SignIn
Kerala Kaumudi Online
Sunday, 23 August 2026 5.29 PM IST

നാഗമ്പടം മേൽപ്പാലത്തിലെ തകർന്ന നടപ്പാത അപകടം തൊട്ടരികെ കണ്ണുതുറക്കാതെ അധികൃതർ

naga

കോട്ടയം: മാസങ്ങളേറെ കഴിഞ്ഞിട്ടും നാഗമ്പടം റെയിൽവേ മേൽപ്പാലത്തിലെ തകർന്ന കാൽനടപ്പാതയ്ക്ക് പരിഹാരമില്ല. പ്രായമായവരും സ്ത്രീകളും ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാർ ദിവസവും അപകടഭീഷണിയിലൂടെയാണ് കടന്നുപോകുന്നത്. അധികൃതർ മനസുവച്ചാൽ മണിക്കൂറുകൾക്കുള്ളിൽ പരിഹരിക്കാവുന്ന പ്രശ്‌നമാണ് ഇപ്പോഴും പരിഹാരമില്ലാതെ തുടരുന്നത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ പ്രധാന പാതകളിലൊന്നായ നാഗമ്പടം റെയിൽവേ മേൽപ്പാലത്തിലെ നടപ്പാതയിലെ ഓടകളുടെ കോൺക്രീറ്റ് മൂടികളാണ് പലയിടത്തും തകർന്നും ഇളകിമാറിയും കിടക്കുന്നത്. അപകടസാദ്ധ്യത ചൂണ്ടിക്കാണിക്കാൻ താത്ക്കാലികമായി മുന്നറിയിപ്പ് റിബണുകളും ടാർവീപ്പകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും സ്ഥിരപരിഹാരത്തിനുള്ള നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി.

അപകടം തിരിച്ചറിയാൻ റിബൺ മാത്രം

ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമാണ് അപകടസാദ്ധത ഏറെയും. ബസ് എത്തുമ്പോൾ തിരക്കിട്ട് ഓടിയെത്തുന്നവരും ബസിൽനിന്ന് ഇറങ്ങുന്നവരും തകർന്ന സ്ലാബുകളിൽ കാൽവച്ച് വീഴാനുള്ള സാദ്ധ്യത വർദ്ധിക്കുന്നു. പുറത്തു നിന്നെത്തുന്ന യാത്രക്കാരും അപകടകെണി തിരിച്ചറിയാതെ കടന്നുപോകുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. രാത്രിയിൽ തകർന്ന ഭാഗങ്ങൾ വ്യക്തമായി കാണാൻ കഴിയാത്തതിനാൽ അപകടഭീഷണി ഇരട്ടിയാകുന്നു. നടപ്പാതയിലൂടെ സുരക്ഷിതമായി നടക്കാൻ കഴിയാത്തതിനാൽ പലരും വാഹനങ്ങൾ ചീറിപ്പായുന്ന റോഡിലേക്ക് ഇറങ്ങി യാത്ര ചെയ്യേണ്ട സ്ഥി‌തിയാണ്. ഇതും അപകടത്തിന് ഇടയാക്കുന്നു. പ്രായമായവർ ഇതുവഴി സഞ്ചരിക്കുന്ന മറ്റ് യാത്രക്കാരുടെ സഹായത്തോടെയാണ് തകർന്ന സ്ലാബുകൾ മറികടക്കുന്നത്. തകർന്ന ഓടയിലെ മൂടികൾ അടിയന്തരമായി മാറ്റി സുരക്ഷിതമായ പുതിയ സ്ലാബുകൾ സ്ഥാപിക്കണമെന്നും കാൽനടയാത്രക്കാർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം

4

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL