വീടുകളിൽ കയറിയിറങ്ങി വലയ്ക്കുന്നു
പത്തനാപുരം: ചേകം കോങ്കൽ മേഖലയിൽ ഒരാഴ്ചയായി കുരങ്ങുശല്യം അതിരൂക്ഷം. ഇതുവരെ ഈ പ്രദേശത്ത് കുരങ്ങുകളെ കണ്ടിട്ടില്ല. പെട്ടെന്നുണ്ടായ മാറ്റം നാട്ടുകാരെ ഏറെ ആശങ്കയിലാക്കിയിട്ടുണ്ട്.
ആറര കുരങ്ങുകളാണ് പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്. മനുഷ്യവാസ മേഖലയിൽ നിന്ന് എത്തിയതാണെന്ന് സംശയിക്കുന്ന ഇവയ്ക്ക് ആരെയും ഭയമില്ലാത്ത സ്ഥിതിയാണ്. വീടുകളുടെ മേൽക്കൂരകളിലും പുരയിടങ്ങളിലും കയറിയിറങ്ങുന്ന കുരങ്ങുകൾ ഭക്ഷണസാധനങ്ങൾ തട്ടിയെടുക്കുന്നതും കൃഷിവിളകൾ വ്യാപകമായി നശിപ്പിക്കുന്നതും പതിവായിട്ടുണ്ട്. ആളുകൾക്ക് നേരെ ഇതുവരെ നേരിട്ടുള്ള ആക്രമണങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും കുട്ടികൾ പോലും പുറത്തിറങ്ങാൻ ഭയപ്പെടുന്ന സാഹചര്യമാണുള്ളത്.
മുൻപ് ഈ പ്രദേശത്ത് പന്നിശല്യം ഉണ്ടായിരുന്നെങ്കിലും പഞ്ചായത്തിന്റെ ശക്തമായ ഇടപെടലിലൂടെ ആ പ്രശ്നം ഏറെക്കുറെ പരിഹരിക്കപ്പെട്ട നിലയിലാണ്. എന്നാൽ, യാതൊരു സൂചനയും ഇല്ലാതെയാണ് കുരങ്ങുകൾ പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്.
കുരങ്ങ് വിഷയത്തിൽ ശാശ്വത പരിഹാരം കാണുക എന്നത് ബുദ്ധിമുട്ടേറിയ ദൗത്യമാണെന്നാണ് വനം വകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്. ഉയർന്ന ബുദ്ധിശക്തിയുള്ളതിനാൽ കൂട് സ്ഥാപിച്ചാലും മറ്റ് ജീവികളെ പോലെ കുരങ്ങുകൾ പെട്ടെന്ന് അതിൽ കയറണമെന്നില്ല. കൂടാതെ, ഒരിടത്ത് സ്ഥിരമായി തമ്പടിക്കാത്ത സ്വഭാവക്കാരാണ് ഇവ. ആവശ്യത്തിന് ആഹാരം ലഭിക്കുന്ന സ്ഥലങ്ങളിൽ മാത്രമാണ് ഇവർ താത്കാലികമായി നിൽക്കുന്നത്. അതുകൊണ്ട് തന്നെ കുരങ്ങുകൾ സ്വയം സ്ഥലം വിട്ടുപോകുമെന്നാണ് പ്രതീക്ഷ. ആളുകൾക്ക് നേരെ ആക്രമണമുണ്ടായാൽ പ്രതിവിധി കണ്ടെത്താമെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്.
നാട്ടുകാരുടെ ആശങ്ക പരിഹരിക്കാൻ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ജാഗ്രതയോടെയുള്ള തുടർ നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
ചേകം രഞ്ജിത്
മറ്റ് വന്യജീവികളെ അപേക്ഷിച്ച് കുരങ്ങുകളെ പിടികൂടി ശാശ്വത പരിഹാരം കാണുക എന്നത് പ്രായോഗികമല്ല. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സാഹചര്യം വന്നാൽ മാത്രമേ കൂട് സ്ഥാപിച്ചു പിടികൂടുന്നത് പോലെയുള്ള അടിയന്തര നടപടികളിലേക്ക് കടക്കാനാകൂ
അമ്പനാർ ഫോറസ്റ്റ് റേഞ്ച് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |