കൊല്ലം: മലയാളികളുടെ മാനവികതയുടെ സ്രഷ്ടാവ് ശ്രീനാരായണ ഗുരുദേവനാണെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഗുരുദേവന്റെ 172-ാം മഹാജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെയും എസ്.എൻ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കൊല്ലത്ത് സംഘടിപ്പിച്ച ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആധുനിക മനുഷ്യനെ സൃഷ്ടിക്കാനാണ് ഗുരുദേവൻ ശ്രമിച്ചത്. ആധുനിക മനുഷ്യനെ സൃഷ്ടിക്കാൻ പര്യാപ്തമായ സംഘടനാ ബോധത്തിനും ശാസ്ത്രത്തിനും വ്യവസായത്തിനും ഗുരുദേവൻ പ്രാധാന്യം നൽകി. ധാർമ്മിക മൂല്യങ്ങളായിരുന്നു അതിന്റെ അടിത്തറ. മാനവിക വിരുദ്ധമായ ജാതിഭേദങ്ങളെ പൂർണമായി ഇല്ലാതാക്കി യഥാർത്ഥ മനുഷ്യനെ സൃഷ്ടിക്കാനാണ് ഗുരുദേവൻ ജീവിതത്തിലുടനീളം ശ്രമിച്ചത്. ആധുനിക കാലഘട്ടത്തിലെ മനുഷ്യൻ എങ്ങനെ ആയിരിക്കണമെന്നാണ് ഗുരുദേവൻ ചിന്തിച്ചത്. എല്ലാത്തരത്തിലുമുള്ള അസമത്വങ്ങളും വിഭാഗീയതയും മനുഷ്യൻ നന്നാകുന്നതോടെ അസ്തമിക്കുമെന്ന് ഗുരുദേവൻ പഠിപ്പിച്ചു. ഗുരു പഠിപ്പിച്ച മാനവികതയിലേക്ക് എത്തുകയാണ് നമ്മുടെ ദൗത്യം. മനുഷ്യ ജീവിതത്തിൽ മതത്തിന്റെ പ്രസക്തിയെ ഗുരുദേവൻ റദ്ദ് ചെയ്തു. വിശ്വമാനവികതയുടെ പ്രകാശ കിരണങ്ങളാണ് ഗുരുദർശനത്തിൽ നിറഞ്ഞുനിൽക്കുന്നത്. ലഹരിക്കെതിരായ സന്ദേശം ആദ്യം നൽകിയത് ഗുരുദേവനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. മന്ത്രി അഡ്വ. ബിന്ദു കൃഷ്‌ണ മുഖ്യ പ്രഭാഷണം നടത്തി. എൻ.കെ. പ്രേമചന്ദ്രൻ എം.പി ജയന്തി സന്ദേശം നൽകി. അഡ്വ. വിഷ്ണുമോഹൻ എം.എൽ.എ വിദ്യാഭ്യാസ അവാർഡ് ദാനവും കൊല്ലം മേയർ എ.കെ. ഹഫീസും ഡെപ്യൂട്ടി മേയർ ഉദയ സുകുമാരനും ഘോഷയാത്രയുടെ സമ്മാനദാനവും പ്ലസ്‌ടു സ്കോളർഷിപ്പ് വിതരണവും നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി. സുന്ദരൻ, യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.രാജീവ് കുഞ്ഞുകൃഷ്ണൻ, യോഗം ബോർഡ് അംഗം ആനേപ്പിൽ എ.ഡി. രമേഷ്, വനിതാ സംഘം കൊല്ലം യൂണിയൻ പ്രസിഡന്റ് ഡോ.എസ്.സുലേഖ, സെക്രട്ടറി ഷീല നളിനാക്ഷൻ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് എസ്.അഭിലാഷ്, സെക്രട്ടറി ബി. അഖിൽ, അഡ്വ. കെ. ധർമ്മരാജൻ, യൂണിയൻ കൗൺസിലർമാരായ നേതാജി ബി. രാജേന്ദ്രൻ, ബി. വിജയകുമാർ, പുണർതം പ്രദീപ്, ബി. പ്രതാപൻ, എം.സജീവ്, യൂണിയൻ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. എസ്. ഷേണാജി, ജി. രാജ്‌മോഹൻ, ഇരവിപുരം സജീവൻ, ആർ.ഡി.സി കൺവീനർ ഡോ. സി. അനിതാ ശങ്കർ തുടങ്ങിയവർ പങ്കെടുത്തു. ആർ.ഡി.സി ചെയർമാൻ അനൂപ് എം.ശങ്കർ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |