SignIn
Kerala Kaumudi Online
Monday, 24 August 2026 12.52 AM IST

മഴയിലും മേളപ്പെരുമയിൽ കൊല്ലത്തിന്റെ ഓണാരവം

കൊല്ലം: മഴ പെയ്തിറങ്ങിയ നഗരവീഥികളിലൂടെ പുലികളും മാവേലിയും തെയ്യവും നീങ്ങിയപ്പോൾ നഗരം അക്ഷരാർത്ഥത്തിൽ ഓണലഹരിയിലായി. തൃശൂരിൽ നിന്നുള്ള പുലികളിസംഘത്തെ കണ്ടവർ പലരും ഒരുനിമിഷം കൊള്ളാമല്ലോയെന്ന് ചിന്തിച്ചു. കുട്ടികൾക്ക് കൗതുകവും മുതിർന്നവർക്ക് ഗൃഹാതുരതയും പകർന്ന കാഴ്ചകളായിരുന്നു ഓരോന്നും.

കോർപ്പറേഷന്റെ ‘ഓണാരവം 2026’ന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക ഘോഷയാത്രയിലാണ് വിവിധ കലാരൂപങ്ങൾ അരങ്ങേറിയത്. കൊല്ലം ട്രാൻസ്പോർട്ട് സ്റ്റാൻഡിന് സമീപം മന്ത്രി ബിന്ദു കൃഷ്ണ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വാളത്തുംഗലിൽ നിന്നുള്ള കരടിബൊമ്മ സംഘം, വർക്കലയിൽ നിന്നുള്ള ബൊമ്മത്തെയ്യം, അരുനല്ലൂരിൽ നിന്നുള്ള കരടികളിസംഘം എന്നിവയ്ക്ക് പിന്നാലെ പൊയ്ക്കാൽ രൂപങ്ങളും ഫ്ലോട്ടുകളും ശിങ്കാരിമേളവും പൂക്കാവടിയും പഞ്ചവാദ്യവും ദഫ് മുട്ടും കൈകൊട്ടിക്കളിയും കഥകളിയും വള്ളംകളിയും കുമ്മാട്ടിക്കളിയും അണിനിരന്നു.

അഞ്ചാലുംമൂട്, കോയിക്കൽ ഉൾപ്പടെ നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ വർണാഭമായ വേഷങ്ങളണിഞ്ഞ് ഘോഷയാത്രയുടെ ഭാഗമായി. മഴ വകവയ്ക്കാതെ കാഴ്ചകൾ ആസ്വദിക്കാൻ വൻജനാവലിയാണ് വഴിയരികിൽ തടിച്ചുകൂടിയത്. പ്രളയ രക്ഷാപ്രവർത്തകരായ മത്സ്യത്തൊഴിലാളികൾക്ക് നന്ദി അറിയിച്ചുള്ള ബോട്ടും ഘോഷയാത്രയിൽ ശ്രദ്ധേയമായി. വിവിധ സോണുകളിലെ ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരും ഘോഷയാത്രയിൽ അണിനിരന്നു.

വൈകിട്ട് 5.15ന് ആരംഭിച്ച ഘോഷയാത്ര രണ്ട് കിലോമീറ്ററോളം പിന്നിട്ട് കൊല്ലം ടൗൺഹാളിൽ സമാപിച്ചു. മേയർ എ.കെ.ഹഫീസ്, ഇരവിപുരം എം.എൽ.എ വിഷ്ണു മോഹൻ, എൻ.കെ.പ്രേമചന്ദ്രൻ എം.പി, ഡെപ്യൂട്ടി മേയർ കരുമാലിൽ ഉദയ സുകുമാരൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, കൗൺസിലർമാർ, കോർപ്പറേഷൻ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. മികച്ച രീതിയിൽ ഘോഷയാത്രയിൽ പങ്കെടുക്കുന്ന സോണുകൾക്ക് മേയർ പ്രഖ്യാപിച്ച സമ്മാനത്തിൽ ഇരവിപുരം സോൺ ഒന്നാം സ്ഥാനവും കിളികൊല്ലൂർ സോൺ രണ്ടാം സ്ഥാനവും ശക്തികുളങ്ങര സോൺ മൂന്നാം സ്ഥാനവും നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL