SignIn
Kerala Kaumudi Online
Wednesday, 16 September 2026 9.43 PM IST

ദുരിതക്കയത്തിലായി പരുത്തിയറ കണ്ണോട്ട്മുക്ക് കനാൽ റോഡ്

ccc
പരുത്തിയറ കണ്ണോട്ട് മുക്കിലെ കെ.ഐ.പി കനാൽ റോഡിന്റെ അപകടാവസ്ഥ

ഓടനാവട്ടം : പരുത്തിയറ കണ്ണോട്ട്മുക്കിലെ കെ.ഐ.പി കനാൽ റോഡ് സഞ്ചാരയോഗ്യമല്ലാതെ അപകടാവസ്ഥയിലായിട്ട് നാളുകളേറെയാകുന്നു. പ്രദേശത്തെ പ്രധാനപ്പെട്ട കാർഷിക മേഖലയിലുള്ള കൃഷിയിടങ്ങളിലേക്ക് വസ്തു ഉടമകൾക്ക് പ്രവേശിക്കാൻ കഴിയാത്തവിധം കനാൽ റോഡ് പൂർണമായും കാടുപിടിച്ച് നശിച്ചുകിടക്കുകയാണ്.

 ഭീതി വിതച്ച് കാട്ടുപന്നികളും ഇഴജന്തുക്കളും

റോഡിൽ കാടുമൂടിയതിനെ തുടർന്ന് ഉഗ്രവിഷമുള്ള ഇഴജന്തുക്കളും തെരുവ് നായ്ക്കളും കാട്ടുപന്നികളും ഇവിടെ തമ്പടിച്ചിരിക്കുകയാണ്. പകൽ സമയം പോലും ഇവയെ ഭയന്നാണ് പ്രദേശവാസികൾ സഞ്ചരിക്കുന്നത്. സന്ധ്യ മയങ്ങുന്നതോടെ കൂട്ടത്തോടെയെത്തുന്ന കാട്ടുപന്നികൾ വാഴ, മരച്ചീനി, ചേന തുടങ്ങിയ കൃഷികളെല്ലാം വ്യാപകമായി നശിപ്പിക്കുന്നത് പതിവാണ്. ഇത് കർഷകർക്ക് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്.

കുടിവെള്ളവുമില്ല, തെരുവ് വിളക്കുകളുമില്ല

ഇരുപത്തിയഞ്ചോളം വർഷം പഴക്കമുള്ള ഈ കനാലിലൂടെ ആദ്യകാലങ്ങളിൽ ശുദ്ധജല വിതരണം നടന്നിരുന്നെങ്കിലും പിന്നീട് നിലച്ചു. നിലവിൽ ജനങ്ങളും കർഷകരും കാൽനടയായി ആശ്രയിക്കേണ്ട പ്രധാന റോഡാണിത്. തെരുവ് വിളക്കുകൾ പോലുമില്ലാത്തതിനാൽ വൈകുന്നേരങ്ങളിൽ യാത്രക്കാർ കടുത്ത ഭീതിയിലാണ്. മേഖലയിൽ ഭയം കാരണം പലരും വീടുകൾ പൂട്ടി മറ്റ് പ്രദേശങ്ങളിലേക്ക് മാറി താമസിക്കേണ്ട അവസ്ഥയിലാണ്.

 അടിയന്തര നടപടി വേണം

ഉപയോഗശൂന്യമായ കനാൽ പൂർണ്ണമായും മൂടുകയോ അല്ലെങ്കിൽ കനാൽ റോഡിൽ അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാരയോഗ്യമാക്കുകയോ ചെയ്യണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു. കൂടാതെ കൃഷിയിടങ്ങൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ തുരത്താനുള്ള നടപടികൾ കെ.ഐ.പി. അധികൃതരും വെളിയം പഞ്ചായത്തും സത്വരമായി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

ഞങ്ങൾ കുറേപ്പേരുടെ കൃഷിയിടങ്ങളിലേക്ക് പോകേണ്ടുന്ന ഏക വഴിയാണിത്. കാടുപിടിച്ച് ഇഴജന്തുക്കൾ നിറഞ്ഞുകിടക്കുകയാണ്. റബർ കർഷകൻ കൂടിയായ എനിക്കും ചുറ്റുമുള്ളവർക്കും ഇതുമൂലം ദിനംപ്രതി വലിയ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നത്. കാട്ടുപന്നി ശല്യം കാരണം വിളകളെല്ലാം നശിക്കുകയാണ്. കെ.ഐ.പി. അധികൃതരും വെളിയം പഞ്ചായത്തും അടിയന്തര നടപടി സ്വീകരിക്കണം.

എം. കുഞ്ഞച്ചൻ പരുത്തിയറ

(പ്രസിഡന്റ്, റബർ ഉൽപാദക സംഘം, വെളിയം)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL