തിക ബാദ്ധ്യതയും ആശങ്കയും സൃഷ്ടിക്കുന്നുണ്ട്. അതിനാൽ, പദ്ധതി ഉദ്ഘാടനം ചെയ്ത ഈ കേന്ദ്രത്തിൽ എത്രയും വേഗം രാത്രികാല ഡോക്ടറുടെ സേവനം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന ആവശ്യം കർഷകരുടെയും പ്രദേശവാസികളുടെയും ഇടയിൽ ശക്തമായിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL