
പാലോട്: വാഹനങ്ങളുടെ അമിതവേഗതയിൽ ജീവൻ പൊലിയുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുന്നു. കഴിഞ്ഞ ദിവസം ചൂടൽ ചോനൻവിളയിലുണ്ടായ അപകടത്തിൽ കിരൺ(25) മരണപ്പെട്ടതാണ് അവസാന സംഭവം. പാലോട് പെരിങ്ങമ്മല റൂട്ടിൽ പാലോട്ടെ ബസ് കാത്തിരുപ്പ് കേന്ദ്രത്തിനു സമീപം അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ച് സ്വകാര്യ ആശുപത്രി ജീവനക്കാരി മരിച്ചിട്ട് കുറച്ചു നാളുകളേ ആയിട്ടുള്ളൂ. ഫോറസ്റ്റ് റേഞ്ച് ഓഫീസിനു സമീപം അടുത്തിടെ നടന്ന വാഹനാപകടങ്ങളിൽ മരണപെട്ടവർ മൂന്നു പേരാണ്.
നന്ദിയോട് പ്ലാവറയിലുണ്ടായ അപകടത്തിൽ മരിച്ചത് 3 പേരാണ്. പാലോട് പെരിങ്ങമ്മല റോഡിൽ അപകടത്തിൽ മരണമടഞ്ഞവർ മൂന്ന് മാസത്തിനുള്ളിൽ മൂന്നാണ്. പ്ലാവറയ്ക്കും കുശവൂർ ജംഗ്ഷനും മദ്ധ്യേ ഒരു കിലോമീറ്ററിനുള്ളിൽ മൂന്ന് മാസത്തിനുള്ളിൽ അപകടത്തിൽ മണമടഞ്ഞത് 4പേരാണ്.നിരവധി പേർ അപകടങ്ങളിൽപ്പെട്ട് ചികിത്സയിലാണ്. പുലർച്ചെ നിരത്തിലിറങ്ങുന്ന മീൻ ലോറികളും ഇറച്ചിക്കോഴി കൊണ്ടു പോകുന്ന വാഹനങ്ങളും അമിതവേഗത്തിലാണ് സഞ്ചരിക്കുന്നത്. ഇതിൽ പല വാഹനങ്ങൾക്കും മതിയായ രേഖകളില്ല.
സൂക്ഷിച്ചില്ലെങ്കിൽ അപകടം ഉറപ്പ്
കുത്തനെയുള്ള കയറ്റിറക്കവും കൊടുംവളവുകളും ചെങ്കോട്ട പാതയിൽ ചുള്ളിമാനൂരിനും മടത്തറയ്ക്കും ഇടയിൽ അപകടങ്ങൾക്ക് ഇടയാക്കുന്നു. എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങളെ കാണാൻ കഴിയാത്ത തരത്തിലാണ് വളവുകളുള്ളത്. റോഡിന്റെ ഇരുവശവും പടർന്ന് പന്തലിച്ച് കിടക്കുന്ന കാടാണ് ഡ്രൈവർമാരുടെ സ്ഥിരം ശാപം. ഇറക്കമിറങ്ങി വരുന്നവർ അമിതവേഗതയിലായാൽ വാഹനത്തിന്റെ നിയന്ത്രണം തെറ്റി,കയറുന്ന വാഹനത്തിൽ കൂട്ടിയിടിക്കും.
അമിത വേഗം
അന്തർ സംസ്ഥാന വാഹനങ്ങളിലെ ഡ്രൈവർമാരും ടിപ്പർ,മീൻ ലോറികളും റോഡിൽ മരണപ്പാച്ചിലാണ്. ഒരു വർഷത്തിനിടെ നൂറുകണക്കിന് അപകടങ്ങളുണ്ടാകുന്നുണ്ട്. നിയന്ത്രണം വിട്ട് ഒരു വാഹനം വന്നാൽ എതിർ ദിശയിലെ വാഹനം ഒഴിച്ചു നിറുത്താനുള്ള സൗകര്യമില്ലിവിടെ. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ടൂ വീലറുകൾ അടക്കമുള്ള ചെറിയ വാഹനങ്ങൾ ചാലിൽ തെന്നി വീഴും. ഇത്തരം ഭാഗങ്ങളിൽ ടാർ ചെയ്ത റോഡിന് അനുബന്ധമായി കോൺക്രീറ്റ് ചെയ്യുകയോ കല്ല് പാകുകയോ ചെയ്യണമെന്ന് കെ.എസ്.ടി.പി പൊതുമരാമത്ത് റോഡ് വിഭാഗത്തോട് നിർദേശിച്ചിട്ടുണ്ട്. എന്നാൽ, ഇക്കാര്യം നിറവേറ്റേണ്ടത് കെ.എസ്.ടി.പിയാണെന്ന പക്ഷമാണ് മരാമത്ത് ഉദ്യോഗസ്ഥർക്ക്.
പി.ഡബ്ലിയു.ഡി നെടുമങ്ങാട്,പാലോട് സെക്ഷനുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളാണ് അപായമുനമ്പുകളായി മാറിയിട്ടുള്ളത്.
വഞ്ചുവം,ഇളവട്ടം,താന്നിമൂട്, പ്ലാവറ, ഫോറസ്റ്റ് ഓഫീസിന് സമീപം, എക്സ് കോളനി എന്നിവിടങ്ങൾ അപകടമരണങ്ങൾക്ക് കുപ്രസിദ്ധമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |