SignIn
Kerala Kaumudi Online
Saturday, 22 August 2026 2.41 AM IST

190 എം.എൽ.ഡി കുടിവെള്ള പദ്ധതി: വില്ലനായി പൈപ്പ് ലൈൻ റോഡ് കൈയേറ്റങ്ങൾ

pipe-line
പൈപ്പ് ലൈൻ റോഡിൽ കുന്നത്തേരി കവലയിൽ അനധികൃതമായി നിർമ്മിച്ച യൂണിയൻ ഷെഡ്

ആലുവ: പശ്ചിമ കൊച്ചിയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ആലുവയിലെ 190 എം.എൽ.ഡി കുടിവെള്ള പദ്ധതിക്ക് പൈപ്പ് ലൈൻ റോഡിലെ കൈയേറ്റം വില്ലനാകുമെന്ന് ആശങ്ക. ആലുവ ജലശുദ്ധീകരണ ശാലയിൽ നിന്ന് കലൂർ കതൃക്കടവ് വരെയുള്ള 20 കിലോമീറ്റർ പൈപ്പ് ലൈൻ റോഡിലൂടെയാണ് പുതിയ ഭൂഗർഭ പൈപ്പുകൾ സ്ഥാപിക്കേണ്ടത്. ഇവിടെ നിരവധി കൈയേറ്റങ്ങളുണ്ട്. ഒഴിപ്പിക്കൽ നടപടികൾ നീണ്ടാൽ പദ്ധതി ഇനിയും അനിശ്ചിതത്തിലാകും. വ്യാപാര സ്ഥാപനങ്ങൾ, തട്ടുകടകൾ, യൂണിയൻ ഓഫീസുകൾ, വിശ്രമ കേന്ദ്രങ്ങൾ എന്നിവയെല്ലാം കൈയേറ്റ പട്ടികയിലുണ്ട്. നിലവിൽ പൈപ്പ് ലൈൻ റോഡിലൂടെ 900 എം.എം, 1050 എം.എം, 1200 എം.എം വ്യാസമുള്ള പൈപ്പുകളുണ്ട്. പുതിയ പദ്ധതിക്കായി 1422 എം.എം വ്യാസമുള്ള പൈപ്പ് കൂടി സ്ഥാപിക്കണം.

ആലുവ, കളമശേരി, തൃക്കാക്കര നഗരസഭകൾ, ചൂർണിക്കര ഗ്രാമപഞ്ചായത്ത്, കൊച്ചി കോർപ്പറേഷൻ എന്നിവിടങ്ങളിലൂടെയാണ് പൈപ്പ് ലൈൻ കടന്നുപോകുന്നത്. പദ്ധതിയിലൂടെ കൊച്ചി കോർപ്പറേഷനിൽ 80 ദശലക്ഷം ലിറ്റർ വെള്ളമാണ് അധികമായി ലഭിക്കുക. വൈപ്പിൻ മേഖലയിൽ 30 - 35 ദശലക്ഷം ലിറ്ററും കളമശേരിക്ക് 24 - 28 ദശലക്ഷം ലിറ്ററും തൃക്കാക്കരക്ക് 24 - 28 ദശലക്ഷം ലിറ്ററും ഏലൂരിന് 6 ദശലക്ഷം ലിറ്റർ വെള്ളവുമാണ് അധികമായി ലഭിക്കും.

ഓണം കഴിഞ്ഞാൽ ടെൻഡർ,

ഒഴിയാൻ നോട്ടീസ് നൽകിത്തുടങ്ങി

190 എം.എൽ.ഡി കുടിവെള്ള പദ്ധതിയുടെ ടെൻഡർ നടപടികൾ ഓണം കഴിഞ്ഞാൽ ആരംഭിക്കും. പ്ളാന്റ് നിർമ്മാണവും പൈപ്പിടലുമെല്ലാം ആരംഭിക്കണം. പൈപ്പ് ലൈൻ പ്രവൃത്തികൾ അടുത്തവർഷം ആരംഭത്തോടെ ആരംഭിക്കണം. അതിന് മുമ്പ് കൈയേറ്റം ഒഴിപ്പിക്കാൻ നോട്ടീസ് നൽകിത്തുടങ്ങി. ഏഴ് ദിവസത്തിനുള്ളിൽ ഒഴിയാനാണ് നിർദ്ദേശം. അല്ലാത്തപക്ഷം പൊലീസ്, കോടതി സഹായത്തോടെ ഒഴിപ്പിക്കും. സർവേക്കല്ലുകളും സ്ഥാപിക്കും

രതീഷ് കുമാർ,

സൂപ്രണ്ടിംഗ് എൻജിനിയർ,

വാട്ടർ അതോറിട്ടി

പി.എച്ച് സർക്കിൾ

ക്രോസ് ബാറുകൾ

നശിച്ച നിലയിൽ

വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ച പൈപ്പ് ലൈൻ റോഡിൽ പല ഭാഗത്തായി ക്രോസ് ബാറുകൾ സ്ഥാപിച്ചിരുന്നെങ്കിലും പലതും നശിച്ച അവസ്ഥയിലാണ്. രാത്രിയുടെ മറവിൽ ബോധപൂർവം വാഹനങ്ങൾ ഇടിപ്പിച്ച് തകർക്കുകയാണെന്നാണ് ആക്ഷേപം. വലിയ വാഹനങ്ങൾ കടത്തികൊണ്ടുപോകാനാണ് ഇതെന്നും ആക്ഷേപമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, PIPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL