ഓച്ചിറ: പരബ്രഹ്മക്ഷേത്ര പരിധിയിലെ 52 കരകളിലെ ആബാലവൃദ്ധം ജനങ്ങൾ താളമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ അണിയിച്ചൊരുക്കിയ കെട്ടുകാളകളെ ഓച്ചിറ പടനിലത്തേക്ക് ആനയിച്ച ഇരുപത്തിയെട്ടാം ഓണമഹോത്സവത്തിന്റെ ഉത്സവ ലഹരി രണ്ടാം ദിവസമായ ഇന്നലെയും തുടർന്നു. പടനിലത്ത് പ്രദർശിപ്പിച്ചിരിക്കുന്ന ഇരുനൂറോളം വരുന്ന കെട്ടുകാളകളെ കാണുന്നതിനായി ഇന്നലെയും ആയിരക്കണക്കിന് ജനങ്ങളാണ് എത്തിച്ചേർന്നത്.
ജനസാഗരമായി പടനിലം
ഉയരത്തിന്റെ അടിസ്ഥാനത്തിൽ നിർദ്ദിഷ്ട സ്ഥലങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്ന കെട്ടുകാളകളെ കാണുന്നതിനും ചിത്രങ്ങൾ പകർത്തുന്നതിനും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പടനിലത്ത് പ്രദർശിപ്പിച്ചിരിക്കുന്ന എല്ലാ വലിയ കെട്ടുകാളകളുടെയും മുന്നിൽ ഇന്നലെ വൈകിട്ട് തിരുവാതിര, ഭജൻ, നാടൻപാട്ട്, ഫ്യൂഷൻ തുടങ്ങിയ വിവിധ കലാരൂപങ്ങൾ അരങ്ങേറി. വർണ്ണശബളവും ശബ്ദമുഖരിതവുമായിരുന്നു ഇന്നലെ രാത്രി ഓച്ചിറ പടനിലം. സെപ്തംബർ 27 വരെ കെട്ടുകാള പ്രദർശനം തുടരും. വരും ദിവസങ്ങളിലും കൂടുതൽ ഭക്തജനങ്ങൾ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സാങ്കേതിക തടസ്സങ്ങളും മാറ്റങ്ങളും
സാങ്കേതിക തടസങ്ങൾ കാരണം പുതുതായി നിർമ്മിച്ച അഞ്ച് വലിയ കെട്ടുകാളകൾക്ക് ആദ്യദിവസം ക്ഷേത്രത്തിൽ എത്തിച്ചേരുന്നതിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് പറയണത്ത് മുക്ക് സമിതിയുടെ 'അസുരാധിപതി കാലകേയൻ', ഗോവിന്ദമുട്ടം തൃക്കണ്ണൻ സമിതിയുടെ 'കലിംഗഭീമൻ', മുട്ടത്ത് മണ്ണേൽ പൗരസമിതിയുടെ 'ശിവസ്വരൂപൻ' എന്നീ കെട്ടുകാളകൾ ഏറെ വൈകിയാണ് പടനിലത്ത് എത്തിച്ചേർന്നത്.
എന്നാൽ, ചങ്ങൻകുളങ്ങര യുവമന്ത്രയുടെ 'രൗദ്രസ്കന്ദൻ', ചിറക്കടവം യുവജനസമിതിയുടെ 'വീരഭദ്ര മഹാദേവൻ' എന്നീ കെട്ടുകാളകൾക്ക് ക്ഷേത്രത്തിൽ എത്തിച്ചേരാൻ സാധിച്ചില്ല. ദേശീയപാതയിൽ ഗതാഗതതടസം ഉണ്ടാകുമെന്നതിനാൽ അധികൃതരുടെ നിർദ്ദേശാനുസരണം തടസമുണ്ടായ സ്ഥലത്ത് വെച്ചുതന്നെ ഇവ പൊളിച്ചുനീക്കുവാൻ തീരുമാനിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |