
കൊച്ചി: കൊച്ചി മെട്രോ ബ്രാൻഡ് നാമമായ 'കൊച്ചി മെട്രോ" ആയി തന്നെ തുടരുമെന്ന് കെ.എം.ആർ.എൽ വാർത്താക്കുറിപ്പിൽ അറിയിച്ചു. കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്ന് മാറ്റാൻ സംസ്ഥാന സർക്കാരിന് ശുപാർശ നൽകിയതായ കെ.എം.ആർ.എൽ എം.ഡി ലോക്‌നാഥ് ബെഹ്റയുടെ പ്രസ്താവന വിവാദമായതിനെ തുടർന്നാണ് വിശദീകരണം.
ഒരു സംസ്ഥാനത്ത് ഒന്നിലധികം നഗരങ്ങളിൽ മെട്രോ സംവിധാനങ്ങളുണ്ടെങ്കിൽ, അവയ്ക്കായി ഒറ്റ മെട്രോ റെയിൽ കമ്പനി മാത്രമാകണം എന്നത് കേന്ദ്ര മാർഗനിർദ്ദേശമാണ്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് നൽകിയ ശുപാർശ കേന്ദ്ര നിർദ്ദേശപ്രകാരമല്ല. മറിച്ചുള്ള വാർത്തകൾ ശരിയല്ല. പേരുമാറ്റുന്നത് സംബന്ധിച്ച് ഇതുവരെ ഒരു സംസ്ഥാനത്തിനും കേന്ദ്രസർക്കാർ നിർദ്ദേശമൊന്നും നൽകിയിട്ടില്ല.
കേരളത്തിൽ കൂടുതൽ മെട്രോ പദ്ധതികൾ കൂടി വരുന്ന സാഹചര്യം പരിഗണിച്ചാണ്, മറ്റ് സംസ്ഥാനങ്ങളിലെന്ന പോലെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിൽ മാത്രം മാറ്റം വരുത്താൻ സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്തത്. ഇത് സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂർണ അധികാരം സംസ്ഥാന സർക്കാരിനുണ്ട്. സർക്കാർ ഇത് നിരസിക്കുകയാണെങ്കിൽ തുടർനടപടികൾ ഒന്നും തന്നെ ഉണ്ടാകുന്നതല്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |