തിരുവനന്തപുരം: വർഷങ്ങളായി ഒരേ ബസിൽ ഒരുമിച്ച് യാത്രചെയ്യുന്നവർ ചേർന്ന് വേറിട്ട രീതിയിൽ ഓണം ആഘോഷിച്ചു. പത്തനാപുരം മുതൽ തിരുവനന്തപുരം വരെയും തിരിച്ചും ഒരുമിച്ച് യാത്രചെയ്യുന്നവരുടെ കൂട്ടായ്മ സംഘടിപ്പിച്ച ആഘോഷത്തിൽ പാട്ടും നൃത്തവും മധുരവിതരണവുമായി സ്ഥിരം യാത്രക്കാരല്ലാത്തവരും പങ്കുചേർന്നു.
പത്തനാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് പുലർച്ചെ 5.30നാണ് ബസ് പുറപ്പെടുന്നത്. ആഘോഷത്തോടനുബന്ധിച്ച് അതിരാവിലെ തന്നെ ബസ് അലങ്കരിക്കാൻ വനിതകൾ ഉൾപ്പെടെയുള്ളവർ സ്റ്റാൻഡിലെത്തിയിരുന്നു. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ പത്തനാപുരത്തുനിന്ന് സർവീസ് നടത്തുന്ന ഈ ബസിൽ ടെക്നോപാർക്കിലെ ജീവനക്കാർ ഉൾപ്പെടെയുള്ളവരാണ് പ്രധാന സ്ഥിരം യാത്രക്കാർ. വൈകിട്ട് 5.15ന് തമ്പാനൂരിൽ നിന്ന് പത്തനാപുരത്തേക്കുള്ള മടക്കയാത്രയിലും ഇവരുണ്ടാകും.
യാത്രക്കാരുടെ ലക്ഷ്യസ്ഥാനങ്ങൾ കൃത്യമായി അറിയാവുന്ന ബസ് ജീവനക്കാർ സർവീസ് സംബന്ധിച്ച അപ്‌ഡേറ്റുകളും നൽകുന്നുണ്ട്. യാത്രക്കാരുടെ ഒത്തൊരുമ മനസിലാക്കി സർവീസ് മുടങ്ങാതിരിക്കാൻ ഡിപ്പോ അധികൃതരും ശ്രദ്ധിക്കുന്നു. ബസിന് തകരാർ സംഭവിച്ചാൽ പകരം മറ്റൊരു ബസ് അയക്കുകയും അതിന്റെ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അറിയിക്കുകയും ചെയ്യാറുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |