
അടിമാലി: അടിമാലിയിൽ മണ്ണിടിച്ചിൽ ദുരന്തത്തിൽപ്പെട്ടവർക്കുള്ള നഷ്ടപരിഹാര തുകയായ 10 ലക്ഷം രൂപ ഓണത്തിനു മുമ്പ് വിതരണം ചെയ്യുമെന്ന് മന്ത്രി എ.പി. അനിൽകുമാർ. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന റവന്യൂ വകുപ്പ് അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. എഫ്. രാജ എം.എൽ.എ, സമര സമതി നേതാക്കാൾ എന്നിവരുമായി നടത്തിയ നിർണായക ചർച്ചകൾക്ക് ശേഷമാണ് റവന്യൂ മന്ത്രി തീരുമാനം അറിയിച്ചത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനമുണ്ടായതിൽ സന്തോഷമുണ്ടെന്നും എന്നാൽ നഷ്ടപരിഹാര തുക കൈയിൽ കിട്ടുന്നത് വരെയോ അല്ലെങ്കിൽ രേഖാമൂലം ഉറപ്പ് ലഭിക്കുന്നത് വരെയോ സമരം തുടരുമെന്നും സമര സമിതി കൺവീനർ ഷാജി കൊല്ലങ്കിടിയിൽ പറഞ്ഞു. അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് സമരസമിതി. ഇന്നലെ ദുരിത ബാധിതരുടെ രാപ്പകൽ സമരം 33 ദിവസം പിന്നിട്ടു. ദുരന്തമുണ്ടായി എട്ട് മാസം കഴിഞ്ഞിട്ടും അധികാരികളിൽ നിന്ന് നഷ്ടപരിഹാരം സംബന്ധിച്ച വ്യക്തമായ മറുപടി ലഭിക്കാത്തതും മാസങ്ങളായി വീട്ടുവാടക മുടങ്ങിയതുമാണ് ദുരിതബാധിതരെ സമരത്തിലേക്ക് നയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |