കൊല്ലം : രണ്ടര വർഷത്തിലേറെക്കാലം തേവലക്കര ഫാമിലി ഹെൽത്ത് സെന്ററിൽ സേവനമനുഷ്ഠിച്ച് നാട്ടുകാരുടെ പ്രിയങ്കരനായ ഡോ. ശബരീനാഥിന് സ്ഥലംമാറ്റം. പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിലേക്കാണ് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്. ഏകദേശം രണ്ടര വർഷം മുമ്പ് തേവലക്കരയിലെത്തിയ ഡോ. ശബരീനാഥ് തന്റെ സൗമ്യമായ സ്വഭാവ സവിശേഷത കൊണ്ട് വളരെ ചുരുങ്ങിയ കാലംകൊണ്ടുതന്നെ രോഗികളുടെയും ഹെൽത്ത് സെന്ററിലെ മറ്റ് ജീവനക്കാരുടെയും നാട്ടുകാരുടെയും ഹൃദയത്തിൽ ഇടം നേടി. ചികിത്സയ്ക്കായി എത്തുന്നവരോട് സൗഹൃദപരമായി ഇടപെടുകയും അവരുടെ ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും ചെയ്തിരുന്ന ഡോക്ടറുടെ സമീപനം ഏറെ ജനപ്രീതി നേടി.
രോഗം കണ്ടെത്തി മരുന്ന് കുറിക്കുന്നതിനപ്പുറം രോഗികളുടെ ആശങ്കകൾ മനസിലാക്കാനും ആവശ്യമായ നിർദേശങ്ങൾ നൽകാനും ഡോക്ടർ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഫാമിലി ഹെൽത്ത് സെന്ററിലെത്തുന്ന നിരവധി പേർക്ക് ശബരീനാഥ് പ്രിയപ്പെട്ട ഡോക്ടറായി മാറി. പുതിയ ദൗത്യത്തിന്റെ ഭാഗമായി പുനലൂർ ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ഓർത്തോ വിഭാഗം ഡോക്ടറായി ശബരീനാഥ് ചുമതലയേൽക്കും. സ്ഥലംമാറ്റം ഔദ്യോഗികമായി സ്വാഭാവിക നടപടിയാണെങ്കിലും, രണ്ടര വർഷത്തെ സേവനത്തിനിടെ ഡോക്ടറുമായി ആത്മബന്ധം രൂപപ്പെട്ട രോഗികൾക്കും മറ്റ് സഹപ്രവർത്തകർക്കും നാട്ടുകാർക്കും വിടവാങ്ങൽ എളുപ്പമല്ല. തേവലക്കരയിലെ ആരോഗ്യസേവനരംഗത്ത് തന്റേതായ സ്നേഹവും കരുതലും അടയാളപ്പെടുത്തിയ ശേഷമാണ് പൂതക്കുളം സ്വദേശിയായ ഡോ. ശബരീനാഥ് പുതിയ ചുമതലയിലേക്ക് യാത്രയാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |