
കൊല്ലം: കാടിന്റെ വന്യതയും നിഗൂഢതയും അറിഞ്ഞാസ്വദിക്കാൻ ഇനി ഉൾക്കാടുകളിലേക്ക് കടക്കേണ്ടതില്ല, വന്യ മൃഗങ്ങളെ അടുത്ത് കാണാനും കാടിന്റെ വന്യമായ സ്വാഭാവിക ശബ്ദങ്ങളും ഇലച്ചാർത്തുകളിൽ തട്ടിത്തെറിക്കുന്ന നിഴൽ വെളിച്ചങ്ങളും അനുഭവിച്ചറിയാനുമായി കുളത്തൂപ്പുഴയിൽ വനം വകുപ്പ് ഒരുക്കിയ വനം മ്യൂസിയം ശ്രദ്ധേയമാകുന്നു.
2023ൽ തുടക്കമിട്ട വിജ്ഞാന വിനോദ കേന്ദ്രം കുളത്തൂപ്പുഴയുടെ മുഖ്യ ആകർഷണ കേന്ദ്രമായി മാറിക്കഴിഞ്ഞു. സംസ്ഥാനത്തെ പ്രഥമ നാച്വറൽ ഹിസ്റ്ററി ഫോറസ്റ്റ് മ്യൂസിയവും ഏറ്റവും വലിയ വന മ്യൂസിയവുമാണിത്. വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള മൂന്നര ഏക്കർ കാമ്പസിൽ, ഒറ്റമരം പോലും മുറിച്ചുമാറ്റാതെ പൂർണമായും പ്രകൃതിദത്തമായ അന്തരീക്ഷത്തിലാണ് മ്യൂസിയം സജ്ജമാക്കിയിട്ടുള്ളത്. പ്രകൃതിയെയും ജൈവവൈവിദ്ധ്യങ്ങളെയും കുറിച്ച് പൊതുജനങ്ങളിൽ ബോധവത്കരണം സൃഷ്ടിക്കുന്നതിനൊപ്പം ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ഉപയോഗ പ്രദമാണ് കുളത്തൂപ്പുഴയിലെ ഈ പ്രകൃതി ചരിത്ര മ്യൂസിയം.
വെർച്വൽ മൃഗശാല
നിർമ്മിത ബുദ്ധിയും രൂപാന്തരിക യാഥാർത്ഥ്യവും സമന്വയിപ്പിച്ച വെർച്വൽ മൃഗശാലയാണ് മുഖ്യ ആകർഷണം. കാട്ടിലൂടെ നടക്കുമ്പോൾ കേൾക്കുന്ന പക്ഷി മൃഗാദികളുടെ സ്വാഭാവിക ശബ്ദങ്ങളും ദൃശ്യങ്ങളും സഞ്ചാരികൾക്ക് യഥാർത്ഥ കാട്ടിലൂടെ സഞ്ചരിക്കുന്ന അപൂർവ അനുഭവമാണ് സമ്മാനിക്കുന്നത്.
കേരളത്തിലെ വനങ്ങൾ, തണ്ണീർത്തടങ്ങൾ, അപൂർവ ജൈവ വ്യവസ്ഥകൾ, ടിംബർ മ്യൂസിയം എന്നിവ പ്രമേയമാക്കിയ അഞ്ച് പ്രദർശന മുറികളുണ്ട്
ആദിവാസി കുടിലുകൾ, ഗോത്ര പൈതൃക ശേഷിപ്പുകൾ, തടി ഇനങ്ങളുടെയും വന വിഭവങ്ങളുടെയും മാതൃകകൾ, ജീവൻ തുടിക്കുന്ന വന്യജീവി ശില്പങ്ങൾ
ഒറിജിനലിനെ വെല്ലുന്ന കാട്ടുമൃഗങ്ങൾക്കൊപ്പം ചിത്രമെടുക്കാം, തൊട്ടറിയാം
കുട്ടികൾക്ക് കളിക്കാൻ പാർക്ക്, മുതിർന്നവർക്ക് ഊഞ്ഞാലാടാം
രാവിലെ 10 മുതൽ വൈകിട്ട് 6 വരെ പ്രവേശനം
പ്രവേശന ഫീസ് മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 25 രൂപയും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |